ലോകപ്രശസ്ത തബല വിദ്വാന് സാക്കിര്‍ ഹുസൈന് അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയ സംബന്ധമായ രോഗം മൂലം അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. 1951ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈന് ജനിച്ചത്. 12-ാം വയസ് മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്.
◾ മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രം സഹായം നിഷേധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്ര ഗവണ്മെന്റ് ഒരു പകപോക്കല്‍ നിലപാടാണ് കേരളത്തോട് കാണിക്കുന്നതെന്നും ഒരു സംസ്ഥാനത്തോടും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളവും രാജ്യത്തിന്റെ ഭാഗമാണെന്നും നീതി നിഷേധിക്കാന്‍ പാടില്ലെന്നും കേന്ദ്രത്തിനെതിരെ നമ്മുടെ നാട്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്ന് വരണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.
◾ പ്രധാനമന്ത്രി വയനാട്ടില്‍ സന്ദര്‍ശനത്തിന് വന്നതിന്റെ കാശു കൂടി കേരളം കൊടുക്കേണ്ടി വരുമോയെന്ന് മന്ത്രി പി രാജീവ്. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ പുനരധിവാസവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ടൗണ്‍ഷിപ്പ് നിര്‍മ്മാണം എന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും രണ്ട് എസ്റ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഉള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.
◾ കേന്ദ്ര സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് മന്ത്രി വി എന്‍ വാസവന്. വിഴിഞ്ഞം പദ്ധതിക്ക് ഇതുവരെ സര്‍ക്കാര്‍ സഹായം കിട്ടിയിട്ടില്ലെന്നും അര്‍ഹത ഉള്ളത് ഒന്നും കേന്ദ്രം തരാത്തതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം സ്വകാര്യ സംരഭം അല്ലെന്നും സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്നുള്ള പദ്ധതിയാണെന്നും കസ്റ്റംസ് ഡ്യൂട്ടി അടക്കം എത്തുന്നത് കേന്ദ്രത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ വയനാട് ദുരന്തത്തില്‍ ഹെലികോപ്റ്റര്‍ സേവനത്തിന് പണം ആവശ്യപ്പെട്ടത് സാധാരണ നടപടി മാത്രമാണെന്ന് മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എല്ലാ സംസ്ഥാനങ്ങളോടും തുക ആവശ്യപ്പെടാറുണ്ടെന്നും പിണറായി വിജയന് സര്‍ക്കാര്‍ ഇത് വിവാദമാക്കുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. എഐക്യാമറയും, ബ്രഹ്മപുരവും പോലുള്ള അഴിമതി കരാറുകള്‍ക്കായി കോടികള്‍ ചിലവഴിക്കുന്ന സര്‍ക്കാര്‍ വയനാടിലെ ജനങ്ങള്‍ക്കായി ഒന്നും നല്‍കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
◾ മെക് 7 വ്യായാമ പരിശീലനത്തിനെത്തുന്നത് തീവ്രവാദികളാണെന്ന ആരോപണം പിന്‍വലിച്ച് സിപിഎം നേതാവ് പി മോഹനന്. അപൂര്‍വം ചിലയിടങ്ങളില്‍ അത്തരക്കാര്‍ നുഴഞ്ഞു കയറുന്നുവെന്നാണ് താന്‍ പറഞ്ഞതെന്ന് പി മോഹനന് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മെക് 7 എന്ന വ്യായാമ പരിശീലന പരിപാടിക്കെതിരെ പി മോഹനന് നടത്തിയ പ്രസ്താവനയിലാണ് തീവ്രവാദികളാണ് അതില്‍ പങ്കാളികളാവുന്നത് എന്ന് ആക്ഷേപിച്ചത്.
