അനധികൃത ഫ്ലക്സുകളും ബോര്‍ഡുകളും ചുരുങ്ങിയ സമയത്തില്‍ നീക്കം ചെയ്ത സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടര്‍ന്നാല്‍ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു. അനധികൃത ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്ന നടപടിയില്‍ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി.
◾ ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്കും സിഎംആര്‍എല്‍ പണം നല്‍കിയോയെന്ന് സംശയമുണ്ടെന്ന് എസ്എഫ്ഐഒ അറിയിച്ചു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും ദില്ലി ഹൈക്കോടതിയില്‍ കേന്ദ്ര ഏജന്‍സിയുടെ അഭിഭാഷകന് പറഞ്ഞു. എക്സാലോജിക് സിഎംആര്‍എല്‍ ദുരൂഹ ഇടപാടില്‍ അന്വേഷണം പൂര്‍ത്തിയായെന്നും എസ്എഫ്ഐഒ കോടതിയെ അറിയിച്ചു. കാലിതീറ്റ കുംഭകോണ കേസിലെ പോലെയാണ് വ്യാജ ബില്ലുകളുടെ അടിസ്ഥാനത്തില്‍ പണം നല്‍കിയതെന്നും എസ്എഫ്ഐഒ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
◾ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട് ജാമ്യത്തിലിറങ്ങിയ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ്. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാമെന്നും ഇളവുകളില്‍ പറയുന്നു. തിങ്കളാഴ്ചകളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നല്കി. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്കിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.
◾ വയനാട് കളക്ടര്‍ ഡി ആര് മേഘശ്രീയുടെ ഫോട്ടോ ഡി പി ആക്കി വാട്സാപ്പിലൂടെ വ്യാജന്മാര് പലരോടും പണം ആവശ്യപ്പെട്ടതായി പരാതി. വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ നേരിട്ട് തന്നെ സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത സൈബര്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കേരളത്തിന് പുറത്തുള്ള നമ്പര്‍ എന്നാണ് പൊലീസ് അന്വേഷണത്തിലെ പ്രാഥമിക നിഗമനം.
◾ എഡിജിപി അജിത്കുമാര്‍ ഡിജിപിയുടെ കസേരയില്‍ വരുമ്പോള്‍ നിലവിലെ ഡിജിപിയുടെ യൂണിഫോമിന് പകരം കാക്കി ട്രൗസറും ദണ്ഡും കൊടുക്കണമെന്നും ആര്‍എസ്എസിന്റെ യൂണിഫോം നല്‍കണമെന്നും പരിഹസിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. കേരളത്തിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണ് അജിത് കുമാറിന് പ്രമോഷന് നല്‍കിക്കൊണ്ടുള്ള മന്ത്രിസഭാ യോഗത്തിലെ തീരുമാനമെന്നും കേരളത്തില്‍ ഇത്രയും ക്രിമിനല്‍ സ്വഭാവമുള്ള ഒരു വ്യക്തി ഒരുകാലത്തും പോലീസിന്റെ ഉന്നതങ്ങളില്‍ ഇരുന്നിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
◾ കോഴിക്കോട് നന്മണ്ടയില് നാല് പേരെ കടിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നന്മണ്ടയിലെ മരക്കാട്ട്മുക്കിലാണ് നായ നാട്ടുകാരെ ആക്രമിച്ചത്. പേവിഷബാധ സ്ഥിരീകരിച്ചതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. നായയെ ചത്തനിലയില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെ കണ്ടെത്തിയിരുന്നു.
◾ കളമശേരി സഹകരണ മെഡിക്കല്‍ കോളേജില്‍ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്സുമാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്താന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. 2024 ഡിസംബര്‍ 15 ന് ഇവരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.
◾ എസ്എസ്എല്‍സി ക്രിസ്മസ് പരീക്ഷയുടെ ഇന്നലത്തെ ചോദ്യപേപ്പറും ചോര്‍ന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്നലെ നടന്ന എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളില്‍ ഭൂരിഭാഗവും എം എസ് സൊല്യൂഷന്‍സ് പ്രവചിച്ച മേഖലയില്‍ നിന്നാണെന്നാണ് കെഎസ്യുവിന്റെ ആരോപണം. 32 ചോദ്യങ്ങള്‍ വന്നത് ഇന്നലെ യൂട്യൂബ് ചാനലില്‍ പരാമര്‍ശിച്ച മേഖലയില്‍ നിന്നാണെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി സൂരജ് ആരോപിച്ചു.
