അവയവദാനത്തിന് പിന്നിലെ തട്ടിപ്പിനെക്കുറിച്ച് ശ്രീനിവാസന്‍ പറഞ്ഞത് സത്യമോ?

നാല് മസ്തിഷ്‌ക മരണങ്ങളിലെ മാത്രം ലാഭം 248 ലക്ഷം രൂപ

കേരളത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ നടന്ന നാലു മസ്തിഷ്‌ക മരണങ്ങളെക്കുറിച്ചും, ഇതിന്റെ തുടര്‍ച്ചയായി നടന്ന അവയവ കച്ചവടങ്ങളെക്കുറിച്ചും മൈമോ ലൈവ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങളാണ് ഇവിടെ വെളിപ്പെടുത്തുന്നത്. കേരള മനസാക്ഷിയെ തന്നെ പിടിച്ചുലക്കുന്ന കച്ചവടമാണ് മസ്തിഷ്‌ക മരണങ്ങളുടെ പിറകില്‍ നടന്നിരിക്കുന്നത്. തികച്ചും ദാനമായി നല്‍കുന്ന അവയവങ്ങള്‍ സ്വീകരിക്കുന്നതിന് വേണ്ടിവരുന്നത് ലക്ഷങ്ങളുടെ ചികിത്സാ ചെലവാണ്.

മൂന്ന് മാസം മുന്‍പ് മരിച്ച വിശാല്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ അവയവങ്ങള്‍ കച്ചവടം ചെയ്ത കണക്കില്‍ നിന്നും തുടങ്ങാം. ജൂലൈ പതിനാറാം തീയതി അപകടത്തില്‍പ്പെട്ട് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്ത വിശാലിന് 18നാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് മൃതസഞ്ജീവനി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വിശാലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയ്യാറാവുകയായിരുന്നു. വിശാലിന്റെ ഹൃദയം തൃശൂര്‍ പട്ടിക്കാട് സ്വദേശിനി സന്ധ്യക്കും, കിഡ്‌നികള്‍ പനവൂര്‍ സ്വദേശി ഫക്രുദ്ധീന്, വിതുര സ്വദേശി രാജേഷ് എന്നിവര്‍ക്കുമാണ് ദാനം ചെയ്തത്. നെടുമങ്ങാട് സ്വദേശി പ്രിയയാണ് കരള്‍ സ്വീകരിച്ചത്.

ഇതില്‍ ഹൃദയം വാങ്ങിയ സന്ധ്യ എറണാകുളം ലിസി ആശുപത്രിയിലായിരുന്നു ചികിത്സ തേടിയത്. ചികിത്സക്കായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു. വിശാലിന്റെ കിഡ്‌നി സ്വീകരിച്ചവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ ആയിരുന്നു ചികിത്സയ്ക്കായി സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഇവര്‍ക്കോരോരുത്തര്‍ക്കും ഒന്നര ലക്ഷം രൂപയോളമേ ചെലവ് വന്നുള്ളൂ. വിശാലിന്റെ കരള്‍ സ്വീകരിച്ച പ്രിയ ചികിത്സ തേടിയത് തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ്. പ്രിയക്ക് വന്ന ചികിത്സാ ചെലവ് 20 ലക്ഷം രൂപയായിരുന്നു. അതായത് ദാനമായി നല്‍കിയ വിശാലിന്റെ അവയവങ്ങള്‍ക്കായി സ്വീകര്‍ത്താക്കള്‍ക്ക് വിവിധ ആശുപത്രികളില്‍ ചെലവഴിക്കേണ്ടി വന്നത് ആകെ മൊത്തം 53 ലക്ഷം രൂപ.

തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയും എസ്എഫ്‌ഐ സജീവ പ്രവര്‍ത്തകനുമായ 21കാരന്‍ അനന്ദിന്റേതാണ് അടുത്ത മസ്തിഷ്‌ക മരണം. ആനന്ദ് തന്റെ 5 അവയവങ്ങളാണ് ദാനം ചെയ്തത്. അപകടത്തില്‍ പരുക്കേറ്റ ആനന്ദിനെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മൂന്നാംനാള്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയുമായിരുന്നു. ആനന്ദിനൊപ്പം സുഹൃത്തായ ശങ്കര്‍ കൂടി അപകടത്തില്‍പ്പെട്ടിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ശങ്കറിന് സ്വാഭാവിക മരണം സംഭവിച്ചു. ഇപ്പോള്‍ നമുണ്ടാവുന്ന സംശയം എന്തുകൊണ്ട് ശങ്കറിന്റേത് മസ്തിഷ്‌ക മരണമായില്ലെന്നും, എന്തുകൊണ്ട് ശങ്കറിന്റെ അവയവങ്ങള്‍ ദാനം ചെയ്തില്ലെന്നുമായിരിക്കും. അവയവം ആവശ്യമുള്ള ആളുടെ ബ്ലഡ് ഗ്രൂപ്പ് മുതലായ ശരീര മാച്ചുകള്‍ മസ്തിഷ്‌ക മരണം സംഭവിക്കുന്നവര്‍ക്കും ഉണ്ടായാല്‍ മാത്രമേ അവയവങ്ങള്‍ മാറ്റി വെക്കാന്‍ കഴിയൂ എന്നതാണ് അതിനുള്ള ഉത്തരം.