◾ മെക് 7 രാജ്യവ്യാപകമായി നടപ്പാക്കേണ്ട പദ്ധതിയാണെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്. വളരെ കുറച്ചു സമയം മാത്രമുള്ള നല്ല ഒരു വ്യായാമ പദ്ധതിയാണിതെന്നും ജാതിയും, മതവും രാഷ്ട്രീയവും ഒന്നും തനിക്കിതില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും എംപി പറഞ്ഞു. മെക് 7 പട്ടാമ്പി മേഖല തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾ മെക്7 വ്യായാമ കൂട്ടായ്മ വിവാദത്തില്‍ പ്രതികരണവുമായി മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. വിഷയം വിവാദം ആക്കേണ്ടതില്ലെന്നും വ്യായാമത്തില്‍ മതവും രാഷ്ട്രീയവും ചേര്‍ക്കേണ്ടതില്ലെന്നും പറഞ്ഞ മുന്‍മന്ത്രി എല്ലാ മതക്കാരും രാഷ്ട്രീയക്കാരും ഈ കൂട്ടായ്മയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി. ആരെങ്കിലും നുഴഞ്ഞു കയറുമോ എന്ന് ശ്രദ്ധിക്കണം എന്നാണ് പി മോഹനന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പത്തനംതിട്ട കൂടല്‍ മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേര് മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടകാരണമെന്നും എഫ്ഐആര്‍. മല്ലശ്ശേരി സ്വദേശികളായ നിഖില്‍, അനു, ബിജു പി ജോര്‍ജ്, മത്തായി ഈപ്പന് എന്നിവരാണ് മരിച്ചത്. നവദമ്പതികളായ നിഖിലും അനുവും മലേഷ്യയില്‍ പോയി തിരിച്ചു വരുന്ന വഴിയാണ് അപകടം. ഇവരെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് കൊണ്ടു വരാന്‍ പോയതായിരുന്നു അപകടത്തില്‍ മരിച്ച നിഖിലിന്റെ പിതാവായ മത്തായി ഈപ്പനും അനുവിന്റെ പിതാവായ ബിജുവും.
◾ പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്നും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ശബരിമല സീസണ് ആയതിനാല്‍ ആയിരക്കണക്കിന് വണ്ടികളാണ് റോഡുകളിലൂടെ പോകുന്നതെന്നും ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണമെന്നും പത്തനംതിട്ടയിലെ സംഭവത്തില്‍ വീട് വളരെ അടുത്തായതിനാല്‍ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
◾ പത്തനംതിട്ടയിലുണ്ടായ വാഹനാപകടത്തില്‍ നാല് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് വേദനയെന്ന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ. രണ്ടാഴ്ച മുമ്പ് നടന്ന നിഖിലിന്റെയും അനുവിന്റെയും വിവാഹത്തില്‍ താനും പങ്കെടുത്തിരുന്നുവെന്നും അപകട കാരണം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡ് നല്ല നിലയില്‍ കിടക്കുന്നത് കൊണ്ടുതന്നെ വാഹനങ്ങള്‍ അമിത വേഗതയെടുക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നുന്നതെന്നും എംഎല്‍എ പറഞ്ഞു.
◾ സംസ്ഥാനത്ത് റോഡപകടങ്ങള്‍ ആവര്‍ത്തിക്കുകയും ജീവന് പൊലിയുന്നവരുടെ എണ്ണം കൂടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ ഉന്നത തല യോഗം വിളിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. നാളെ വൈകിട്ട് നാലിന് തിരുവനന്തപുരത്താണ് ഉന്നത തല യോഗം നടക്കുക. മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ് എന്നീ വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. ദേശീയ പാത അതോറിറ്റി, കെഎസ്ഇബി, പിഡബ്ല്യുഡി, റോഡ് സേഫ്റ്റി വിഭാഗം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.
◾ ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ ഒന്നേകാല്‍ ലക്ഷം പേര് ഉപയോഗിച്ചതായി അധികൃതര്‍. ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ ഇടപെടല്‍ നടത്തി. ദിനംപ്രതി പതിനായിരത്തോളം പേരാണ് വാട്ട്സാആപ് അധിഷ്ഠിതമായ സ്വാമി ചാറ്റ് ബോട്ട് ഉപയോഗിക്കുന്നത്.
◾ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാലര ലക്ഷത്തിലധികം ഭക്തര്‍ ഇക്കുറി ദര്‍ശനത്തിനെത്തി. 22.7 കോടി രൂപയാണ് ഇത്തവണ അധിക വരുമാനമായി ലഭിച്ചത്. നട തുറന്ന് 29 ദിവസത്തെ കണക്കാണ് ദേവസ്വം ബോര്‍ഡ് പുറത്തുവിട്ടത്.