◾ കണ്ണൂരില്‍ വീണ്ടും എം പോക്സ് സ്ഥിരീകരിച്ചു. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിള്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്. എംപോക്സ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
◾ ആലപ്പുഴ ജില്ലാ വനിതാ ശിശു ആശുപത്രിയിലെ പ്രസവ ചികിത്സയിലെ പിഴവുകാരണം ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. കുഞ്ഞിന്റെ സൗജന്യ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പൊതുജന സഹായത്തോടെ അതേറ്റെടുക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കെ സി വേണുഗോപാല്‍ ആരോഗ്യമന്ത്രിക്ക് കത്തുനല്‍കി.
◾ ചികിത്സ പിഴവിലൂടെ കുഞ്ഞിന് വൈകല്യമുണ്ടായതിന് പിന്നാലെ തുടര്‍ചികിത്സകള്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്ന കുഞ്ഞിന്റെ തുടര്‍ചികിത്സയ്ക്ക് ഈടാക്കിയ പണം ആശുപത്രി അധികൃതര്‍ തിരിച്ചു നല്കി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പരിശോധനകള്‍ക്കാണ് രക്ഷിതാക്കളില്‍ നിന്ന് പണം ഈടാക്കിയത്. തുടര്‍ചികിത്സകള്‍ സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രി നല്കിയ ഉറപ്പ് ലംഘിച്ചതോടെ കുടുംബം സമരത്തിലേക്ക് കടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പണം തിരികെ നല്കാന് ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. കെ സി വേണുഗോപാല്‍ എംപി അടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു.
◾ സംസ്ഥാനത്തെ 8 നഗരസഭകളിലെയും ഒരു ഗ്രാമപഞ്ചായത്തിലെയും വാര്‍ഡ് വിഭജനം ഹൈക്കോടതി റദ്ദാക്കി. മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, കൊടുവള്ളി, പയ്യോളി, മുക്കം, ഫറൂക്ക്, പട്ടാമ്പി നഗരസഭകളുടെ വിഞ്ജാപന ഉത്തരവാണ് റദ്ദാക്കിയത്. പടന്ന പഞ്ചായത്തിന്റെയും വിഞ്ജാപനവും റദ്ദാക്കി. 2011 ലെ സെന്‍സസ് പ്രകാരം 2015ല്‍ ഇവിടെ വാര്‍ഡ് വിഭജനം നടന്നിരുന്നു.
◾ വാര്‍ഡ് വിഭജനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും നടപടികള്‍ നിയമാനുസൃതവും സുതാര്യവുമെന്നും മന്ത്രി എം ബി രാജേഷ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരല്ല നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതെന്നും എല്ലാ കാലത്തും സ്വീകരിക്കുന്ന നടപടിക്രമമാണ് ഇപ്പോഴും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
◾ ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും.
◾ ആരോപണ വിധേയനായ അസി. കമാന്‍ഡന്റിന് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. എസ്.ഒ.ജിയിലെ അസി. കമാന്‍ഡന്റ് അജിത് കെ എസിനാണ് ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023ല്‍ പൊലീസില്‍ മികച്ച സേവനം നടത്തിയവര്‍ക്കുള്ള പട്ടികയാണ് ഇന്നലെ പൊലീസ് ആസ്ഥാനത്തുനിന്നും പുറത്തിറങ്ങിയത്. ആരോപണങ്ങള്‍ വരുന്നതിന് മുമ്പുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് നേരത്തെ പട്ടിക തയ്യാറാക്കിയതെന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം.
◾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ് അനുവദിച്ചതായി തുറമുഖ വകുപ്പ് മന്ത്രി വി.എന്‍ വാസവന് അറിയിച്ചു. ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN TRV 01 എന്നതാണ് വിഴിഞ്ഞം തുറമുഖത്തിന്റെ പുതിയ ലോക്കേഷന്‍ കോഡ്.
