പ്രകൃതിയെ ‘കണ്ടു’പഠിക്കുന്നു

തിരുവനന്തപുരം: നാട്ടിന്‍പുറങ്ങളിലെ മുതിര്‍ന്നവര്‍ക്കുപോലും അറിയാത്ത ഔഷധസസ്യങ്ങള്‍ ചിറയിന്‍കീഴിലെ പാലവിള ഗവ. യു.പി. സ്‌കൂളിലെ കുട്ടികളോടു ചോദിച്ചാല്‍ കൊണ്ടുപോയി കാണിച്ചുതരും. ഇത്തരമൊരു തിരിച്ചറിവിനായി അവരെ സഹായിച്ചത് സ്‌കൂളില്‍തന്നെ നട്ടുനനച്ച് പരിപാലിക്കുന്ന ആയുര്‍വേദ സസ്യങ്ങളുടെ തോട്ടമാണ്. പുതിയ തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ഔഷധസസ്യങ്ങള്‍ ഇവിടെ തഴച്ചുവളര്‍ന്ന് നില്‍ക്കുന്നു. ചിറ്റാടലോടകം, ശതാവരി, പുളിയാറില,എശക്, നറുനീണ്ടി, തിപ്പലി, കാട്ടുളളി, കച്ചോലം, മുറികൂടി, വയമ്പ് എന്നിവ അവയില്‍ ചിലതുമാത്രം. പൂജപ്പുര ആയുര്‍വേദ ആശുപത്രിയുമായി ചേര്‍ന്നാണ് ഇത്തരമൊരു പദ്ധതി സ്‌കൂളില്‍ നടപ്പിലാക്കിയത്. പരിസ്ഥിതിസൗഹൃദ വിദ്യാലയമെന്ന നിലയില്‍ സ്‌കൂളിനെ ഉയര്‍ത്താന്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് ചെയ്തുവരുന്നത്.

തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, ചീര, തുടങ്ങി ഗ്രോബാഗിലെ പച്ചക്കറിക്കൃഷിയും വിജയകരമായി നടക്കുന്നു. കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം തയ്യാറാക്കുമ്പോള്‍ ജൈവളം മാത്രമുപയോഗിച്ച് കൃഷിചെയ്ത ഈ പച്ചക്കറികള്‍ ഉപയോഗിക്കുന്നു. പ്രകൃതിയില്‍ മരങ്ങള്‍ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞ കുട്ടികള്‍ വൃക്ഷപരിചരണത്തിനും പ്രത്യേകം ശ്രദ്ധ കൊടുക്കുന്നുണ്ട്. പവിഴമുല്ലയും ചതുരമുല്ലയും പൂത്തുലഞ്ഞ തോട്ടവും പുല്‍ത്തകിടിയും സ്‌കൂളിനെ കൂടുതല്‍ മനോഹരമാക്കുന്നു. മുറ്റത്ത് തറയോടും ക്ലാസ്മുറികളില്‍ ടൈലും പാകി ശിശുസൗഹൃദ വിദ്യാലയമെന്ന നിലയില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ എസ്.എസ്.എയുടെ ഫണ്ടായ 15,35,000 രൂപയാണ് സ്‌കൂളിന്റെ നവീകരണത്തിനായി ചെലവഴിച്ചത്. ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് ചെലവഴിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകളും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്‌കൂളിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന്റെയും നാട്ടുകാരുടേയും സ്‌നേഹപൂര്‍ണ്ണമായ സേവനങ്ങള്‍ എപ്പോഴുമുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് സ്‌കൂളില്‍ ഭൂരിഭാഗവും. സ്‌കൂളില്‍ പഠിക്കുന്നതില്‍ 111 പേര്‍ പട്ടികജാതി വിഭാഗക്കാരാണ്. ഈ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസവും ജീവിതനിലവാരവും ഉയര്‍ന്ന ചിന്താഗതിയും നേടിയെടുക്കാന്‍ 1902 ല്‍ ആരംഭിച്ച ഈ സ്‌കൂളും അതിന്റെ പശ്ചാത്തലവും സഹായിക്കുന്നു.

 

Add a Comment

Your email address will not be published. Required fields are marked *