◾ കണ്ണൂര്‍ സര്‍വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ നടന്ന സാഹിത്യോത്സവത്തില്‍ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ മുഖ്യാതിഥി ആക്കിയതില്‍ വിശദീകരണം തേടി വൈസ് ചാന്‍സലര്‍. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി സിനിമാ താരം എത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ബുധനാഴ്ചയാണ് മാറ്റം വന്നത് വിസി അറിഞ്ഞത്. ഇതോടെ വിസി പരിപാടിയില്‍ നിന്ന് വിട്ടു നിന്നു. പ്രബീര്‍ പുരകായസ്ത എങ്ങനെ അവസാന നിമിഷം അതിഥിയായെന്നതില്‍ വിദ്യാര്‍ത്ഥി ക്ഷേമകാര്യ ഡയറക്ടറോട് വിശദീകരണം തേടിയിട്ടുണ്ട്. ദില്ലി പോലീസ് പുരകായസ്തയ്ക്കെതിരെ യുഎപിഎ ചുമത്തി നേരത്തെ അറസ്റ് ചെയ്തിരുന്നു. എന്നാല്‍ അറസ്റ്റ് നിയമവിരുദ്ധം എന്ന് സുപ്രീംകോടതി പിന്നീട് കണ്ടെത്തിയിരുന്നു.
◾ ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കണമെന്നും പരീക്ഷ റദ്ദാക്കണമെന്നും ഇല്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്നും കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വിടി സൂരജ്. എം എസ് സൊല്യൂഷന് പോലെയുള്ള ട്യൂഷന് സെന്ററുകളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കി വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കെ എസ് യു ആവശ്യപ്പെട്ടു.
◾ സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതിന് പിന്നില്‍ ഇടതു അധ്യാപക സംഘടനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആരോപിച്ചു. ഇതിന് പിന്നില്‍ സര്‍ക്കാറുമായി ബന്ധമുള്ളവരാണെന്നും അവരാണ് ചോര്‍ത്തിക്കൊടുക്കുന്നതെന്നും സതീശന് പറഞ്ഞു.
◾ ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന് പിന്നാലെ എം എസ് സൊല്യൂഷന്‍സ് യൂട്യൂബ് ചാനലിനെതിരെ മറ്റൊരു പരാതി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ അശ്ലീല പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടതിനെതിരെയാണ് പരാതി. ക്ലാസുകളുടെ ഉള്ളടക്കം പരിശോധിച്ച് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റി പരാതി നല്കി.
◾ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധനാര്‍ത്തി പൂണ്ട ചില അധ്യാപകരും വിദ്യാഭ്യാസം വില്‍ക്കുന്ന ചില സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സംഘം ചേര്‍ന്ന് നടത്തുന്ന ഇത്തരം ചോര്‍ത്തലുകള്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
◾ ചോദ്യപേപ്പര്‍ ചോര്‍ച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എംഎസ് സൊലൂഷന്‍സ് യൂട്യൂബ് ചാനല്‍ പ്രവര്‍ത്തനം നിര്‍ത്തി. സത്യം തെളിയും വരെ വീഡിയോകള്‍ ചെയ്യില്ലെന്ന് സിഇഒ ഷുഹൈബ് വീഡിയോയില്‍ അറിയിച്ചു.
◾ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള സോളാര്‍ പാനല്‍ ടെണ്ടറില്‍ അഴിമതി ആരോപിച്ച് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ബെഞ്ച് മാര്‍ക്ക് തുകയെക്കാള്‍ മുപ്പത് ശതമാനം കൂട്ടിയാണ് ടെണ്ടര്‍ നല്‍കിയതെന്ന് എം.വിന്‍സന്റ് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ടെണ്ടര്‍ നടപടികളെല്ലാം സുതാര്യമാണെന്നാണ് അനര്‍ട്ട് സിഇഒയുടെ വിശദീകരണം.
◾ മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്കാര നടപടികള്‍ നടത്തുന്നത് നിയമസഭാ പാസ്സാക്കിയ സെമിത്തേരി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍. പള്ളികള്‍ക്കോ സെമിത്തേരികള്‍ക്കോ പുറത്ത് വച്ച് ശവസംസ്കാര ശുശ്രൂഷ നടത്തുന്നവര്‍ക്ക് അവരുടെ താത്പര്യത്തിന് അനുസരിച്ചുള്ള വൈദികനെ കൊണ്ട് ശുശ്രൂഷ ചടങ്ങുകള്‍ നടത്താം എന്നും മലങ്കര ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ വ്യക്തമാക്കി.