◾ വ്യവസായ വകുപ്പിലെ പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് മാറ്റം. 5 സ്ഥാപനങ്ങളുടെ എംഡിമാരെ മാറ്റി. യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് എം ഡിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ സഹോദരന് വിനയ കുമാറിനെയും മാറ്റി. പകരം പണ്ടംപുനത്തില്‍ അനീഷ് ബാബുവിനാണ് നിയമനം.
◾ 2024 ലെകേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം കെ. ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ ജയകുമാര്‍, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
◾ കണ്ണൂര്‍ ചക്കരക്കല്ലിലെ കോണ്‍ഗ്രസിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയില്‍ കോടികളുടെ ക്രമക്കേട് കണ്ടെത്തി. 4 കോടിയോളം രൂപയുടെ തിരിമറിയാണ് ജില്ലാ ബില്‍ഡിംഗ് മെറ്റീരിയല്‍സ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാനാകാതെ പ്രതിസന്ധിയിലാണ് സ്ഥാപനം.
◾ ചെറിയ പായ്ക്കറ്റില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയെ ഭക്ഷ്യ എണ്ണയായി കണക്കാക്കണമെന്ന് സുപ്രീം കോടതി. ഇതോടെ ചെറിയ പായ്ക്കില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ ജിഎസ്ടി അഞ്ച് ശതമാനമാകും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
◾ ലോകകേരളസഭയ്ക്ക് എന്ത് റിസല്‍ട്ടാണ് ഉണ്ടാക്കാന്‍ കഴിഞ്ഞതെന്നും ലോക കേരള സഭയേക്കാള്‍ ഫലപ്രദമായ പ്രവര്‍ത്തനം കെഎംസിസി നടത്തുന്നുണ്ടെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. നിലവില്‍ വന്നിട്ട് വര്‍ഷങ്ങളായിട്ടും കാര്യമായ പ്രവര്‍ത്തനം നടത്താന്‍ ലോക കേരള സഭയ്ക്കായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയിലേക്കുള്ള നിയമനത്തില്‍ തര്‍ക്കങ്ങളില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി. സമവായത്തിലാണ് നടപടികള്‍ പൂര്‍ത്തിയായത്. കോണ്‍ഗ്രസിന്റെ സീറ്റില്‍ ലീഗ് അവകാശവാദമുന്നയിച്ച് ഭരണസമിതിയിലെത്തിയെന്ന ആക്ഷേപത്തോട് പ്രതികരിക്കുകയായിരുന്നു ഇ.ടി. മുഹമ്മദ് ബഷീര്‍.
◾ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികളായ നബീല്‍, വിഷ്ണു എന്നിവരെ പൊലീസ് കോഴിക്കോട് നിന്ന്പിടികൂടി. ഇവര്‍ക്കെതിരെ പട്ടികജാതി അതിക്രമ നിരോധന നിയമ പ്രകാരം കേസ് ചുമത്തും. വധശ്രമക്കുറ്റവും ചുമത്തും. കേസില്‍ ഹര്‍ഷിദ്, അഭിരാം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
◾ യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാര്‍ഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ആറാം അഡീഷ്ണല്‍ സെഷന്‍സ് കോടതി തള്ളി. ഒന്നാം പ്രതി അമല്‍, രണ്ടാം പ്രതി മിഥുന്, മൂന്നാം പ്രതി അലന്, നാലാം പ്രതി വിധു എന്നീ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വിധി. ഇത്തരം കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്ന കാരണം ചൂണ്ടി കാട്ടിയാണ് തള്ളിയത്.
◾ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്വകാര്യബസിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ കൊല്ലപ്പള്ളിയില്‍ 22 പേര്‍ക്ക് പരിക്കേറ്റു. വയലാര്‍ ചേര്‍ത്തല കളവംകോടത്ത് ഇന്നലെ വൈകുന്നേരം നാലുമണിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.
