പ്രധാനമന്ത്രി നരേന്ദ്ര മോദി നൈജീരിയുടെ ‘ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍’ ദേശീയ പുരസ്കാരം നൈജീരിയന്‍ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവില്‍ നിന്ന് ഏറ്റുവാങ്ങി. 1969ല്‍ എലിസബത്ത് രാജ്ഞിക്ക് നല്കിയ ശേഷം ഈ പുരസ്കാരത്തിന് അര്‍ഹനാകുന്ന വിദേശ നേതാവ് കൂടിയാണ് നരേന്ദ്ര മോദി. മോദിക്ക് ലഭിക്കുന്ന 17 -ാമത്തെ രാജ്യാന്തര പുരസ്കാരമാണ് ‘ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി നൈജര്‍’.
◾ മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ബിജെപിക്ക് തിരിച്ചടിയായി നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്‍ഡിഎ സഖ്യം വിട്ടു. സംസ്ഥാന സര്‍ക്കാറിനുള്ള പിന്തുണ എന്‍പിപി പിന്‍വലിച്ചു. ഇക്കാര്യം അറിയിച്ച് എന്‍പിപി ബിജെപി അദ്ധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് കത്ത് നല്കി. മണിപ്പുരില്‍ വംശീയ കലാപം നിയന്ത്രിക്കുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയമാണെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു.
◾ മണിപ്പൂര്‍ കലാപം അതിരൂക്ഷമായി തുടരുന്നതിനിടെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും യോഗം വിളിച്ചു. ഇന്ന് 12 മണിക്ക് ഡല്‍ഹിയിലാകും ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. സമാധാനം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ അമിത് ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താന്‍ ഇന്നും യോഗം വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂര്‍ കലാപത്തില്‍ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. കാണാതായ കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് കലാപം രൂക്ഷമായത്. കലാപവുമായി ബന്ധപ്പെട്ട കേസുകളെല്ലാം എന്‍ഐഎക്ക് കൈമാറാനാണ് പോലീസിന് നിര്‍ദേശം. വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കേ മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലും, വാധ്രയിലും ഇന്നലെ നടത്തേണ്ടിയിരുന്ന റാലികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയില്‍ തുടരുന്നത്.
◾ ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ മുസ്ലിം ലീഗ് നേതാക്കളെ കാണാന്‍ പാണക്കാട് വീട്ടിലെത്തി. പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള മുസ്ലിം ലീഗ് നേതാക്കള്‍ സന്ദീപിനെ സ്വീകരിച്ചു. കൊടപ്പനക്കല്‍ തറവാട്ടില്‍ തനിക്ക് വലിയൊരു കസേരയാണ് കിട്ടിയതെന്നും ഇരിക്കുന്ന കസേരയുടെ മാഹാത്മ്യം അറിയാതെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തനിക്കെതിരെ ആരോപണങ്ങള്‍ തുടരുന്നതെന്നും സന്ദീപ് പറഞ്ഞു.
◾ കെപിസിസി ആവശ്യപ്പെട്ട പ്രകാരമാണ് സന്ദീപ് വാര്യര്‍ പാണക്കാട്ടേക്ക് പോയതെന്ന് കെ സുധാകരന്. മുന്നണിയില്‍ വരുമ്പോള്‍ മുസ്ലിം ലീഗിനെ കൂടി ബഹുമാനിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിന് ദ്രോഹമാകുമോ എന്ന് പരിശോധിച്ചിരുന്നു. എന്നാല്‍ സന്ദീപ് വാര്യരുടെ വരവ് ഗുണമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.
◾ സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം മാധ്യമങ്ങള്‍ മഹത്വവത്കരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സന്ദീപ് വാര്യര്‍ പാണക്കാട് പോകുന്നു എന്ന് വാര്‍ത്ത കണ്ടപ്പോള്‍ ബാബരി മസ്ജിദ് തകര്‍ത്ത ശേഷമുള്ള തെരഞ്ഞെടുപ്പാണ് ഓര്മ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1991 ല്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസും ലീഗും ബി ജെ പിയും ചേര്‍ന്ന് കോണ്‍ഗ്രസ് ലീഗ് ബിജെപി സഖ്യമായി മത്സരിച്ചു എന്ന ആക്ഷേപമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്. സന്ദീപ് എന്തായിരുന്നു എന്ന് ലീഗ് അണികള്‍ക്കും അറിയാമല്ലോയെന്നും അവരിലുള്ള അമര്‍ഷവും പ്രതിഷേധവും ശമിപ്പിക്കാന്‍ പാണക്കാട് പോയി വര്‍ത്തമാനം പറഞ്ഞാല്‍ തീരുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണെും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ സന്ദീപ് വാര്യര്‍ ബി ജെ പി വിട്ടപ്പോള്‍ സി പി എമ്മില്‍ കൂട്ടക്കരച്ചിലാണെന്നും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി വരെ പ്രയാസത്തിലാണെന്നും കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരമുള്ള മുഖ്യമന്ത്രിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ അധികാരമില്ലാത്ത പാണക്കാട് തങ്ങള്‍ ചെയ്യുന്നുണ്ടെന്നും അതില്‍ മുഖ്യമന്ത്രിക്കും സി പി എമ്മിനും അമ്പരപ്പാണ് ഉള്ളതെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനം അദ്ദേഹത്തിന്റെ ഗതികേടിന്റെ ഉദാഹരണമെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.
