വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം 2024 നവംബർ 26 ന് ( ചൊവ്വാഴ്ച )തിരശീല ഉയരും. ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാര സമർപ്പണവും അന്ന് നടക്കും.
ഡിസംബർ 11നാണ് ചരിത്രപ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. ദശമി നാളായ ഡിസംബർ 10നാണ് ഗജരാജൻ കേശവൻ അനുസ്മരണ ദിനം .ഗുരുവായൂർ ഏകാദശിചടങ്ങുകൾക്കായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് ദേവസ്വം അറിയിച്ചു.
ചെമ്പൈ സംഗീതോത്സവം സുവർണ്ണ ജൂബിലി
…….
ശ്രീഗുരുവായൂരപ്പൻ്റെ പരമഭക്തനും കർണാടക സംഗീത കുലപതിയുമായിരുന്ന സംഗീത കലാനിധി പത്മഭൂഷൺ ശ്രീ. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥം ദേവസ്വം നടത്തി വരുന്ന ചെമ്പൈ സംഗീതോൽസവത്തിൻ്റെ സുവർണ്ണ ജൂബിലി വർഷമാണിത്.ഗുരുവായൂർ ഏകാദശിക്ക് വർഷങ്ങളോളം ഗുരുവായൂരപ്പ സന്നിധിയിൽ സംഗീതാർച്ചന നടത്തിയ ചെമ്പൈ വൈദ്യനാഥ ഭാഗവതർ 1974 ഒക്ടോബർ 16നാണ് ശ്രീഗുരുവായൂരപ്പ പാദങ്ങളിൽ വിലയം പ്രാപിച്ചത്. അദ്ദേഹത്തിൻ്റെ വിയോഗശേഷം ശിഷ്യൻമാരുടെ പങ്കാളിത്തത്തോടെ ആ വർഷം ദേവസ്വം സംഗീതോത്സവം നടത്തുകയുണ്ടായി. 1975 മുതൽ കൂടുതൽ വിപുലമായി ദേവസ്വം ചൈമ്പൈ സംഗീതോത്സവം ഏറ്റെടുത്ത് സംഘടിപ്പിച്ചു വരുന്നു. ഇതിനായി പ്രത്യേക സബ് കമ്മറ്റിയും പ്രവർത്തിക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ ദേവസ്വം ആസൂത്രണം ചെയ്ത് വരികയാണ് .
…….
സംഗീത സെമിനാർ
നവംബർ 24 ന്
…..
ചെമ്പൈ സംഗീതോത്സവത്തിൻ്റെ പ്രാരംഭമായുള്ള സംഗീത സെമിനാർ നവംബർ 24 ഞായറാഴ്ച കിഴക്കേ നടയിലെ നാരായണീയം ഹാളിൽ നടക്കും. പ്രശസ്ത സിനിമാ പിന്നണി ഗായകൻ പി.ജയചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. സംഗീതത്തിലെ ശാസ്ത്രം എന്ന വിഷയത്തിൽ ഡോ.അച്യുത് ശങ്കർ എസ് നായർ (ബയോ ഇൻഫർമാറ്റിക്സ് വിഭാഗം, മുൻ മേധാവി, കേരള സർവ്വകലാശാല), സ്വരപ്രസ്താരത്തിലെ ഗണിത വിന്യാസം എന്ന വിഷയത്തിൽ പ്രൊഫ.പാറശാല രവി (റിട്ട. പ്രിൻസിപ്പാൾ, ഗവ. സംഗീത കോളേജ്, തിരുവനന്തപുരം) എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഡോ.ഗുരുവായൂർ കെ.മണികണ്ഠൻ, ശ്രീ അമ്പലപ്പുഴ പ്രദീപ് എന്നിവർ സെമിനാറിൽ മോഡറേറ്ററാകും. ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം ശ്രീ .ആനയടി പ്രസാദ് സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. കെ.പി.വിനയൻ നന്ദിയും രേഖപ്പെടുത്തും.വിവിധ സംഗീത കോളേജുകൾ, സ്കൂൾ ഓഫ് ഡ്രാമ, തൃശൂർ, എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും സംഗീതാസ്വാദകരായ ഭക്തരും സെമിനാറിൽ പങ്കെടുക്കും.
……..