◾ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തിനിടെ തൃശ്ശൂര്‍ അതിരപ്പിള്ളിയില്‍ കാടിനുള്ളില്‍ വെച്ച് വെട്ടേറ്റ ദമ്പതിമാരില്‍ ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. ജേഷ്ഠനോടൊപ്പം വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ ആനപ്പന്തം സ്വദേശി സത്യനും ഭാര്യ ഷീലയ്ക്കുമാണ് വെട്ടേറ്റത്. കൊലപാതകത്തില്‍ സത്യന്റെ ജ്യേഷ്ഠനായ വെള്ളിക്കുളങ്ങര ശാസ്താംപൂര്‍വ്വം നഗറില്‍ ചന്ദ്രമണിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം കൂടുതല്‍ ശക്തയാര്ജ്ജിച്ചെന്നും ശക്തയാര്‍ജ്ജിച്ച ന്യൂന മര്‍ദ്ദംഅടുത്ത മണിക്കൂറുകളില്‍ വടക്കന്‍ തമിഴ്നാട് – തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു നീങ്ങാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം മഴ സാധ്യത തുടരും. കേരളത്തില്‍ പൊതുവേ ഒറ്റപ്പെട്ട നേരിയ മഴയ്ക്കാണ് സാധ്യതയെന്നും കാലാവസ്ഥ പ്രവചനമുണ്ട്.
◾ നാവിക സേനയുടെ ബോട്ട് യാത്രാ ബോട്ടില്‍ ഇടിച്ച് മുംബൈയില്‍ 13 മരണം. 110 യാത്രക്കാരുമായി എലഫന്റ് കേവിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ നാവിക സേന ഉദ്യോഗസ്ഥനാണ്. നാവിക സേനയുടെ സ്പീഡ് ബോട്ട് നിയന്ത്രണം തെറ്റി വന്ന് യാത്രാ ബോട്ടിലിടിക്കുകയായിരുന്നു.
◾ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിശോധിക്കാനായുള്ള 21 അംഗങ്ങള്‍ ലോക്സഭയില്‍ നിന്നും 10 പേര് രാജ്യസഭയില്‍ നിന്നുമുള്ള സംയുക്ത പാര്‍ലമെന്ററി സമിതി രൂപീകരിച്ചു. ബിജെപി എംപിയായ പിപി ചൗധരിയാണ് സമിതിയുടെ ചെയര്മാന്. വയനാട് എംപി പ്രിയങ്ക ഗാന്ധിയും സമിതിയില്‍ അംഗമാണ്.
◾ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ച ദിവസം ലോക്സഭയില്‍ ഹാജരാകാതിരുന്നവരില്‍ ബിജെപിയില്‍ നിന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, ഗിരിരാജ് സിങ് തുടങ്ങിയ പ്രമുഖരും. ഹാജരാകാതിരുന്ന 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
◾ ദില്ലി കലാപ ഗൂഢാലോചനക്കേസില്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമല്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ദില്ലി ഹൈക്കോടതി. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 7 ദിവസത്തെ ജാമ്യമാണ് അനുവദിച്ചത്. സെപ്തംബര്‍ 13 നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലാവുന്നത്. 4 വര്‍ഷവും 3 മാസത്തിനും ശേഷമാണ് ഉമര്‍ ഖാലിദിന് ജാമ്യം ലഭിക്കുന്നത്.
◾ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിന്മേല് അല്ലു അര്ജുന് ആരാധകര്‍ക്കെതിരെ കേസെടുത്ത് ഹൈദരബാദ് പൊലീസ്. ഹൈദരാബാദ് സ്വദേശിയായ രാജ്കുമാര് നല്കിയ പരാതിയിലാണ് കേസെടുത്തത്. അല്ലു അര്‍ജുന്റെ അറസ്റ്റിന് പിന്നാലെയായിരുന്നു അധിക്ഷേപ പോസ്റ്റുകള്‍.
