ആര്‍എസ്പി തിരിച്ചെത്തിയാല്‍ സീറ്റ് നല്കുന്നതു പരിഗണിക്കും: സിപിഎം
തിരുവനന്തപുരം 9 മാര്‍ച്ച്; ആര്‍എസ്പി എല്‍.ഡി.എഫില്‍ തിരിച്ചെത്തിയാല്‍ സീറ്റ് നല്‍കുന്നത് പരിഗണിക്കുമെന്ന് സിപിഎം കേന്ദ്രനേതൃത്വം. സിറ്റിങ് സീറ്റൊഴിച്ച് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. സി.പി.എം. നിലപാടാണ് ആര്.എസ്.പി. മുന്നണിവിടാന്‍ കാരണമെന്നതിന് അടിസ്ഥാനമില്ല. സീറ്റ് ഉള്‍പ്പെടെ തീരുമാനമെടുക്കേണ്ടത് എല്‍.ഡി.എഫ്. യോഗത്തിലാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി യോഗം വിലയിരുത്തി. എന്നാല്‍ ഇനി കൊല്ലം സീറ്റ് തരാമെന്ന് പറഞ്ഞാലും എല്ഡിഎഫിലേക്കില്ലെന്നു ആര്‍എസപി നേതൃത്വം വ്യക്തമാക്കി.
ഇടതുമുന്നണി വിടാനുള്ള തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്നമില്ലെന്നും ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു സീറ്റ് വേണമെന്നു മുന്‍പു രണ്ടുതവണ തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും അംഗീകരിച്ചില്ല. മന്ത്രിയെ പിന്‍വലിക്കുമെന്നും ഒറ്റയ്ക്കു മല്‍സരിക്കുമെന്നും അപ്പോള്‍ അറിയിച്ചിരുന്നു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം ആര്എസ്പിയാണു പുനഃപരിശോധന നടത്തിയത്. ദേശീയതലത്തിലുള്ള ഇടതുപക്ഷ ഐക്യത്തിന്റെ പേരില്‍ സിപിഎം തങ്ങളെ കെട്ടിയിടുകയായിരുന്നു. പത്തനംതിട്ട സീറ്റ് ആര്‍എസ്പി ചോദിച്ചില്ല. എങ്കിലും അതേക്കുറിച്ചു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ഉഭയകക്ഷി ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതു തങ്ങള്‍ക്ക് അറിയില്ലെന്നാണു പിണറായി വിജയനും വൈക്കം വിശ്വനും പറഞ്ഞതെന്നും അസീസ് ചൂണ്ടിക്കാട്ടി.