തംബുരു വിളംബര ഘോഷയാത്ര നവംബർ 25 ന് തുടങ്ങും
………
സംഗീത കലാനിധിയായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉപയോഗിച്ചിരുന്ന തംബുരു ചെമ്പൈയുടെ ഭവനത്തിൽ നിന്ന് നവംബർ 25ന് ഏറ്റുവാങ്ങി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തോടെ നവംബർ 26 ന് വൈകിട്ട് ആറുമണിയോടെ ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ എതിരേൽപ്പോടെ എത്തിച്ച് സംഗീത മണ്ഡപത്തിൽ സ്ഥാപിക്കും.
…..
ചെമ്പൈ സംഗീതോത്സവം ഉദ്ഘാടനം മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കും.
….
ചെമ്പൈ സംഗീതോത്സവത്തിൻ്റെ ഉദ്ഘാടനം നവംബർ 26 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് മേല് പുത്തൂർ ആഡിറ്റോറിയത്തിലെ ചെമ്പൈ സംഗീത മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസം, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിൻ വിദൂഷി സംഗീത കലാനിധി കുമാരി എ കന്യാകുമാരിക്ക് സമർപ്പിക്കും. സംസ്ഥാന സർക്കാരിൻ്റെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് ലഭിച്ച ചെമ്പൈ സംഗീതോത്സവ സബ് കമ്മറ്റി അംഗം കൂടിയ ശ്രീ.പി.എസ്.വിദ്യാധരൻ മാസ്റ്ററെ ചടങ്ങിൽ മന്ത്രി ആദരിക്കും. ചടങ്ങിൽ ശ്രീ.എൻ.കെ.അക്ബർ എം എൽ എ വി ശിഷ്ടാതിഥിയായും ഗുരുവായൂർ നഗരസഭ ചെയർമാൻ ശ്രീ.എം.കൃഷ്ണദാസ് മുഖ്യാതിഥിയായും പങ്കെടുക്കും. വാർഡ് കൗൺസിലർ ശ്രീമതി.ശോഭ ഹരി നാരായണൻ ആശംസ നേരും.
തുടർന്ന് ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര സ്വീകർത്താവായ കുമാരി എ കന്യാകുമാരിയുടെ സംഗീതകച്ചേരി അരങ്ങേറും. ചടങ്ങിൽ ചെമ്പൈ സംഗീതോത്സവ സമ്പ് കമ്മിറ്റി കൺവീനറും ദേവസ്വം ഭരണസമിതി അംഗവുമായ ശ്രീ.കെ.പി. വിശ്വനാഥൻ സ്വാഗതം പറയും. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാര നിർണയ സമിതി അംഗവും ദേവസ്വം ഭരണ സമിതി അംഗവുമായ ശ്രീ.സി.മനോജ് പുരസ്കാര സ്വീകർത്താവിനെയും ദേവസ്വം ഭരണസമിതി അംഗം ശ്രീ .വി.ജി.രവീന്ദ്രൻ ദേവസ്വം ആദരവ് ഏറ്റുവാങ്ങുന്ന ശ്രീ.പി.എസ്.വിദ്യാധരൻ മാസ്റ്ററെയും സദസിന് പരിചയപ്പെടുത്തും. ചടങ്ങിന് ആശംസകൾ നേർന്നുകൊണ് ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.കെ.സി.മാനവേദൻ രാജ, ബ്രഹ്മശ്രീ. പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ശ്രീ.മനോജ് ബി നായർ, ചെമ്പൈ സബ്ബ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വൈക്കം വേണുഗോപാൽ, ശ്രീ. തിരുവിഴ ശിവാനന്ദൻ, ശ്രീ. എൻ. ഹരി, ശ്രീ. ചെമ്പൈ സുരേഷ്, ഡോ. കെ.മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ സന്നിഹിതരാകും. അഡ്മിനിസ്ടേറ്റർ ശ്രീ.കെ.പി.വിനയൻ ചടങ്ങിന് കൃതജ്ഞത രേഖപ്പെടുത്തും
……..
സംഗീതാർച്ചന നവംബർ 27 ന് രാവിലെ മുതൽ
…..
ഇത്തവണ ചെമ്പൈ സംഗീതോൽസവത്തിൽ പങ്കെടുക്കാൻ 4000 ത്തോളം പേർ അപേക്ഷിച്ചു. ഇവരിൽ യോഗ്യരായ മൂവായിരത്തോളം പേർക്ക് സംഗീതാർച്ചന നടത്താനാകും. യോഗ്യരായവർക്ക്
ക്ഷണക്കത്ത് വെബ് സൈറ്റിലൂടെ ഡൗൺലോഡ് ചെയ്യാൻ സൗകര്യമൊരുക്കി.