◾ ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന് പ്രതിപക്ഷ ആരോപണം. ‘അംബേദ്കര്‍, അംബേദ്കര്‍, അംബേദ്കര്‍…….. എന്ന് പറയുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്നും ഇങ്ങനെ പറയുന്നതിന് പകരം ദൈവത്തിന്റെ പേര് ഇത്ര തവണ പറഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗത്തില്‍ ഇടം ലഭിക്കുമായിരുന്നുവെന്നുമാണ് രാജ്യസഭയില്‍ ഭരണഘടനയുടെ മഹത്തായ 75 വര്‍ഷങ്ങള്‍ ചര്‍ച്ചയ്ക്ക് മറുപടി പറയവെ അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
◾ അംബേദ്കറെ അപമാനിച്ചെന്ന ആരോപണത്തെ തള്ളി കേന്ദ്ര ആഭ്യന്തര മന്ത്രിഅമിത്ഷാ. കോണ്‍ഗ്രസ് തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ലോക്സഭയിലെ ചര്‍ച്ചകളില്‍ വിവിധ അഭിപ്രായങ്ങളുണ്ടാകുക സ്വാഭാവികമാണെന്നും ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ടോ പോകുന്ന പാര്‍ട്ടിയാണെന്നും അമിത് ഷാ വ്യക്തമാക്കി. കോണ്‍ഗ്രസ്, അംബേദ്കര്‍ വിരോധി പാര്‍ട്ടിയാണെന്നും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അപമാനിച്ചത് കോണ്‍ഗ്രസാണെന്നും ആരോപണത്തെ നിയമപരമായി നേരിടുന്നതിന് സാധ്യത തേടുമെന്നും അമിത് ഷാ പറഞ്ഞു.
◾ ഭരണഘടനാ ശില്പി ബി.ആര്. അംബേദ്കറെ ആഭ്യന്തരമന്ത്രി അമിത് ഷാ അവഹേളിച്ചെന്ന പ്രതിപക്ഷ ആരോപണം പ്രതിരോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. വിദ്വേഷ നുണകള്‍ക്ക് അവരുടെ വര്‍ഷങ്ങളുടെ ദുഷ്പ്രവൃത്തികള്‍ മറയ്ക്കാന്‍ കഴിയുമെന്ന തെറ്റിദ്ധാരണയാണ് കോണ്‍ഗ്രസിനെന്നും ആളുകള്‍ക്ക് സത്യം അറിയാമെന്ന് പറഞ്ഞുകൊണ്ട് അമിത് ഷാ നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ അടക്കം പങ്കുവെച്ചായിരുന്നു പ്രതിരോധം.
◾ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പ്രഥമ കിരീടം റയല്‍ മാഡ്രിഡിന്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മെക്സിക്കന്‍ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.
◾ ശതകോടീശ്വരന്മാരായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും കടത്തിവെട്ടി എച്ച് സി എല്‍ ടെക്നോളജി സ്ഥാപകന്‍ ശിവ് നാടാര്‍. ഈ വര്‍ഷം മാത്രം അദ്ദഹത്തിന്റെ ആസ്തി 10.5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മറ്റ് ശതകോടീശ്വരന്മാരുടെ ഒരു വര്‍ഷത്തെ സമ്പാദ്യത്തെക്കാള്‍ വലുതാണിത്. സമ്പന്നരുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന ബ്ലൂംബെര്‍ഗ് ബില്യണയര്‍ ഇന്‍ഡെക്സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണിത്. എച്ച് സി എല്ലിന്റെ ആകെ ഓഹരികളില്‍ നിന്ന് 33 ശതമാനമാണ് 2024ല്‍ വര്‍ദ്ധിച്ചത്. ഇന്ത്യയിലെ അതിസമ്പന്നനായ മൂന്നാമത്തെ വ്യക്തിയാണ് ശിവ് നാടാര്‍. മുന്‍വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ ആസ്തി 44.4 ബില്യണ്‍ ഡോളറായിരുന്നു. അതില്‍ നിന്നാണ് ഒരു വര്‍ഷം കൊണ്ട് 10.5 ബില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഈ വര്‍ഷം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അബാനിക്കും അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനിക്കും തിരിച്ചടിയാണ് ഉണ്ടായത്. ഈ വര്‍ഷം മുകേഷ് അംബാനിക്ക് 96.7 ബില്യണ്‍ ഡോളറും ഗൗതം അദാനിക്ക് 82.1 ബില്യണ്‍ ഡോളറുമാണ് ആസ്തി.
