Skip to content

  • Home
  • About
  • About Trivandrum
  • Contact

സായാഹ്ന വാർത്തകൾ

Editor, January 1, 2025January 1, 2025

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. രണ്ട് ടൗണ്‍ഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയില്‍ ഒറ്റനിലയുള്ള വീടുകളാണ് പദ്ധതിയിലുള്ളത്. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കും.

allianz-education-kottarakkara

◾ പരോള്‍ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ടിപി വധകേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ പാര്‍ട്ടി നേതാക്കള്‍ പോയതില്‍ എന്താണ് തെറ്റെന്നും സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.

◾ മുഖ്യമന്ത്രി പിണറായി വിജയന്റെ സനാതന ധര്‍മ്മ പരമാര്‍ശം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി. ഹിന്ദുക്കളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപമാനിച്ചെന്നും മറ്റ് മതങ്ങളെ അവഹേളിക്കാന്‍ ധൈര്യമുണ്ടോയെന്നും ദേശീയ വക്താവ് ഷെഹ്സാദ് പുനെവാലെ ചോദിച്ചു. ഇന്ത്യ സഖ്യത്തിന്റെ പൊതു നിലപാടെന്ന രീതിയിലാണ് ബിജെപി പിണറായിയുടെ വാക്കുകളെ ദേശീയ തലത്തില്‍ പ്രചരിപ്പിക്കുന്നത്.

◾ ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ അഭിപ്രായം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയും തങ്ങളുടെ പരസ്യനിലപാട് വ്യക്തമാക്കിയതോടെയാണ് വിഷയം ചര്‍ച്ചയ്ക്കെത്തുന്നത്.

◾ റോഡില്‍ സ്റ്റേജ് കെട്ടി പൊതുസമ്മളനം നടത്തിയതിനെ വീണ്ടും ന്യായീകരിച്ച് സിപിഎം നേതാവ് എ.വിജയരാഘവന്‍. ഒരു സമരം നടത്തിയാല്‍ അത് സഹിക്കാന്‍ പറ്റാത്ത ആളുകളുണ്ട് നമ്മുടെ നാട്ടിലെന്നും റോഡിലൂടെ പ്രകടനം നടത്തണ്ട, മലയില്‍ കൂടെ നടത്തിക്കോ എന്നതാണ് ചിലരുടെ വാദമെന്നും സമരം ചെയ്യാന്‍ തെരുവെങ്കിലും വിട്ട് തരൂ എന്നാണ് ഞങ്ങള്‍ പറയുന്നതെന്നും വിജയരാഘവന്‍ വ്യക്തമാക്കി.

◾ പെരിയ ഇരട്ട കൊലപാതക കേസുമായി ബന്ധപ്പെട്ട് നേരത്തെ രേഖകള്‍ കണ്ടിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് പ്രതിഭാഗം വക്കീല്‍ അഡ്വ സികെ ശ്രീധരന്‍. ആരോപണങ്ങള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രേരിതമായാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും രേഖകള്‍ താന്‍ കോണ്‍ഗ്രസില്‍ ഉള്ളപ്പോള്‍ കണ്ടിരുന്നെങ്കില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.

◾ ക്രിസ്മസ് ചോദ്യപേപ്പര്‍ ചോര്‍ച്ചാ വിവാദത്തില്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധവുമായി കെ സ് യു. കോഴിക്കോട് ഡിഡിഇ ഓഫീസിനു മുന്നിലായിരുന്നു കെ സ് യു പ്രതിഷേധം. ഡിഡിഇ ഓഫീസിന്റെ പേര് വിദ്യാഭ്യാസ കച്ചവട കേന്ദ്രം എന്നാക്കി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു.