◾ വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. വയനാട് ചേകാടി ചന്ത്രോത്ത് വനഭാഗത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ചേകാടി പൊളന്ന എലിഫന്റ് വാലി റിസോര്‍ട്ടിലെ നിര്‍മ്മാണ തൊഴിലാളിയായ പാലക്കാട് സ്വദേശി സതീഷിനാണ് പരിക്കേറ്റത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
◾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ലക്ഷദീപില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ വിദ്യാര്‍ഥികളടങ്ങുന്ന ഏഴംഗ സംഘം കോളേജ് ഹോസറ്റലിലെ മുറിയില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു. എസ് എഫ് ഐ പ്രവര്‍ത്തകനും ഭിന്നശേഷിക്കാരനുമായ അനസ് എന്ന വിദ്യാര്‍ത്ഥിയെ കഴിഞ്ഞ ആഴ്ച എസ് എഫ് ഐ നേതാക്കള്‍ മര്‍ദ്ദിച്ചത് വലിയ വിവാദമായിരുന്നു.
◾ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുടമസ്ഥനെ നായയെക്കൊണ്ട് കടിപ്പിച്ച ഗുണ്ട തിരുവനന്തപുരം കഠിനംകുളം സ്വദേശി സമീര്‍ ഒളിവില്‍. ഇന്നലെ കഠിനംകുളം പടിഞ്ഞാറ്റ് മുക്കിലെ സക്കീറിന്റെ വീട് കയറിയായിരുന്നു സമീര്‍ ആക്രമണം നടത്തിയത്. റോഡില്‍ നായയുമായി പരാക്രമം കാട്ടിയെ സമീറിനെ നോക്കി സക്കീറിന്റെ കുട്ടികള്‍ ചിരിച്ചതാണ് പ്രകോപനത്തിന് കാരണം.
◾ വടകര ചോറോട് ഒന്‍പത് വയസുകാരി ദൃഷാനയെ കോമയിലാക്കിയ വാഹനാപകടത്തിലെ പ്രതി ഷജീല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപ തട്ടിയെടുത്തെന്ന് പുതിയ കേസ്. നേരത്തെയുള്ള കേസുകള്‍ക്ക് പുറമേയാണിത്. അപകടത്തെ തുടര്‍ന്ന് കാറിന് സംഭവിച്ച കേടുപാടുകള്‍ തീര്‍ക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക് വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനിയെ കബളിപ്പിച്ചത്. വിദേശത്തുള്ള പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
◾ വാഴക്കാല സ്വദേശിയായ വ്യാപാരി സലീമിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. മോഷണ ശ്രമത്തിനിടെയാണ് സലീം കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ വീട്ടുജോലിക്കാരായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതിമാരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തു.
◾ കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തീയും പുകയും. കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്റെ എഞ്ചിന് ഭാഗത്ത് നിന്നാണ് പുക ഉയര്‍ന്നത്. ജീവനക്കാര്‍ ഉടന്‍ ബസ് നിര്‍ത്തി യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ അപകടം ഒഴിവായി.
◾ മലപ്പുറം അരീക്കോട് സായുധ പൊലീസ് ക്യാമ്പില്‍ പൊലീസുകാരന് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വയനാട് കോട്ടത്തറ മൈലാടിപ്പടി സ്വദേശി സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പ് കമാന്‍ഡോ വിനീത് (36) ആണ് ആത്മഹത്യചെയ്തത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘര്‍ഷമാണ് മരണകാരണമെന്ന് സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഭാര്യയും ഒരു മകനുമുണ്ട്. ഭാര്യ മൂന്നുമാസം ഗര്‍ഭിണിയാണ്.
◾ ഉത്തരേന്ത്യയില്‍ ശീതകാലത്തിന് കാഠിന്യമേറുന്നു. 4.9 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ രാവിലെ ദില്ലിയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള തണുത്ത കാറ്റാണ് തണുപ്പ് കൂടാന്‍ കാരണം. തണുപ്പിനൊപ്പം ദില്ലിയിലെ വായുമലിനീകരണ തോതും ഉയര്‍ന്നിട്ടുണ്ട്. 257 പോയിന്റാണ് ഇന്നലെ രാവിലെ വായുമലിനീകരണ സൂചികയില്‍ രേഖപ്പെടുത്തിയത്.
◾ 39 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നവിസ് സര്‍ക്കാര്‍ വിപുലീകരിച്ചു. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് മൂന്നാഴ്ചയ്ക്ക് ശേഷമാണ് മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണം പൂര്‍ത്തിയായത്. നാഗ്പുര്‍ രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
◾ ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. പാര്‍ട്ടി കണ്‍വീനറും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് ന്യൂദില്ലി മണ്ഡലത്തില്‍ മത്സരിക്കും. മുഖ്യമന്ത്രി അതിഷി മര്‍ലേന സിറ്റിങ് മണ്ഡലമായ കല്‍ക്കാജിയിലും വീണ്ടും ജനവിധി തേടും. നാലാം ഘട്ടത്തില്‍ 38 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റാണ് പുറത്തിറക്കിയത്. മന്ത്രിമാരായ സൗരഭ് ഭരദ്വാജ് ഗ്രേറ്റര്‍ കൈലാഷ് മണ്ഡലത്തിലും ഗോപാല്‍ റായ് ബാബര്‍പൂര്‍ മണ്ഡലത്തിലും മത്സരിക്കും.