◾ ജോണി ആന്റണി, ബിനു പപ്പു, ജയന് ചേര്‍ത്തല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റാഫി മതിര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പിഡിസി അത്ര ചെറിയ ഡിഗ്രി അല്ല’. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സന്തോഷ് കീഴാറ്റൂര്‍, ബാലാജി ശര്‍മ്മ, സോന നായര്‍, വീണ നായര്‍, മഞ്ജു പത്രോസ്, ലക്ഷ്മിപ്രിയ, തിരുമല രാമചന്ദ്രന്, റിയാസ് നര്‍മ്മകല, ബിജു കലാവേദി, മുന്‍ഷി ഹരി, നന്ദഗോപന് വെള്ളത്താടി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1996-98 കാലഘട്ടത്തില്‍ കൊല്ലം ജില്ലയിലെ ഒരു റസിഡന്‍ഷ്യല്‍ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്കു പഠിച്ചിരുന്ന ഇരുനൂറില്‍ പരം സഹപാഠികള്‍ 24 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കുകയും ഒത്തു കൂടുന്നതും നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറയുന്ന സിനിമയാണ് ഇത്. റാഫി മതിര, ഇല്യാസ് കടമേരി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഫിറോസ് നാഥ് സംഗീതം പകരുന്നു. കെ എസ് ചിത്ര, ജാസി ഗിഫ്റ്റ്, ഫിറോസ് നാഥ്, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവരാണ് ഗായകര്‍.
◾ ക്യൂബ്സ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന് ചിത്രം ‘മാര്‍ക്കോ’ ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ 5 ഭാഷകളിലായ് വമ്പന്‍ റിലീസിനൊരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റര്ടൈന്മെന്റ്സ് തന്നെയാണ് വിതരണത്തിനെത്തിക്കുന്നത്. ഹനീഫ് അദെനിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ ബുക്കിംഗ് രണ്ടു ദിവസം മുന്‍പ് ആരംഭിച്ചിരുന്നു. ബുക്ക് മൈ ഷോ ബുക്കിഗില്‍ 130 കെയ്ക്ക് മുകളിലാണ് ഇതുവരെ ഇന്ററസ്റ്റ് വന്നിരിക്കുന്നത്. മിനിസ്റ്റര്‍ ഷംസീറാണ് ആദ്യ ടിക്കറ്റെടുത്തത് എന്നതും വാര്‍ത്തകളില്‍ ഇടം നേടിയ വിഷയമാണ്. ബുക്കിംഗ് ഓപ്പണ്‍ ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫാസ്റ്റ് ഫില്ലിങ്ങാവുന്ന സാഹചര്യമാണ് കാണുന്നുത്. ട്രാക്കിങ് റിപ്പോര്‍ട്ടുകള്‍ പ്രകാരം മാര്‍ക്കോയുടെ പ്രീ സെയില്‍സ് കളക്ഷന്‍ ഒരു കോടിയ്ക്ക് മേല്‍ വന്നിട്ടുണ്ട്. ഇതോടെ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന ചിത്രമായി ‘മാര്‍ക്കോ’ മാറും.
◾ മാരുതി സുസുക്കി ഇ-വിറ്റാര എസ്യുവി 2025 ജനുവരിയില്‍ ഭാരത് മൊബിലിറ്റി ഷോയില്‍ പ്രദര്‍ശിപ്പിക്കും. അതിന്റെ വിപണി ലോഞ്ച് 2025 മാര്‍ച്ചില്‍ നടക്കാന്‍ സാധ്യതയുണ്ട്. ഇന്‍ഡോ-ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള ആദ്യത്തെ ഇവി ആയിരിക്കും മാരുതി ഇ-വിറ്റാര. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളിലാണ് മാരുതി ഇ-വിറ്റാര വരുന്നത്. ഇതില്‍ ഒരു 49 കിലോവാട്ട്അവര്‍ പാക്കും മറ്റൊന്ന് 61 കിലോവാട്ട്അവര്‍ പാക്കും ലഭിക്കും. ആദ്യത്തേത് 2 ഡബ്ളിയുഡി കോണ്‍ഫിഗറേഷനില്‍ മാത്രമേ നല്‍കൂ. രണ്ടാമത്തേതിന് 2 ഡബ്ളിയുഡി , 4 ഡബ്ളിയുഡി എന്നീ രണ്ട് ഡ്രൈവ്ട്രെയിനുകള്‍ ലഭിക്കും. ഇ-വിറ്റാര ഫുള്‍ ചാര്‍ജില്‍ 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വലിയ ബാറ്ററി പായ്ക്ക് ഓള്‍ഗ്രിപ്പ്-ഇ എഡബ്ല്യുഡി സിസ്റ്റവുമായി ജോടിയാക്കാന്‍ സാധ്യതയുണ്ട്. ഇത് ഡ്യുവല്‍-മോട്ടോര്‍ വേരിയന്റിനൊപ്പം മാത്രം വരുന്നു. സുരക്ഷാ മുന്‍വശത്ത്, ഇലക്ട്രിക് എസ്യുവി സൈഡ്, കര്ട്ടന് എയര്‍ബാഗുകള്‍, ഐസോഫിക്സ് ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ക്രമീകരിക്കാവുന്ന ഹെഡ്റെസ്റ്റുകള്, എല്ലാ യാത്രക്കാര്‍ക്കും മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ തുടങ്ങിയവ നല്കിയിരിക്കുന്നു.