◾ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഉമ തോമസ് മക്കളോട് ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞെന്ന് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നേര്‍ത്ത ശബ്ദത്തിലായിരുന്നു ഉമ തോമസിന്റെ പ്രതികരണമെന്നും തലയ്ക്ക് ഉണ്ടായ മുറിവ് ഭേദപ്പെട്ടു വരുകയാണെന്നും ഇപ്പോള്‍ ആളുകളെ തിരിച്ചറിയുന്നുണ്ടെന്നും എന്നാല്‍ വെന്റിലേഷനില്‍ എത്ര ദിവസം തുടരണം എന്നതില്‍ തീരുമാനമായിട്ടില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എയുടെ ആരോഗ്യ സ്ഥിതി ഇന്ന് വീണ്ടും പരിശോധിച്ച ശേഷം തുടര്‍ ചികിത്സകള്‍ക്കുള്ള തീരുമാനങ്ങളെടുക്കും.

◾ മാലിന്യ പ്രശ്നത്തില്‍ റെയില്‍വേക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതില്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് ആദ്യഘട്ടം മുതലേ നല്ല ഇടപെടലായിരുന്നില്ല ഉണ്ടായതെന്നും നിലവിലും മാലിന്യ നീക്കവുമായി ബന്ധപ്പെട്ട് മോശം സമീപനമാണ് റെയില്‍വേ സ്വീകരിക്കുന്നതെന്നും മേയര്‍ പറഞ്ഞു.

◾ കൂടെ നിന്ന് കുതികാല്‍വെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതുന്നവര്‍ക്ക് നഷ്ടത്തിന്റെയും മോഹഭംഗത്തിന്റെയും കാലമായിരിക്കും വരാനിരിക്കുന്നതെന്നും ആയിരങ്ങളുടെ വിയര്‍പ്പുക്കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനത്തെ പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ച് ഉന്മാദിച്ചവര്‍ക്ക് ആഹ്ലാദത്തിന് വക നല്‍കില്ല പുതുവര്‍ഷമെന്നും മുന്‍ എം.എല്‍.എ പി.കെ. ശശി. ഒന്നിന്റെ മുന്‍പിലും ആത്മാഭിമാനം പണയപ്പെടുത്താതിരിക്കുക. എവിടെയും സ്വന്തം അഭിപ്രായം പറയാന്‍ മടിക്കാതിരിക്കുക. ഉയിര് പോകും വരെ ഉശിരു കൈവിടാതിരിക്കുകയെന്നും ശശി കുറിപ്പില്‍ പറയുന്നു.

◾ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ ഫേസ്ബുക്ക് കുറിപ്പിന് വിശദീകരണവുമായി പികെ ശശി. താനിട്ടത് പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള കുറിപ്പല്ലെന്ന് പികെ ശശി പറഞ്ഞു. പുതുവത്സരത്തിന് താന്‍ കൊടുത്ത ഒരു മെസേജ് മാത്രമാണതെന്നും പാര്‍ട്ടി വിട്ടുപോയവര്‍ക്കും പാര്‍ട്ടിയെ ചതിച്ചവര്‍ക്കുമെതിരെയുള്ള പോസ്റ്റാണെന്നും ശശി വിശദീകരിച്ചു. എന്നാല്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനം നടത്താന്‍ പാടില്ലെന്ന് ആരും പറയുന്നില്ലെന്നും എതിര്‍പ്പുണ്ടെങ്കില്‍ ഫേസ്ബുക്കിലൂടെയല്ല പാര്‍ട്ടി ഫോറങ്ങളില്‍ താന്‍ അത് രേഖപ്പെടുത്തുമെന്നും ശശി പറഞ്ഞു.

◾ കുട്ടനാട് സീറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഏറ്റെടുക്കണമെന്നും ഒരു വള്ളത്തില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയായി എന്‍സിപി മാറിയെന്നും വെള്ളാപ്പള്ളി നടേശന്‍. മന്ത്രി പദവിക്കായി തോമസ് കെ തോമസിന്റെയും പി.സി ചാക്കോയുടെയും ശ്രമങ്ങള്‍ കണ്ട് കേരളം ചിരിക്കുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്.