നവംബർ 27 ബുധനാഴ്ച രാവിലെ ഏഴു മണിയോടെ ശ്രീലകത്തു നിന്ന് പകർന്നെത്തിക്കുന്ന ഭദ്രദീപം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പി.സി. ദിനേശൻ നമ്പൂതിരിപ്പാട് സംഗീത മണ്ഡപത്തിൽ തെളിയിക്കും. തുടർന്ന് ക്ഷേത്രം നാദസ്വരം -ത വിൽ അടിയന്തിര വിഭാഗത്തിൻ്റെ മംഗളവാദ്യത്തോടെ ഏകാദശി ദിവസം വരെ നീളുന്ന സംഗീതോൽസവത്തിന് തുടക്കമാകും. തെന്നിന്ത്യയിലെ പ്രശസ്ത സംഗീതജ്ഞർക്കൊപ്പം മൂവായിരത്തോളം സംഗീതോപാസകരും സംഗീതോൽസവത്തിൽ പങ്കെടുക്കും.
സംഗീതോത്സവം സമാപനം
….
ചൈമ്പൈ സംഗീതോൽസവം ശ്രീ ഗുരുവായൂരപ്പ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്നത് ഏകാദശി ദിവസം രാത്രി ,ചെമ്പൈ സ്വാമികൾക്ക് പ്രിയപ്പെട്ട 5 കൃതികളുടെ ആലാപനത്തോടെയാണ്.തുടർന്ന് ചെമ്പൈ സംഗീതോത്സവ അണിയറ പ്രവർത്തർക്കുള്ള ഉപഹാര സമർപ്പണം നടക്കും..ചെമ്പൈ സംഗീതോൽസവം പൂർണമായും ദേവസ്വം യു ട്യൂബ് ചാനൽ വഴി തൽസമയംസംപ്രേഷണം ചെയ്യും. ആകാശവാണിയും ദൂരദർശനും പരിപാടി സംപ്രേഷണം ചെയ്യുന്നുണ്ട്.
…..
ദശമി നാളായ ഡിസംബർ 10ന് ഗജഘോഷയാത്ര, ആനയൂട്ട് എന്നിവയോടെ ഗജരാജൻ ഗുരുവായൂർ കേശവൻ അനുസ്മരണ ദിനം ആചരിക്കും.
പഞ്ചരത്ന കീർത്തനാലാപനം
……
ദശമി ദിനത്തിൽ ചെമ്പൈ സംഗീത മണ്ഡപത്തിൽ രാവിലെ 9 മണിക്ക് ഘനരാഗ പഞ്ചരത്ന കീർത്തനാലാപനം അരങ്ങേറും. ഏകാദശി നാദോപാസനയുടെ ഭാഗമായി ചെമ്പൈ സ്വാമികൾ തൻ്റെ ശിഷ്യരോടൊപ്പം നടത്തിവന്ന പഞ്ചരത്ന കീർത്തനാലാപനത്തിൻ്റെ തുടർച്ചയാണ് ദശമി നാളിലെ സംഗീതാർച്ചന
….
ഗുരുവായൂർ ഏകാദശി ഡിസംബർ 11 ന്
……
പുണ്യ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ച വിവിധ ആചാര ചടങ്ങുകളോടെ ആഘോഷിക്കും.ഗീതാ ദിനമായ അന്ന് രാവിലെ 7 മണി മുതൽ ക്ഷേത്രം ആദ്ധ്യാത്മിക ഹാളിൽ സമ്പൂർണ്ണ ശ്രീമദ് ഗീതാപാരായണം നടക്കും. ആചാര്യൻ ഡോ. വി.അച്യുതൻകുട്ടി. അന്ന് ദേവസ്വം വകയാണ് ചുറ്റുവിളക്ക്.
ഏകാദശി നാളിലെ
ക്ഷേത്ര ദർശനം.
…..