◾ മലയാളിയുടെ ജീവിതത്തെ ഒപ്പം നിന്നു നിരീക്ഷിക്കുന്ന സാഹിത്യകാരനാണ് സക്കറിയ. കഥയോടൊപ്പംതന്നെ കാര്യങ്ങളും വിളിച്ചുപറയുന്ന സക്കറിയ മറ്റ് എഴുത്തുകാരില്‍നിന്നും വ്യത്യസ്തനാകുന്നത് തന്റെ ഉറച്ച നിലപാടുകളിലൂടെയാണ്. ജാതിയതയും അന്ധമായ രാഷ്ട്രീയവിശ്വാസങ്ങളും മലയാളിയുടെ ജീവിതപരിസരങ്ങളെ ആപല്‍ക്കരമായ അവസ്ഥയിലേക്കെത്തിച്ചുകൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് സക്കറിയയുടെ ചിന്തകള്‍ക്ക് പ്രസക്തിയേറെയാണ്. ഏതൊരു വായനക്കാരനെയും ഒരു പുനഃവിചിന്തനത്തിന് പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. ‘ഒരെഴുത്തുകാരന്റെ കമ്മ്യൂണിസവും മറ്റു കുറിപ്പുകളും’. സക്കറിയ. എന്‍ബിഎസ്. വില 190 രൂപ.
◾ മഞ്ഞോ മഴയോ വെയിലോ ആയാലും നമ്മുടെ ഡയറ്റില്‍ ചേര്‍ക്കാവുന്ന ആരോഗ്യകരമായ ഒരു ഓപ്ഷനാണ് പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുള്ള സാലഡുകള്‍. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ ഉണ്ടെന്ന് മാത്രമല്ല, അവയില്‍ കലോറിയും കുറവായിരിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് പച്ചക്കറി സാലഡ് കഴിക്കുന്നത് ആരോഗ്യകരമാണെന്നാണ് പലരുടെയും ചിന്ത എന്നാല്‍ ഇത് ധാരണ അത്ര ശരിയല്ല. നിരവധി പോഷകങ്ങളുടെ കലവറയാണ് പച്ചക്കറികളെന്ന് നമ്മള്‍ക്ക് അറിയാം. ആരോഗ്യകമാണെങ്കിലും രാത്രി ഉറങ്ങുന്നതിന് മുന്‍പ് പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത് വിപരീതഫലമുണ്ടാക്കാം. പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ശരീരത്തിന് അത് ദഹിപ്പിക്കാന്‍ ഏതാണ്ട് 300 ശതമാനം പണിയെടുക്കേണ്ടതായി വരും. പകലുള്ളതിനെക്കാള്‍ 50 ശതമാനം കുറവായിരിക്കും രാത്രിയില്‍ ദഹനം നടക്കുക. ഈ സമയം പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നത് അവയില്‍ അടങ്ങിയ നാരുകള്‍ ദഹനനാളിയില്‍ അടഞ്ഞുകൂടാനും ഇടയ്ക്കിടെ ടോയിലറ്റില്‍ പോകാനും തോന്നിപ്പിക്കും. ഇത് നിങ്ങളുടെ ഉറക്കത്തെ ബാധിക്കാം. കൂടാതെ ഭക്ഷണം ദഹിക്കാത്ത അവശേഷിക്കുന്നത് ശരീരത്തില്‍ വിഷാംശം വര്‍ധിപ്പിക്കാം. ഇത് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കും. അതേസമയം