‘ഇതെന്തൊരു തള്ളാണെന്റെ രാജേട്ടാ…’; സി.പി.ഐ മന്ത്രിയെ പരിഹസിച്ച് എം സ്വരാജ്
എറണാകുളം: പച്ചക്കള്ളം പറയാന്‍ മടിയില്ലാത്തവരാണ് ജില്ലയില്‍ സിപിഐയെ നയിക്കുന്നതെങ്കില്‍ എറണാകുളം ജില്ലയില്‍ ഉടനെ ജനാധിപത്യ വിപ്ലവം നടക്കാനിടയുണ്ടെന്ന് എം.സ്വരാജ്. ജീവിതത്തില്‍ ഇതുവരെ താന്‍ ഒരു സിപിഐ ഓഫീസിലും കടന്നുചെന്നിട്ടില്ല. സിപിഎമ്മിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സിപിഐ ഓഫീസില്‍ താന്‍ ചെന്നുവെന്ന എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് എം.സ്വരാജ് ഇത്തരമൊരു ആരോപണം ഉന്നയിച്ചത്. സിപിഎമ്മിനെ കുറിച്ച് പരാതി പറയാന്‍ താന്‍ സിപിഐയില്‍ ചെന്നു എന്നൊക്കെ പറയാന്‍ കാണിച്ച ആ തൊലിക്കട്ടിയ്ക്ക് നെബേല്‍ സമ്മാനം കൊടുത്താലും മതിയാകില്ലെന്നും സ്വരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഇതെന്തൊരു തള്ളാണെന്റെ രാജേട്ടാ…’ എന്ന് ചോദിച്ചുകൊണ്ടാണ് സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയിരിക്കുന്നത്. കാല് നൂറ്റാണ്ടായി സിപിഐയുടെ ജില്ലാ കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചയാള്‍ പാര്‍ട്ടി വിട്ട് സിപിഎം വേദിയില്‍ കടന്നുവന്നതിന്റെ വിഭ്രാന്തി കൊണ്ടാണെങ്കിലും ഇങ്ങനെതൊക്കെ വെച്ചുകാച്ചാമോ എന്നും സ്വരാജ് ചോദിക്കുന്നു. സിപിഐ ഓഫീസില്‍ കാലു കുത്തില്ലെന്ന് ശപഥം എടുത്തതു കൊണ്ടല്ലെന്നും, മറിച്ച് അതിന്റെ ആവശ്യം വന്നിട്ടില്ലാത്തതിനാലാണ് അവരുടെ ഓഫീസില്‍ ഇതുവരെ കയറാത്തതെന്നും തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്ന പി.രാജുവിനെപ്പോലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് പരിചയപ്പെടുന്നതെന്നും സ്വരാജ് പറയുന്നു.
സിപിഎമ്മില്‍ ഗ്രൂപ്പിസവും വ്യക്തിപൂജയുമാണ് നടക്കുന്നതെന്ന് കുറ്റപ്പെടുത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സിപിഐയുടെ സഹായം ആവശ്യപ്പെട്ടുകൊണ്ടാണ് എം.സ്വരാജ് എത്തിയതെന്നാണ് പി.രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. ഉദയംപേരൂരില്‍ പാര്‍ട്ടിവിട്ട സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതാണ് ജില്ലയില്‍ സിപിഐസിപിഎം വാഗ്വാദത്തിന് വഴിവെച്ചിരിക്കുന്നത്.