◾ കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയില്‍ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. സംഘാടകരുടെ പണപിരിവിനെ സംബന്ധിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. സ്പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്സ് അടക്കമുള്ളവരുടെ മൊഴിയെടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് തങ്ങള്‍ വൈകിയാണ് അറിഞ്ഞതെന്ന് കല്യാണ്‍ സില്‍ക്സ് വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു.

◾ കൊച്ചിയിലെ വിവാദ നൃത്ത പരിപാടിയില്‍ 25,000 പേരെ നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത് 25 പൊലീസുകാര്‍ മാത്രമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. പരിപാടിക്കായി 25 പൊലീസുകാര്‍ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷന്‍ പൊലീസിനെ അറിയിച്ചത്. 25 പേര്‍ക്കായി പൊലീസില്‍ നിയമപ്രകാരമുള്ള പണവും അടച്ചിരുന്നു. 150ഓളം സ്വകാര്യ സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസുകാര്‍ക്ക് പുറമെ പരിപാടിക്ക് ഉണ്ടാവുമെന്നും അതുകൊണ്ടു തന്നെ കൂടുതല്‍ പൊലീസുകാര്‍ വേണ്ടെന്നും സംഘാടകര്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

◾ നവകേരള ബസ് വീണ്ടും സര്‍വീസ് തുടങ്ങി. കോഴിക്കോട് ബംഗലൂരു റൂട്ടിലാണ് സര്‍വീസ്. സീറ്റുകളുടെ എണ്ണം കൂട്ടിയും സമയക്രമത്തിലടക്കം മാറ്റങ്ങള്‍ വരുത്തിയുമാണ് സര്‍വീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് രാവിലെ 8.30നും തിരികെ ബംഗലൂരുവില്‍ നിന്ന് രാത്രി 10.30നുമാണ് ബസ്. എല്ലാ ദിവസവും സര്‍വീസുണ്ട്. 910രൂപയാണ് ടിക്കറ്റ് നിരക്ക്.

◾ അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ കണ്ണൂര്‍ സര്‍വകലാശാല അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്.

◾ നാട്ടിലേക്കുള്ള യാത്രയില്‍ കാണാതായ മലയാളി സൈനികന്‍ വിഷ്ണുവിനെ കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തുന്നതിന് നിര്‍ണായകമായത് എടിഎം ഇടപാടെന്ന് പൊലീസ്. ഇന്നലെ ശമ്പളം വന്നതിന് പിന്നാലെ ബംഗളൂരുവിലെ എടിഎമ്മില്‍ നിന്ന് വിഷ്ണു പണം പിന്‍വലിച്ചു. ഇത് നിര്‍ണായകമായി എന്നും വിഷ്ണുവിനെ കണ്ടെത്താന്‍ ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് തന്നെയാണ് വിഷ്ണു മാറി നില്‍ക്കാന്‍ കാരണമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

◾ ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി പരോള്‍ ലഭിച്ച് പുറത്തിറങ്ങിയത്, കൊടി സുനി പ്രതിയായ ന്യൂ മാഹി ഇരട്ടക്കൊല കേസില്‍ വിചാരണ തുടങ്ങാനിരിക്കെ. ഒരുമാസത്തെ പരോള്‍ കാലയളവിനിടെ കേസിലെ സാക്ഷികളെ കൊടി സുനി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചു.