46കാരനായ തിരുവനന്തപുരം സ്വദേശി ഷാജി വര്‍ഗീസാണ് ആനന്ദിന്റെ കരള്‍ സ്വീകരിച്ചത്. വൃക്കകള്‍ വര്‍ക്കല സ്വദേശി സുബി(33), കൊല്ലം സ്വദേശി അബ്രഹാം സുനില്‍ എന്നിവര്‍ സ്വീകരിച്ചു. മൂവരും കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും മാറ്റി. കരള്‍ മാറ്റിവെക്കലിന് 20 ലക്ഷം രൂപയും, കിഡ്‌നികള്‍ക്കായി 7 ലക്ഷം രൂപ വീതവുമാണ് കിംസ് ആശുപത്രി ഈടാക്കിയത്. അതായത് ആനന്ദിന്റെ അവയവങ്ങള്‍ മാറ്റിവെച്ചതുവഴി കിംസ് നേടിയത് 34 ലക്ഷം രൂപ.

മണ്ണാറശ്ശാല സ്വദേശി വിഷ്ണുവിനാണ് (25) അടുത്ത മസ്തിഷ്‌ക മരണം സംഭവിച്ചത്. സെപ്റ്റംബര്‍ 12നായിരുന്നു ഇത്. സെപ്റ്റംബര്‍ 11ന് ബൈക്കപകടത്തില്‍ പരിക്കേറ്റ വിഷുവിനെ ആദ്യം ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് എറണാകുളം വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലേക്കും എത്തിച്ചു. ഇവിടെ വെച്ചായിരുന്നു വിഷ്ണുവിന്റെ മസ്തിഷ്‌ക മരണം. വിഷ്ണുവിന്റെ ഇടത് വൃക്ക അതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശി രതീഷ് കുമാറിനും, വലത് വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പവനനുമാണ് നല്‍കിയത്. ചെറുകുടല്‍ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു പള്ളുരുത്തി സ്വദേശി അനൂപ് ആന്റണിയും, കരള്‍ ആസ്റ്റര്‍ മെഡി സിറ്റിയില്‍ ചികിത്സ തേടിയിരുന്ന കോട്ടയം സ്വദേശി ജോജോ ജേക്കബും സ്വീകരിച്ചു. ഹൃദയം ലിസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സിസ്റ്റര്‍ ജോളി ജോര്ജിന് നല്‍കി.

വിഷ്ണുവിന്റെ വൃക്കയ്ക്ക് രതീഷ് ചെലവാക്കിയത് 7.5 ലക്ഷം രൂപയും, പവനന്‍ മുടക്കിയത് 2 ലക്ഷം രൂപയുമാണ്. കരള്‍ സ്വീകരിച്ച ജോജോ ജേക്കബ് സര്‍ജറി കഴിഞ്ഞ് 10 ദിവസത്തിനു ശേഷം മരണമടഞ്ഞു. അതിനാല്‍ ഈ ശസ്ത്രക്രിയയ്ക്കു വേണ്ടിവന്ന കൃത്യമായ ചികിത്സാ ചെലവ് അറിയാന്‍ സാധിച്ചില്ല. എങ്കിലും സ്വകാര്യ ആശുപതികളില്‍ കരള്‍ മാറ്റിവെക്കാന്‍ ചെലവാകുന്നത് ചുരുങ്ങിയത് 20 ലക്ഷം രൂപയാണ്. ഇവിടെയും അത് വാങ്ങിയിരിക്കും എന്നുവേണം കരുതാന്‍. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച സിസ്റ്റര്‍ ജോളിയുടെ ചികിത്സാ ചെലവും പുറത്തു വിടാന്‍ തയ്യാറായില്ല. അതും 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ പ്രതീക്ഷിക്കാം. ഇനിയിപ്പോള്‍ ഒരു സിസ്റ്റര്‍ ആയതുകൊണ്ട് എന്തെങ്കിലും ഇളവ് കിട്ടിയെങ്കില്‍ മാത്രം ഇതില്‍ കുറവ് വരാം. വിഷ്ണുവിന്റെ ചെറുകുടല്‍ സ്വീകരിച്ച അനൂപ് ആന്റണി 23 ലക്ഷം രൂപയാണ് ഇതുവരെ ചെലവാക്കിയത്. എന്നാല്‍ ആശുപത്രിയില്‍ നിന്നിറങ്ങുമ്പോഴേക്കും അത് 45 ലക്ഷത്തിലധികമാവും എന്നാണത്രെ മുന്‍പ് ഇവിടെ ഇത്തരം ചികിത്സ തേടിയവര്‍ പറയുന്നത്. അങ്ങിനെ വരുമ്പോള്‍ വിഷ്ണുവിന്റെ അവയവങ്ങള്‍ക്കെല്ലാം കൂടി വിവിധ ആശുപത്രികളില്‍ ചെലവായത് 99.5 ലക്ഷം രൂപയോളം.

പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശരത്തിന്റേതാണ് ഏറ്റവും ഒടുവിലത്തെ മസ്തിഷ്‌ക മരണം. സെപ്റ്റംബര്‍ 15നായിരുന്നു ഇത്. അപകടത്തെ തുടര്‍ന്ന് എറണാകുളത്തെ വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലാണ് ശരത്തിനെ പ്രവേശിപ്പിച്ചത്. ഇവിടെവെച്ച് തന്നെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചതും. തുടര്‍ന്ന് ശരത്തിന്റെ വൃക്കകള്‍ അതേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷെറിന്‍, ഷിജി സുനോജ് എന്നിവര്‍ക്ക് നല്‍കി. കരള്‍ പിവിഎസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃശൂര്‍ സ്വദേശി അരവിന്ദനും, ഹൃദയം അമൃതാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി സീന രാജുവിനും നല്‍കി.

ചെലവുകള്‍ ഇങ്ങനെ വൃക്ക സ്വീകരിച്ച ഷിജി സുനോജ് 6 ലക്ഷം രൂപ അടച്ചപ്പോള്‍ (ചിലപ്പോള്‍ പത്തു ലക്ഷം രൂപവരെ ആവാം) ഷെറിന്‍ അടച്ച തുക പുറത്തു പറയാന്‍ തയ്യാറായില്ല. ഒരേ ആശുപത്രി ആയതുകൊണ്ട് ഷിജി അടച്ച തുക തന്നെ കണക്കാക്കാം. ഹൃദയം സ്വീകരിച്ച സീന 6 ലക്ഷം രൂപ അടച്ചു കഴിഞ്ഞെന്നും ഇനി 14 ലക്ഷം രൂപ അടയ്ക്കാനുണ്ടെന്നും പറഞ്ഞു (മൊത്തം 20 ലക്ഷം). കരള്‍ സ്വീകരിച്ച അരവിന്ദന് 30 ലക്ഷം രൂപയാണ് ചെലവ് വന്നത്. അതായത് ശരത്തിന്റെ മസ്തിഷ്‌ക മരണത്തിലൂടെ ആശുപത്രികള്‍ നേടിയത് ആകെ 62 ലക്ഷം രൂപ.

ഈ നാല് മസ്തിഷ്‌ക മരണങ്ങളിലൂടെ ആശുപത്രികള്‍ സമ്പാദിച്ച ആകെ തുക 248 ലക്ഷത്തോളം രൂപയാണ്. വിശാല്‍ 53 ലക്ഷം, ആനന്ദ് 34 ലക്ഷം, വിഷ്ണു 99.5 ലക്ഷം, ശരത് 62 ലക്ഷം. ഈ കണക്കുകള്‍ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങള്‍ സ്വീകരിച്ച് രണ്ടു ദിവസമെങ്കിലും ജീവിച്ചിരുന്നവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ്. സര്‍ജറി താല്‍ക്കാലികമായെങ്കിലും വിജയിച്ച കേസുകള്‍ മാത്രമേ നമ്മള്‍ അറിയുന്നുള്ളൂ. അവയവം സ്വീകരിച്ചവര്‍ മരിക്കുന്ന കേസുകള്‍ മിക്കവാറും പുറത്ത് അറിയുന്നത് പോലുമില്ല. അതിന്റെ കണക്കുകള്‍ കേട്ടാല്‍ ചിലപ്പോള്‍ ഈ വാര്‍ത്ത വായിക്കുന്നവര്‍ക്കും മസ്തിഷ്‌ക മരണം സംഭവിച്ചേക്കാം.

കേരളത്തില്‍ നടന്ന 238 മസ്തിഷ്‌ക മരണങ്ങളെയും കുറിച്ച് സമഗ്രമായ ഒരന്വേഷണം അനിവാര്യമാണ്…..

Add a Comment

Your email address will not be published. Required fields are marked *