◾ ഹിമാചല്‍ പ്രദേശില മുഖ്യമന്ത്രി സുഖ്വീന്ദര് സിങ് സുഖു പങ്കെടുത്ത വിരുന്നില്‍ സംരക്ഷിത ഇനമായ കാട്ടുകോഴി കറിവെച്ച് വിളമ്പിയെന്ന് ആരോപിച്ച് ബിജെപി. കഴിഞ്ഞ വെള്ളിയാഴ്ച ഷിംലയില്‍ നടന്ന ഒരു വിരുന്നിനിടെയാണ് സംഭവം. മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും സംരക്ഷിത ഇനമായ കാട്ടുകോഴി ഇറച്ചി വിളമ്പാന്‍ നിര്‍ദ്ദേശിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് മൃഗസംരക്ഷണ സംഘടനയും ബിജെപിയും സുഖ്വീന്ദര് സിങ് സുഖുവിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്.
◾ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനോട് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശം. ഏകീകൃതസിവില്‍ കോഡിന് അനൂകൂലമായി വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ജഡ്ജി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഏകീതൃത സിവില്‍ കോഡ് ,ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ പ്രസ്താവനയാണ് വിവാദമായത്.
◾ തന്റെ രാഷ്ട്രീയ ജീവിതം സൃഷ്ടിച്ചതും നശിപ്പിച്ചതും ഗാന്ധി കുടുംബമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. പത്ത് വര്‍ഷത്തോളമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ നേരില്‍ക്കാണാന്‍ തനിക്ക് അവസരം ലഭിച്ചില്ലെന്നും രാഹുല്‍ ഗാന്ധിയോടൊപ്പം കാര്യമാത്രപ്രസക്തമായ രീതിയില്‍ സമയം ചെലവഴിക്കാന്‍ ഒരിക്കല്‍ മാത്രമേ അവസരം ലഭിച്ചിട്ടുള്ളൂവെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
◾ റിയാദില്‍ ഒരു കേസ് അവസാനിപ്പിക്കാന്‍ 6,70,000 റിയാല്‍ കൈപ്പറ്റിയ ജഡ്ജിയെ അഴിമതി വിരുദ്ധ അതോറിറ്റി അറസ്റ്റ് ചെയ്തു. രാജ്യത്തെ ഒരു റീജനല്‍ കോടതിയില്‍ ജോലി ചെയ്തിരുന്ന ജഡ്ജി കേസ് അവസാനിപ്പിക്കാനുള്ള കൈക്കൂലിയായി 10 ലക്ഷം റിയാലാണ് ആവശ്യപ്പെട്ടിരുന്നത്. ആദ്യ ഗഡുവായി 6,70,000 റിയാല്‍ കൈപ്പറ്റവേയാണ് പിടിയിലായത്. 1.9 കോടി റിയാലിന്റെ സാമ്പത്തിക അപഹരണം സംബന്ധിച്ച കേസ് അവസാനിപ്പിക്കാനുള്ള പ്രതിഫലമായിരുന്നു ഇത്.
◾ ഖത്തര്‍ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പരേഡ് റദ്ദാക്കിയെന്ന് ഖത്തര്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദിനാഘോഷ സംഘാടക സമിതി അറിയിച്ചു. പരേഡ് റദ്ദാക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ 18നാണ് ദേശീയ ദിനം. ദേശീയ ദിനത്തിന് ദോഹ കോര്‍ണിഷിലാണ് വിവിധ സേനാ വിഭാഗങ്ങളും പാരാട്രൂപ്പേഴ്സും ഉള്‍പ്പെടെ അണിനിരക്കുന്ന പരേഡ് അരങ്ങേറുന്നത്. താല്കാലിക സ്റ്റേജ് ഉള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ ദോഹ കോര്‍ണിഷില്‍ നേരത്തെ ആരംഭിച്ചിരുന്നു.
