രണ്ടു മാസത്തെ മ്യാന്മര്‍ വാസത്തിനു ശേഷം രാഹുല്‍ഗാന്ധി തിരിച്ചെത്തി

ദില്ലി : ആശങ്കകള്‍ക്കും, അനിശ്ചിതത്വതിനും വിരാമമിട്ടു രാഹുല്‍ ഗാന്ധി ദില്ലിയില്‍ തിരിച്ചെത്തി. കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയ 56 ദിനങ്ങള്‍ക്ക്‌ ശേഷമാണ് രാഹുല്‍ തിരിച്ചെത്തിയത്‌. രണ്ടു മാസമായി മ്യാന്‍മറിലായിരുന്നു രാഹുല്‍ എന്നാണു കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. രാഹുലിന്റെ വരവ് അറിഞ്ഞ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും രാവിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തി. രാഹുലിന്റെ അജ്ഞാതവാസവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് പരന്നത്. പക്ഷെ രാഹുല്‍ എവിടെയാണെന്ന് വ്യക്തമായിരുന്നില്ല. രാഹുലിന്റെ മണ്ഡലമായ അമേഠിയില്‍ പ്രതിഷേധം ശക്തമായപ്പോള്‍ സോണിയ മണ്ഡലത്തില്‍ നേരിട്ടെത്തി ജനങ്ങളെ ശാന്തരാക്കിയിരുന്നു. തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കേണ്ട രാഹുൽ അവധിയെടുത്ത് മുങ്ങിയതിൽ പാർട്ടി നേതാക്കളും പ്രവർത്തകരും അമർഷത്തിലായിരുന്നു. പാർലമെന്റ് സമ്മേളനം തുടങ്ങിയതിന് പിന്നാലെയായിരുന്നു രാഹുല്‍ അപ്രത്യക്ഷനായത്. രാഹുലിന്റെ നേതൃപാടവത്തെക്കുറിച്ച് സംശയമുണ്ടെന്നും സോണിയ തന്നെ നേതൃ സ്ഥാനത്തുനിന്ന് തുടരണമെന്നും കഴിഞ്ഞ ദിവസം ഡൽഹി കോണ്‍ഗ്രസ്‌ നേതാവ് ഷീലാ ദീക്ഷിത് പറഞ്ഞത് വിവാദമായിരുന്നു. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *