ഐശ്വര്യവും, സമൃദ്ധിയും നിറച്ച് ഒരു വിഷുകൂടി

തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ സമാചാര്‍ : ഇത്തവണ കൊന്ന കാലം തെറ്റി പൂത്തില്ല. അതുകൊണ്ട് തന്നെ ഇത്തവണ വിഷുവിനു കൊന്ന സുലഭം. ഇന്ന് വിഷു. പുതുവര്‍ഷാരംഭം. മേടം ഒന്നിന് കൊല്ലം പിറക്കുന്നു. ആ ദിനം വിഷുക്കണിയോടെ തുടങ്ങുകയും ചെയ്യുന്നു. വിഷു സമൃദ്ധിയുടെ സൂചകം കൂടിയാണ്. വിഷു ആഘോഷവും ആകുന്നു. കൊന്നയും കൃഷ്ണനുമാണ് വിഷു. കൊന്നയാണ് കണി. കാല പുരുഷന്റെ കിരീടമാണ് കണിക്കൊന്നപ്പൂക്കള്‍. കൊന്ന ഊര്‍ജ്ജദായകമാണ്. അത് സമൃദ്ധികൂടി നിറയ്ക്കുന്നു. അതുകൊണ്ട് തന്നെ കണി ഐശ്വര്യദായകം കൂടിയാണ്. കണി നന്മ-തിന്മയെക്കൂടി പ്രതിഫലിപ്പിക്കുന്നു. നന്മ വേണമെങ്കില്‍ കണി നന്നായിരിക്കണം. കലി വര്‍ഷവും ശകവര്‍ഷവും തുടങ്ങുന്നത് മേട വിഷുവിനാണ്. നമ്മള്‍ ആഘോഷിക്കുന്നതും ഈ മേടവിഷുവിനെ തന്നെയാണ്. അറിവിന്റെ നിറവാകണം വിഷുക്കണി. ഓട്ടുരുളിയില്‍ കണി മിന്നുമ്പോള്‍ അത് ഫലം കൂടി തരും. അതുകൊണ്ട് തന്നെ വിഷുവിനു കണി കണ്ടു നാമുണരുന്നു. ഒപ്പം കൈനീട്ടം കൂടി നല്‍കുന്നു. ഇതൊരു ആണ്ടിന്റെ ഫലം തരുന്നതാണ്. കാര്‍ഷികപരമായി വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് വിഷുദിനം. സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ പ്രതീകമായാണ് വിഷു ആഘോഷിക്കുന്നതെനാണ് ഒരു ഐതീഹ്യം. മറ്റൊന്ന് രാവണന്റെ കാലത്ത് സൂര്യനെ നേരെ ചൊവ്വേ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ അകത്തു ചെന്നത് രാവണന് ഇഷ്ടപ്പെടാതതാണ് കാരണം. ശ്രീരാമന്‍ രാവണ നിഗ്രഹം നടത്തിയശേഷമാണ് സൂര്യന്‍ നേരെ കിഴക്ക് ഉദിച്ചത് എന്നാണു വേറൊരു ഐതീഹ്യമുള്ളത്. വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ചുവാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതീഹ്യങ്ങളില്‍ ഇങ്ങിനെ വിഷു നിറയുന്നുണ്ടെങ്കിലും വിഷു മലയാളിക്ക് സ്വന്തമാണ്. വിഷുക്കണി, വിഷു സദ്യ, പടക്കങ്ങള്‍. മലയാളിയുടെ മനസ്സുകളില്‍ വിഷു നിറയുന്നത് ഇങ്ങിനെയാണ്‌. വിഷു മലയാളി ആഘോഷിക്കുമ്പോള്‍ എവിടെയോ നിന്ന് വിഷുപ്പക്ഷിയുടെ കുറുകല്‍ക്കൂടി ഉണ്ട്. ആ പാട്ടുകൂടി ശ്രവിച്ചു വേണം നമ്മള്‍ വിഷുപ്പെരുമ ആഘോഷിക്കാന്‍. (മനോജ്‌)

Add a Comment

Your email address will not be published. Required fields are marked *