◾ ഹിജാബ് ധരിക്കാതെ യൂട്യൂബില്‍ വെര്‍ച്വല്‍ കച്ചേരി അവതരിപ്പിച്ചതിന് പിന്നാലെ 27 കാരിയായ ഇറാനിയന്‍ ഗായികയെ ഇറാനിയന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. ഗായിക പരസ്തു അഹമ്മദിയയാണ് അറസ്റ്റിലായത്.
◾ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ് നല്കിയ മാനനഷ്ടക്കേസില്‍ നഷ്ടപരിഹാരം നല്കാന് സമ്മതിച്ച് എബിസി ന്യൂസ്.15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാമെന്നാണ് എബിസി ന്യൂസ് സമ്മതിച്ചിരിക്കുന്നത്. ട്രംപ് ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് എബിസി ന്യൂസിന്റെ ആങ്കര്‍ തെറ്റായി പറഞ്ഞതിനെതിരെ ആയിരുന്നു മാനനഷ്ട പരാതി.
◾ സിറിയയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ ആക്രമണം തുടരുമ്പോള്‍ മുന്നറിയിപ്പുമായി സിറിയന്‍ വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. സിറിയന്‍ വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലാണ് തിരിച്ചടിക്കുമെന്ന സൂചന നല്‍കിയത്.
◾ ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. വൈകീട്ട് ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ദിസനായകയെ കേന്ദ്രമന്ത്രി എല്‍ മുരുഗന് സ്വീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ദിസനായകെ കൂടിക്കാഴ്ച്ച നടത്തിയേക്കും.പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള ദിസനായകയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്. ഇന്ത്യ- ശ്രീലങ്ക നയതന്ത്ര ബന്ധത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ക്ക് ഈ സന്ദര്‍ശനത്തില്‍ സാധ്യതയുണ്ട്.
◾ വെസ്റ്റ് ഇന്‍ഡീസ് വനിതകള്‍ക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് 49 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
◾ ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫി ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് മികച്ച സ്കോര്‍. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ചുറി നേടി 152 റണ്‍സെടുത്ത ട്രാവിസ് ഹെഡിന്റേയും 101 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്റേയും കരുത്തില്‍ രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ 405 ന് 7 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുംറ 5 വിക്കറ്റെടുത്തു.
◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,13,117.17 കോടി രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. സെന്‍സെക്സ് 623 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ 47,836 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ എയര്‍ടെലിന്റെ മൊത്തം വിപണി മൂല്യം 9,57,842 കോടിയായി ഉയര്‍ന്നു. ഇന്‍ഫോസിസിന്റെ വിപണി മൂല്യം 31,826 കോടിയാണ് വര്‍ധിച്ചത്. 8,30,387 കോടിയായാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എച്ച്ഡിഎഫ്സി ബാങ്ക് 11,887 കോടി, ഐസിഐസിഐ ബാങ്ക് 11,760 കോടി, ടിസിഎസ് 9,805 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. റിലയന്‍സ് ആണ് കഴിഞ്ഞയാഴ്ച ഏറ്റവുമധികം നഷ്ടം നേരിട്ടത്. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 52,031 കോടിയുടെ ഇടിവ് ആണ് രേഖപ്പെടുത്തിയത്. 17,23,144 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം കുറഞ്ഞത്. എല്‍ഐസി 32,067 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 22,250 കോടി, എസ്ബിഐ 2,052 കോടി, ഐടിസി 1,376 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു സ്റ്റോക്കുകള്‍.
◾ അര്ജുന് അശോകന്, ബാലു വര്‍ഗീസ്, അനശ്വര രാജന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് മധു സംവിധാനം ചെയ്യുന്ന ‘എന്ന് സ്വന്തം പുണ്യാളന് ‘ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ കേരളത്തില്‍ വിതരണം ചെയ്യുന്ന ചിത്രം 2025 ജനുവരി 10 നു റിലീസ് ചെയ്യും. ട്രൂത്ത് സീക്കേഴ്സ് പ്രൊഡക്ഷന്‍സ് ഹൗസിന്റെ ബാനറില്‍ ലിഗോ ജോണ്‍ ആണ് ഈ ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. മലയാളത്തിലും തമിഴിലും ആയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്. രഞ്ജി പണിക്കര്‍, ബൈജു, അല്‍ത്താഫ്, അഷ്റഫ്, മീനാ രാജ് പള്ളുരുത്തി, വിനീത് വിശ്വം, സിനോജ് വര്‍ഗീസ്, സുര്‍ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കഴിഞ്ഞ 12 വര്‍ഷമായി നിരവധി അഡ്വെര്‍ടൈസ്മെന്റുകളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും കഴിവ് തെളിയിച്ച മഹേഷ് മധു ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സാംജി എം ആന്റണി.