◾ തൃശൂര്‍ ചേറ്റുവ പാലത്തില്‍ വഴിവിളക്ക് കത്തിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് പിന്നാലെ കത്തിയ വിളക്കും തൂണും ഇല്ലാതായി. വൈദ്യുതി വിളക്കുകള്‍ പ്രകാശിക്കാതായിട്ട് മാസങ്ങള്‍ പിന്നിട്ടതിനാല്‍ വിളക്കുകള്‍ പ്രകാശിപ്പിക്കണം എന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ ലെത്തീഫ് കെട്ടുമ്മല്‍ പാലത്തില്‍ ചൂട്ട് കത്തിച്ച് പ്രതിഷേധിക്കുകയും ജില്ലാ കലക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. തുടര്‍ന്ന് കലക്ടര്‍ വൈദ്യുതി വിളക്കുകള്‍ അടിയന്തിരമായി പ്രകാശിപ്പിക്കാന്‍ നോട്ടീസ് അയക്കുകയും ചെയ്തു. വിളക്കുകള്‍ കത്തിയെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം പാലത്തിലെ വൈദ്യുതി വിളക്കുകളും തൂണുകളും അപ്രത്യക്ഷമാവുകയായിരുന്നു.

◾ യു പ്രതിഭ എം എല്‍ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും ബിജെപി സംസ്ഥാന സമിതി അംഗവുമായ അഡ്വക്കേറ്റ് ബിപിന്‍ സി ബാബു. മകനെതിരായ കഞ്ചാവ് കേസില്‍ പ്രതിഭ എം എല്‍ എയെ പിന്തുണച്ച് ബിപിന്‍ സി ബാബു ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.

◾ ഐസി ബാലകൃഷ്ണനെതിരെ വെളിപ്പെടുത്തലുമായി ബത്തേരി അര്‍ബന്‍ ബാങ്ക് മുന്‍ പ്രസിഡന്റ് ഡോ. സണ്ണി ജോര്‍ജ്. 2021ല്‍ ഡിസിസി പ്രസിഡന്റായിരുന്ന ഐസി ബാലകൃഷ്ണന്‍ 17 പേരുടെ ലിസ്റ്റ് തന്നിട്ട് അനധികൃത നിയമനം നടത്താന്‍ ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ലിസ്റ്റ് തള്ളി താന്‍ മെറിറ്റ് അടിസ്ഥാനത്തില്‍ 6 ഒഴിവിലേക്ക് നിയമനം നടത്തിയെന്ന് ഡോ. സണ്ണി വെളിപ്പെടുത്തി.

◾ തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് ഉടമ അബ്ദുള്‍ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ ഗാലറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പില്‍ പറയുന്നത്.

◾ പോക്സോ കേസില്‍ ശിക്ഷ ഉറപ്പാകുമെന്ന് കണക്കുകൂട്ടിയതോടെ ആത്മഹത്യാ നാടകം കളിച്ച പ്രതി വലയില്‍. പള്ളാട്ടില്‍ മുഹമ്മദ് നാഫി(24)യേയാണ് കാളികാവ് പൊലീസ് ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. മലപ്പുറം മാളിയേക്കലില്‍ നിന്നുമാണ് നാഫിയെ കാണാതായത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ ബേപ്പൂര്‍ കടപ്പുറത്തു നിന്നും ആത്മഹത്യാ കുറിപ്പ് അടങ്ങിയ ഒരു ബാഗ് കണ്ടെടുക്കുകയും ചെയ്തു. കടലില്‍ ചാടി ആത്മഹത്യ നടത്തിയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു പ്രതിയുടെ ലക്ഷ്യം

◾ പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ.എസ്. മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു അന്ത്യം. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ഗ്രന്ഥം ഇംഗീഷിലും മലയാളത്തിലും എത്തിച്ച ഗവേഷകനാണ്. 50 കൊല്ലത്തെ ഗവേഷണത്തിന്റെ ഫലമായിരുന്നു ഇത്.

◾ കൊച്ചിയില്‍ പുതുവര്‍ഷ ആഘോഷത്തിനിടയിലുണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിന്‍ പാലത്തിന് സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്.

