സാമ്പത്തിക വളര്ച്ചെയുടെ കേന്ദ്രമാക്കി മാറ്റുമെന്ന്
ബെര്‍ലിന്‍: ഇന്ത്യയെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രിരാഷ്ട്ര പര്യടനത്തിനിടെ ഇവിടെ വ്യവസായ പ്രമുഖരുമായി സംസാരിക്കുകയായിരുന്നു മോദി.ജര്‍മ്മനിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബവുമായി മോദി കൂടിക്കാഴ്ച നടത്തി. ജര്‍മ്മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രികാനഡയിലേക്ക് തിരിച്ചു.
നേതാജിയുടെ തിരോധാനത്തിനുശേഷം രണ്ടുപതിറ്റാണ്ടിലേറെ അദ്ദേഹത്തിന്റെ കുടുംബം സര്‍ക്കാര്‍ നിരീക്ഷണത്തിലായിരുന്നെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെളിപ്പെടുത്തലിനു പിറകെയാണ് സുഭാഷ് ചന്ദ്ര ബോസിന്റെ പേരക്കുട്ടിയും ബര്‍ലിനിലെ പ്രമുഖ വ്യാപാരിയുമായ സൂര്യ ബോസുമായി മോദി കൂടിക്കാഴ്ച നടത്തിയത്. ഹാംബര്‍ഗില്‍ നേതാജിയുടെ നേതൃത്വത്തില്‍ രൂപവത്കരിക്കപ്പെട്ട ഇന്തോ- ജര്‍മന്‍ അസോസിയേഷന്റെ പ്രസിഡന്റാണ് സൂര്യ ബോസ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം നെഹ്റു, ശാസ്ത്രി, ഇന്ദിര സര്‍ക്കാറുകള്‍ നേതാജിയുടെ കുടുംബത്തെ നിരീക്ഷിച്ചിരുന്നെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്.
ഫ്രാന്‍സിലെ വ്യവസായ ലോകവുമായി സംവദിച്ചതിനു ശേഷം ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി അവിടെയും വ്യവസായികള്‍ക്കു മുന്നില്‍ ഇന്ത്യയുടെ നിക്ഷേപസൗഹൃദ അന്തരീക്ഷത്തെപ്പറ്റിയുള്ള വിവരണത്തിനാണു മുന്‍തൂക്കം നല്‍കിയത്. ഇനി കാനഡയിലേക്കാണു പ്രധാനമന്ത്രിയുടെ യാത്ര. എല്ലാ പൗരന്മാരെയും ഒപ്പം ചേര്‍ത്തുള്ള സാമൂഹികസാമ്പത്തിക വികസനമാണു തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയുമായി കുടുതല്‍ വാണിജ്യകരാറുകള്‍ തുടങ്ങാന്‍ ജര്‍മ്മനി പദ്ധതിയിടുന്നതായി ജര്‍മ്മന്‍ ചാന്‍സിലര്‍ ഏന്‍ജല മെര്ക്കല്പ്രസ്താവിച്ചു.