◾ പ്രഖ്യാപനം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് സൂര്യയും ആര്‍കെ ബാലാജിയും ഒന്നിക്കുന്ന ചിത്രം. ‘സൂര്യ 45’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായികയായി എത്തുന്നത്. ഇപ്പോള്‍ മലയാളത്തിലെ രണ്ട് പ്രധാന താരങ്ങളെ സൂര്യ 45ലേക്ക് സ്വാഗതം ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രന്‍സും സ്വാസികയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. 12 വര്‍ഷത്തിനു ശേഷം ഇന്ദ്രന്‍സ് തമിഴിലേക്ക് തിരിച്ചെത്തുകയാണ്. 2012ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം നന്പനിലാണ് ഇന്ദ്രന്‍സ് അവസാനമായി തമിഴില്‍ അഭിനയിച്ചത്. തമിഴില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയാണ് സ്വാസിക. അടുത്തിടെ സ്വാസിക പ്രധാന വേഷത്തിലെത്തിയ ലബ്ബര്‍ പന്ത് എന്ന ചിത്രം ഏറെ കയ്യടി നേടിയിരുന്നു. ആക്ഷന്‍ എന്റര്‍ടൈനര്‍ എന്നതിലുപരി ഹാസ്യത്തിനും പ്രാധാന്യം നല്കുന്ന ചിത്രമാണ് ‘സൂര്യ 45’ എന്നാണ് സംവിധായകന് ബാലാജി വ്യക്തമാക്കിയത്.
◾ മുന്‍നിര ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിന്‍ജ 300-ന് ബമ്പര്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ് ലഭിക്കുന്നുണ്ടെന്നാണ് റിപ്പോട്ടുകള്‍. കമ്പനിയുടെ മറ്റ് മോഡലുകള്‍ പോലെ, നിഞ്ച 300-നുള്ള കിഴിവ് ഈ മാസം അവസാനം വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ സാധുതയുള്ളതാണ്. കവാസാക്കി നിഞ്ച 300 ന് 296 സിസി പാരലല്‍-ട്വിന്‍ ലിക്വിഡ്-കൂള്‍ഡ് എഞ്ചിന് ഉണ്ട്, ഇത് പരമാവധി 38.88 ബിഎച്ച്പി കരുത്തും 26.1 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 3.43 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ കാവസാക്കി നിഞ്ച 300 ന്റെ എക്സ് ഷോറൂം വില. കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ എന്നിങ്ങനെ പുതിയ നിറങ്ങളില്‍ ലഭ്യമാണ്.
◾ ഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയ പാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തില്‍, നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു. കണ്ണീര്ക്കദനങ്ങളില് ഇതള്‍ വിരിയുന്ന സ്ത്രൈണ ജീവിതങ്ങള്‍ക്കപ്പുറത്ത് പെണ്മയുടെ അതിജീവനത്തെയും കലഹങ്ങളെയും പ്രതിരോധങ്ങളെയും ആഴത്തില്‍ ആലേഖനം ചെയ്യുന്നവയാണ് ഈ കവിതകള്‍. ‘മനസ്സാക്ഷ’. വിനോദ് വൈശാഖി. ചിന്ത പബ്ളിക്കേഷന്‍സ്. വില 180 രൂപ.