◾ ഇടുക്കി മാങ്കുളം പഞ്ചായത്ത് എട്ടാം വാര്‍ഡ് മെമ്പര്‍ ബിബിന്‍ ജോസഫിന് കുത്തേറ്റു. ഇന്നലെ വൈകിട്ട് മാങ്കുളം ടൗണില്‍ വെച്ചായിരുന്നു ആക്രമണം. ബിനോയി എന്നയാളാണ് കുത്തിപ്പരിക്കേല്‍പിച്ചത്. ഇവര്‍ തമ്മില്‍ ചെറിയ രീതിയിലുള്ള വാക്കുതര്‍ക്കമുണ്ടായിരുന്നു എന്നാണ് വിവരം. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിനോയ് എന്ന് നാട്ടുകാര്‍ പറഞ്ഞു.

◾ പുതുവര്‍ഷ രാവില്‍ കര്‍ണാടകയില്‍ അരദിവസം കൊണ്ട് വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്റെ അവസാന ദിവസം ഉച്ചയ്ക്ക് 2 മണി വരെ 308 കോടിയുടെ മദ്യമാണ് കര്‍ണാടകയില്‍ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ കണക്കിനേക്കാള്‍ ഇരട്ടിയാണിത്. മുഴുവന്‍ ദിവസത്തെ കണക്കുകള്‍ കിട്ടിയാല്‍ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

◾ സൗദി അറേബ്യയില്‍ മലയാളിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദ അല്‍സാമിര്‍ ഡിസ്ട്രിക്ടില്‍ മലപ്പുറം കോട്ടക്കല്‍ പറപ്പൂര്‍ സൂപ്പിബസാര്‍ സ്വദേശി നമ്പിയാടത്ത് കുഞ്ഞലവിയെ കുത്തിക്കൊന്ന ഈജിപ്ഷ്യന്‍ പൗരന്‍ അഹമ്മദ് ഫുആദ് അല്‍സയ്യിദ് അല്‍ലുവൈസിയെയാണ് മക്ക പ്രവിശ്യയില്‍ വധശിക്ഷക്ക് വിധേയനാക്കിയത്.

◾ അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കി. തെലങ്കാന സര്‍ക്കാരിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്നതായി രാജ്യസഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് പ്രമോദ് തിവാരി ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

◾ ആഭ്യന്തര സംഘര്‍ഷങ്ങളുടെ കെടുതി അനുഭവിക്കുന്ന യെമന് 50 കോടി ഡോളര്‍ കൂടി സഹായമായി നല്‍കി സൗദി അറേബ്യ. ദുരിതം നേരിടുന്ന ജനതയുടെ പുനരധിവാസത്തിനും രാജ്യത്തിന്റെ സുസ്ഥിരതക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ ശക്തിപ്പെടുത്തുക എന്ന സൗദി അറേബ്യയുടെ വിശാല താല്‍പര്യത്തിന്റെ ഭാഗമായാണ് ഈ സഹായം.

◾ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്ക്കെതിരെ ഇപിഎഫ്ഒ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. 23.34 ലക്ഷം രൂപ പിഎഫ് അരിയേഴ്‌സ് നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിന് ആണ് ഉത്തപ്പ അടക്കമുള്ളവര്‍ക്ക് എതിരെ ഇപിഎഫ്ഒ അധികൃതര്‍ അറസ്റ്റ് വാറന്റ് നല്‍കിയത്.

◾ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പ്രകടനത്തെ പ്രശംസിച്ച് ഓസ്ട്രേലിയന്‍ പേസ് ഇതിഹാസം ഗ്ലെന്‍ മക്ഗ്രാത്ത്. ജസ്പ്രീത് ബുമ്ര ഇല്ലായിരുന്നെങ്കില്‍ ഈ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ തൂത്തുവാരുമായിരുന്നുവെന്ന് മക്ഗ്രാത്ത് പറഞ്ഞു. പരമ്പരയിലെ നാലു ടെസ്റ്റുകളില്‍ നിന്ന് 12.83 ശരാശരിയില്‍ 30 വിക്കറ്റുകളാണ് ബുമ്ര ഇതുവരെ എറിഞ്ഞിട്ടത്.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes