തിരുവന്തപുരത്ത് ഗോഡ്‌സെയ്ക്ക് സ്മാരകം പണിയും: സ്വാമി പ്രണവാനന്ദ

ബംഗളുരു: മഹാത്മാ ഗാന്ധിയെ വെടിവച്ചു കൊന്നതിനു തൂക്കില്‍ ഏറ്റിയ നാഥുറാം വിനായക് ഗോഡ്‌സെയ്ക്ക് തിരുവന്തപുരം ഉള്‍പ്പെടെ കേരളത്തിലെ നാല് നഗരങ്ങളില്‍ സ്മാരകം പണിയുമെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി സ്വാമി പ്രണവാനന്ദ. തിരുവനന്തപുരം, കൊച്ചി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഗോഡ്സേയുടെ പൂര്‍ണകായ പ്രതിമ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി സ്വാമി പ്രണവാനന്ദ ഹിന്ദുസ്ഥാന്‍ സമാചാറിനോട് പറഞ്ഞു.

 

ഗോഡ്‌സെ ഒരു രാജ്യസ്‌നേഹിയും അതിനുപരി ഹൈന്ദവസ്‌നേഹിയുമാണ്. അദ്ദേഹത്തിന് പ്രതിമ സ്ഥാപിക്കുന്നതില്‍ ഒരു അപാകതയും ഇല്ല . ടിപ്പുവിനും ഔറംഗസേബിനും അതുപോലെ മറ്റു പലര്‍ക്കും സ്മാരകങ്ങള്‍ പണിയാമെങ്കില്‍ രാജ്യസ്‌നേഹിയായ ഗോഡ്‌സേയ്ക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന് സ്വാമി ചോദിക്കുന്നു.

കര്‍ണാടകത്തിലും ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായി സാവാമി പറഞ്ഞു.

ഗോഡ്സേയുടെ അഞ്ചടിപൊക്കമുള്ള പ്രതിമ മംഗളൂരുവില്‍ വൈകാതെ സ്ഥാപിക്കും. കൂടാതെ  ബെല്ലാരി, ചിത്രദുര്‍ഗ,ബെംഗളൂരു, മൈസൂരു, വിജയപുര എന്നിവിടങ്ങളിലും പ്രതിമ സ്ഥാപിക്കും എന്ന് സ്വാമി പ്രണവാനന്ദ പറഞ്ഞു.

1948 ജനുവരി 30  വൈകിട്ട് 5.17 ന്,  ദില്ലി യിലെ ബിര്‍ള ഹൌസില്‍ പ്രാര്‍ത്ഥനായോഗത്തിന് എത്തിയ ഗാന്ധിജിയെ തൊട്ടടുത്ത്‌ നിന്ന് നിറയൊഴിച്ചു കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്സെയെ 1959  നവംബര്‍ 15 ന് പഞ്ചാബിലെ അംബാലാ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റി.

“ഞാന്‍ ഒരു ഹിന്ദുവാണ് അതുകൊണ്ട് പുനര്‍ ജന്മത്തില്‍ വിശ്വസിക്കുന്നു. എന്നെ തൂക്കികൊല്ലും എന്നത് ഉറപ്പാണ്‌. അകല മരണം ആയതിനാല്‍ പുനര്‍ജ്ജന്മം കിട്ടുംവരെ എന്റെ ആത്മാവ് ഇവിടെ അലഞ്ഞു നടക്കും. ഗന്ധിക്കൊപ്പം എനിക്കും ജന്മം നല്‍കാന്‍ ഞാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. വീണ്ടും ഗാന്ധിയെ വധിക്കാന്‍” എന്ന് മുബൈ ആര്‍തര്‍ റോഡ്‌ ജയിലില്‍ തന്നെ ചോദ്യം ചെയ്ത പോലീസ് സംഘത്തോട് ഗോഡ്സെ പറഞ്ഞതായി  സംഘത്തില്‍ ഉണ്ടായിരുന്ന ബാബു ഹരിഹര്‍ സിംഗ് (96) എന്ന പോലീസ്കാരന്‍ പറഞ്ഞതായി അടുത്തിടെ വാര്‍ത്ത‍ വന്നിരുന്നു.

അടുത്തിടെ ഒരു ബിജെപി ലോക സഭാംഗം ഗോഡ്സെയെ രാജ്യസ്നേഹി എന്ന് വിശേഷിപ്പിച്ചതും അതുപോലെ ദില്ലിക്കടുത്ത് മീററ്റില്‍ നാഥുറാം ഗോഡ്‌സെയ്ക്ക് ക്ഷേത്രം പണിയാന്‍ ഭൂമി പൂജ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടന്നതും വിവാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

.

Add a Comment

Your email address will not be published. Required fields are marked *