◾ മുടി ട്രിം ചെയ്യുന്നത് മുടി വളരാന്‍ സഹായിക്കുമോ? പലര്‍ക്കും ഉള്ള സംശയമാണിത്. തലയോട്ടിക്കുള്ളിലെ ഫോളിക്കിള്‍ തലത്തിലാണ് രോമവളര്‍ച്ച സംഭവിക്കുന്നത്. മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കെരാറ്റിന്‍ എന്ന പ്രോട്ടീന്റെ പിന്തുണയോടെ കോശങ്ങള്‍ രൂപപ്പെടുന്നു. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു മാസത്തില്‍ ശരാശരി അര ഇഞ്ച് വരെ മുടി നീളം വെക്കും. ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ആറ് ഇഞ്ച് നീളം. ജനിതകം, പ്രായം, ആരോഗ്യം, ഭക്ഷണക്രമം എന്നിയാണ് മുടിയുടെ വളര്‍ച്ചയെ അടിസ്ഥാനപരമായി സ്വാധീനിക്കുന്നത്. മുടി വേരില്‍ നിന്നാണ് വളരുന്നതു എന്നതു കൊണ്ടു തന്നെ ഇത്തരം ജൈവ പ്രക്രിയയെ മുടി ട്രിം ചെയ്യുന്നതു ബാധിക്കില്ലെങ്കിലും മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും കാഴ്ചയ്ക്കും ഇത് സഹായകരമാണ്. മുടി ട്രിം ചെയ്യുന്നത് മുടിയുടെ അറ്റം വിണ്ടുകീറുന്നത് തടയാന്‍ സഹായിക്കും; മുടി വളരുന്നതനുസരിച്ച് മുടിയുടെ അറ്റം കനം കുറയാനും പെട്ടെന്ന് പൊട്ടി പോകല്‍, വീണ്ടുകീറല് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ ബാധിക്കുകയും കാഴ്ചയില്‍ കനം കുറഞ്ഞതായി തോന്നിപ്പിക്കുകയും ചെയ്യും. മുടിയുടെ സ്റ്റൈല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു; ഇടവേളകളില്‍ ട്രിം ചെയ്യുന്നത് മുടികയറിയും ഇറങ്ങിയും വളരുന്നത് ഒഴിവാക്കി മുടി വൃത്തിയില്‍ കിടക്കാന്‍ സഹായിക്കും. മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യ മെച്ചപ്പെടുത്തും; മുടി പൊട്ടുന്നതിനും നിന്നും ഒഴിവാകുന്നതോടെ മുടിയുടെ ആരോഗ്യ മെച്ചപ്പെടുത്താന്‍ മുടി ട്രിം ചെയ്യുന്നത് സഹായിക്കും.
ശുഭദിനം
കവിത കണ്ണന്
ഭോജരാജാവിന്റെ പണ്ഡിത സദസ്സ് നടക്കുകയാണ്. മഹാപണ്ഡിതന്മര് ആ സദസ്സ് അലങ്കരിക്കുന്നുണ്ട്. അവരോടായി രാജാവ് ഒരു ചോദ്യം ചോദിച്ചു: ഈ ലോകത്തിലെ ഏറ്റവും മധുരമുള്ളത് എന്തിനാണ്? എത്ര നിസ്സാരമായ ചോദ്യം എന്ന ഭാവത്തില്‍ പലരും പല ഉത്തരങ്ങളും പറഞ്ഞു. തേന്‍, കല്കണ്ടം, കരിമ്പ്… ഉത്തരങ്ങള്‍ അങ്ങിനെ നിരന്നു. പക്ഷേ, ഈ ഉത്തരങ്ങളിലൊന്നും രാജാവ് തൃപ്തനായതേയില്ല. അതുവരെ സദസ്സില്‍ നിശ്ശബ്ദനായിരുന്ന കവി കാളിദാസനോട് രാജാവ് തന്റെ ചോദ്യം ആവര്‍ത്തിച്ചു. കാളിദാസന് എഴുന്നേറ്റ് നിന്ന് പറഞ്ഞു: രാജന്, ഈ ലോകത്തില്‍ ഏറ്റവും മധുരമുളളത് നല്ല വാക്കുകള്‍ക്കാണ്.. രാജാവ് കാളിദാസനെ ആലിംഗനം ചെയ്തു.. ധാരാളം സമ്മാനങ്ങളും നല്കി. നമ്മുടെ ജീവിതത്തില്‍ സന്ദര്‍ഭോജിതമായ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വാക്കെന്നത്, വിശ്വാസത്തിന്റെ ഉറപ്പാണ്.. വാക്ക് സ്നേഹത്തിന്റെ ഭാഷയാണ്, അതുപോലെ തന്നെ വെറുപ്പിന്റെയും. വാക്ക് ഒരു കരുതലാണ്.. അകന്നുപോയവരെ അടുപ്പിക്കാനും ചേര്ത്തുപിടിക്കാനുമുളള കരുതല്‍.. നമ്മള് തകര്ന്നുതരിപ്പണമായിരിക്കുമ്പോള് ഇച്ഛാശക്തിയുളള വാക്കുകള്‍ മതി, നമ്മെ പുനഃരുജ്ജീവിപ്പിക്കാന്‍. ഉപയോഗിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇവിടെ ഒരുപോലെ പ്രാധാന്യമുണ്ട്. വേണ്ടത്, വേണ്ടപ്പോള്‍ മാത്രം പറയുന്നവരാണ് വാക്കുകളെ മനോഹരമാക്കുന്നത്.. അതെ വാക്ക് സത്യമാണ് – ശുഭദിനം