പച്ചക്കറി ആവിയില്‍ വേവിച്ചോ വഴറ്റിയോ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. കൂടാതെ പോഷകങ്ങളുടെ ആഗിരണത്തിനും ഇതാണ് നല്ലത്. സസ്യങ്ങള്‍ അവയെ ഭക്ഷണമാക്കുന്നതില്‍ നിന്ന് സ്വയം പ്രതിരോധിക്കുന്നതിന് പ്രത്യേകതരം വാതകങ്ങള്‍ പുറപ്പെടുവിക്കുന്നു. ഇത് പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ശരീരത്തില്‍ എത്തിപ്പെടാനും വയറു വീര്‍ക്കല്‍, ഗ്യാസ്, ബ്ലോട്ടിങ് തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ശുഭദിനം
കവിത കണ്ണന്
വലിയ വാലും ചെറിയ തലയുമുളള ആ കടല്‍ ജീവി ദിവസങ്ങളായി അവിടെ അലഞ്ഞ് തിരിയുന്നത് കണ്ട് മത്സ്യം കാര്യമന്വേഷിച്ചു. കടല്‍ ജീവി പറഞ്ഞു: ഞാന്‍ എന്റെ അമ്മയെ തിരയുകയാണ്. മത്സ്യത്തിന് സഹതാപമായി. താനും അമ്മയെ അന്വേഷിക്കാന്‍ ഒപ്പം കൂടാം എന്നായി മത്സ്യം. അപ്പോള്‍ കടല്‍ ജീവി പറഞ്ഞു: പക്ഷേ, ഒരു പ്രശ്നമുണ്ട്. ഞാനിതുവരെ എന്റെ അമ്മയെ കണ്ടിട്ടില്ല. കണ്ടാല്‍ എങ്ങനെയിരിക്കുമെന്നും എനിക്കറിയില്ല. എന്നെ ഒന്ന് സഹായിക്കാമോ? കടല്‍ ജീവി മത്സ്യത്തോട് ചോദിച്ചു. ഒരിക്കലും കാണാത്തയാളെ എങ്ങിനെ അന്വേഷിക്കും? എവിടെ ചെന്ന് അന്വേഷിക്കും? എന്ത് അടയാളം വെച്ച് അന്വേഷിക്കും ? മത്സ്യത്തിന്റെ ചോദ്യങ്ങള്‍ക്കൊന്നും കടല്‍ ജീവിക്ക് ഉത്തരമുണ്ടായിരുന്നില്ല. ഉത്തരമറിയാത്ത ചോദ്യങ്ങള്‍ക്ക് മുന്നില്‍ മത്സ്യം നിസ്സഹായയായി. അര്‍ത്ഥമില്ലാത്ത അന്വേഷണങ്ങളാണ് ആര്‍ക്കും ഉപകാരപ്പെടാത്ത യാത്രകള്‍ക്ക് കാരണം. കാതലായ കാര്യമില്ലാതെ നടത്തുന്ന പല യാത്രകള്‍ക്കും തുടക്കമുണ്ടാകും. പക്ഷേ, ഒടുക്കമുണ്ടാകണമെന്നില്ല. ദേശാടനവും യാത്രയും തമ്മില്‍ വ്യത്യാസപ്പെടുന്നത് ഇവിടെയാണ്. ചില യാത്രകള്‍ക്ക് ഉത്തരം ഉറവിടത്തില്‍ തന്നെയായിരിക്കും. ഉറവിടത്തില്‍ അന്വേഷിക്കേണ്ടവയെ തേടി ഊര് ചുററരുത്. എത്തിച്ചേരാന്‍ തീരമില്ലാതെ തുടങ്ങുന്ന യാത്രകള്‍ എവിടെയും അവസാനിക്കില്ല. എവിടേക്ക്, എന്തിന് വേണ്ടി എന്നീ ഉത്തരങ്ങളുമായി നമുക്ക് യാത്ര തുടങ്ങാനും അതിന്റെ പൂര്‍ണ്ണതയില്‍ എത്തിച്ചേരാനും സാധിക്കട്ടെ , യാത്രകള്‍ സഫലമായിത്തീരട്ടെ