ഗുരുവായൂർ ഏകാദശി നാളിൽ ശ്രീഗുരുവായൂരപ്പനെ കണ്ടു തൊഴാനെത്തുന്ന ഭക്തർക്കാണ് ദർശനത്തിന് പ്രഥമ പരിഗണന. അന്ന് രാവിലെ 6 മണി മുതൽ 2 മണി വി. ഐ പി / സ്പെഷ്യൽ ദർശനം അനുവദിക്കില്ല. കൂടാതെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം, ചോറൂൺ കഴിഞ്ഞ കുട്ടികൾക്കുള്ള പ്രത്യേക ദർശനം എന്നിവ ഉണ്ടാകില്ല.പ്രാദേശികം, സീനിയർ സിറ്റിസൺ എന്നീ ക്യൂ (വരി രാവിലെ 5 മണിക്ക് അവസാനിപ്പിക്കും.
….
വിശേഷാൽ വാദ്യം
….
രാവിലെ ശീവേലി മേളം ഗുരുവായൂർ ശശിമാരാർ & പാർടി . ഉച്ചയ്ക്ക് കാഴ്ച ശീവേലി, പഞ്ചവാദ്യം – തിമില – കുനിശ്ശേരി അനിയൻ മാരാർ & പാർട്ടി, മദ്ദളം – കലാമണ്ഡലം നടരാജ വാരിയർ, ഇടയ്ക്ക – പല്ലശ്ശന സുധാകരൻ, കൊമ്പ്- പോരാമംഗലം വിജയൻ & പാർട്ടി, താളം-പാഞ്ഞാൾ വേലുക്കുട്ടി & പാർട്ടി. സന്ധ്യയ്ക്ക് തായമ്പക – ഗുരുവായൂർ ഗോപൻ മാരാർ & പാർട്ടി, രാത്രി വിളക്ക് മേളം – കക്കാട് രാജപ്പൻ മാരാർ & പാർട്ടി ,രാവിലെ 9 മണിക്ക് ശ്രീപാർത്ഥസാരഥി ക്ഷേത്രത്തിലേക്കുള്ള പഞ്ചവാദ്യം – പല്ലശ്ശന മുരളി മാരാർ, കലാമണ്ഡലം ഹരി നാരായണൻ & പാർടി
…..
ഏകാദശി പ്രസാദ ഊട്ട്
……
ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദ ഊട്ട് രാവിലെ 9 മുതൽ തുടങ്ങും. പ്രസാദ ഊട്ടിനുള്ള വരി ഉച്ചയ്ക്ക് 2 മണിക്ക് അവസാനിപ്പിക്കും. ക്ഷേത്രം അന്ന ലക്ഷ്മി ഹാൾ, അതിനോട് ചേർന്നുള്ള പന്തൽ, ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയം എന്നിവിടങ്ങളിലാണ് പ്രസാദ ഊട്ട്. പ്രസാദ ഊട്ടിൻ്റെ വരികൾ വേദപാഠശാല റോഡിലൂടെ വടക്കേ ഇന്നർ റിംഗ് റോഡിലേക്കും, ഗോകുലം വനമാലയുടെ പിറകിലൂടെ തെക്കേ ഔട്ടർ റിംഗ് റോഡിലേക്കും ക്രമീകരിക്കും. പ്രസാദ ഊട്ട് നൽകാൻ പ്രാവിണ്യമുള്ള 120 പേരെ നിയോഗിക്കും
…..
ഏകാദശി ദിനത്തിൽ
ക്ഷേത്രപരിസരത്ത് ഫസ്റ്റ് എയ്ഡ് പോസ്റ്റ്.
…..
ഏകാദശി നാളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് ആവശ്യഘട്ടത്തിൽ അടിയന്തിര വൈദ്യ പരിചരണ്ടം നൽകാൻ പ്രഥമ ശുശ്രൂഷാ കേന്ദ്രം തുറക്കും.രാവിലെ മുതൽ വൈകുന്നേരം വരെ സേവനം ലഭ്യമാകും. ദേവസ്വം മെഡിക്കൽ സെൻറർ, ആയൂർവ്വേദ ആശുപത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രസ്തുത സേവനം
…
ഏകാദശി അക്ഷരശ്ശോകം
…
ഏകാദശി ദിവസമായ ഡിസംബർ 11 (ബുധനാഴ്ച ) ഉച്ചയ്ക്ക് 2 മണി മുതൽ സുവർണ മുദ്രയ്ക്കായുള്ള എകാദശി അക്ഷരശ്ലോക മൽസരം നടക്കും. ദേവസ്വം കാര്യാലയത്തിലെ കുറൂരമ്മ ഹാളിലാണ് മൽസരം.