കോഴിക്കോട് : തിരുവനന്തപുരം കേന്ദ്രമായുള്ള മനാറുൽ ഹുദാ ട്രസ്റ്റിന്റെ കീഴിൽ പന്തീരാങ്കാവ് പ്രവർത്തിക്കുന്ന ദി ഓക്സ്ഫോർഡ് സ്കൂളിൽ 24 25 തീയതികളിൽ ഓക്സ്ഫോർഡ് ക്രോണിക്കൽ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 100 പുസ്തകം, 100 എഴുത്തുകാർ,100 സ്വപ്നങ്ങൾ, എന്ന് വിഭാവനം ചെയ്തിരിക്കുന്ന ഈ പരിപാടിയിലൂടെ ഓക്സ്ഫോർഡ് സ്കൂളിലെ നൂറിൽപരം വിദ്യാർത്ഥികൾ രചിച്ച പുസ്തകങ്ങൾ വായനക്കാരുടെ പക്കൽ എത്തും. ഇതിലൂടെ കാലിക്കറ്റ് ഓക്സ്ഫോർഡ് സ്കൂൾ ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡിൽ സ്ഥാനം പിടിക്കുകയും ചെയ്തു.
25ന് ഡിസി ബുക്സ് കോഴിക്കോട് സംഘടിപ്പിക്കുന്ന കെഎൽഎഫ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടക്കുന്ന ചടങ്ങിൽ നോബേൽ പ്രൈസ് ജേതാവായ എസ്തർ ഡഫ്ളോ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്കൂളിൽ നിന്നും അതേ സ്കൂളിലെ വിദ്യാർഥികൾ രചിച്ച 100 പുസ്തകങ്ങളുടെ പ്രകാശനം ഒരു ദിവസം കൊണ്ട് നടക്കുന്നത്. ഓക്സ്ഫോർഡ് ക്രോണിക്കൽ പരിപാടിയുടെ ലോഗോ പ്രകാശനം കവിയും ഗാന രചരിതവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി കഴിഞ്ഞദിവസം നിർവഹിച്ചു. ഓക്സ്ഫോർഡ് ക്രോണിക്കലിനോട് അനുബന്ധിച്ച് സ്കൂളിന്റെ വാർഷികാഘോഷവും സംഘടിപ്പിക്കുന്നുണ്ട്. പ്രശസ്ത ക്വിസ് മാസ്റ്ററും ടിവി അവതാരകനുമായ ജി എസ് പ്രദീപിന്റെ മെഗാ ഷോ ഇതിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. കോഴിക്കോട് ഓക്സ്ഫോർഡ് സ്കൂളിൽ രണ്ടു ദിവസമായി നടക്കുന്ന ഈ പരിപാടിയിൽ എം പി ഹാഫിസ് മുഹമ്മദ്, രാമനുണ്ണി, അഭിഷാദ് ഗുരുവായൂർ തുടങ്ങി സാമൂഹിക,സാംസ്കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. സ്കൂൾ പ്രിൻസിപ്പൽ ഡോ: അനസ്, സ്കൂൾ മാനേജർ ഷാജഹാൻ, പ്രജിത എം, ഐഷ ഫിസ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.