◾ കോണ്‍ഗ്രസിന്റെ അന്ത്യത്തിന്റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്ന് മന്ത്രി എം ബി രാജേഷ്. വിഷം ചീറ്റിയെ ആളെ ഞങ്ങള്‍ എടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ലെന്നും പാണക്കാട്ടെ സന്ദര്‍ശനം പരിഹാസ്യമായ നാടകമാണെന്നും എം ബി രാജേഷ് പറഞ്ഞു. സന്ദീപ് ആര്‍എസ്എസിനെ തള്ളി പറയാന്‍ തയ്യാറായുണ്ടോയെന്നും സവര്‍ക്കറേ തള്ളിപ്പറയുമോ എന്നും രാജേഷ് ചോദിച്ചു. ആര്‍എസ്എസ് കോണ്‍ഗ്രസിലേക്ക് നിയോഗിച്ച ഏജന്റ് ആണ് സന്ദീപ് വാര്യരെന്നും മന്ത്രി പറഞ്ഞു.
◾ അപ്പം കൊടുത്തു പിണ്ണാക്ക് വാങ്ങിയ അവസ്ഥയായി കോണ്‍ഗ്രസിനെന്നായിരുന്നു എ കെ ബാലന്റെ പ്രതികരണം. യുഡിഎഫ് – ആര്‍എസ്എസ് അവിശുദ്ധ ബന്ധത്തിനുള്ള പാലമാണ് സന്ദീപ് വാര്യരെന്നും കെപിസിസി ഓഫീസിനുള്ളില്‍ ഇനി ആര്‍എസ്എസ് ശാഖ തുടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം കിട്ടിയില്ലെങ്കില്‍ സ്നേഹത്തിന്റെ കട വിടരുതെന്ന് കെ മുരളീധരന് വരെ സന്ദീപിനോട് പറഞ്ഞുകഴിഞ്ഞുവെന്നും ബാലന് കൂട്ടിച്ചേര്‍ത്തു.
◾ രണ്ട് കാര്യങ്ങള്‍ കൊണ്ടാണ് സന്ദീപ് വാരിയരുടെ വരവിനെ എതിര്‍ത്തതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഒന്നാമത്തേത് രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി വിമര്ശിച്ചതിനാണെന്നും രണ്ട് ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതിനുമാണെന്നും അല്ലാതെ സന്ദീപ് വാര്യരുമായി തനിക്ക് പ്രശ്നമൊന്നുമില്ലെന്നും മുരളീധരന് പറഞ്ഞു.
◾ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ കോണ്‍ഗ്രസ് വര്‍ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ലെന്നും വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോ എന്നും സുരേന്ദ്രന് ചോദിച്ചു. കോണ്‍ഗ്രസ് ഓഫീസ് നിറയെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രന് പറഞ്ഞു.
◾ തന്റെ സന്ദര്‍ശനത്തിന്റെ പേരില്‍ മുഖ്യമന്ത്രി പാണക്കാട് തങ്ങളെ വിമര്‍ശിച്ചത് ദൗര്‍ഭാഗ്യകരമാണെന്ന് സന്ദീപ് വാര്യര്‍. പാലക്കാട്ട് സിപിഎം ബിജെപി അഡ്ജസ്റ്റ്മെന്റ് ഉണ്ടെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ താന്‍ സിപിഎമ്മിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പറഞ്ഞു. ഇനി ബിജെപിയെ വിമര്‍ശിക്കാനില്ലെന്നും താന്‍ തല്ലിയാല്‍ അത് നന്നാവില്ലെന്നും രമ്യ ചേലക്കരയില്‍ പാട്ടും പാടി ജയിക്കുമെന്നും പാലക്കാട്ടെ നായകന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയാണെന്നും സന്ദീപ് വാര്യര്‍ വ്യക്തമാക്കി.
◾ സീ പ്ലെയിന്‍ പദ്ധതി താത്കാലിമായി നിര്‍ത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി. സീ പ്ലെയിന്‍ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച ചെയ്യണം. ചര്‍ച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. സിഐടിയു, എഐടിയുസി നേതാക്കള്‍ അടക്കം പങ്കെടുത്ത യോഗത്തിലാണ് മത്സ്യ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി നിലപാട് വ്യക്തമാക്കിയത്.
◾ വയനാട് ദുരന്തത്തില്‍ ധനസഹായം നിശ്ചയിക്കാനുള്ള ഉന്നതാധികാര സമിതി യോഗം ചേരാന്‍ ഇനിയും വൈകുമെന്ന് സൂചന. പുനരധിവാസത്തിനുള്ള സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനം ഇനിയും കൈമാറാത്ത സാഹചര്യത്തിലാണ് നടപടികള്‍ നീളുന്നത്. വയനാട്ടില്‍ സ്ഥലമേറ്റെടുക്കുന്നതിലെ കാലതാമസം കോടതിയിലടക്കം സാങ്കേതിക തടസമായി കേന്ദ്രം ഉന്നയിച്ചേക്കും.
◾ ശബരിമല ദര്‍ശനത്തിനായി എത്തുന്ന ഭക്തര്‍ അയ്യപ്പന്റെ പൂങ്കാവനത്തിന്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉല്‍പ്പനങ്ങളും ഇരുമുടികെട്ടില്‍ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകള്‍ തുടരുന്നത് ഭക്തര്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
◾ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
◾ കോണ്‍ഗ്രസ് കോഴിക്കോട്ട് നടത്തിയ ഹര്‍ത്താലിനിടെ സംഘര്‍ഷം. ഹര്‍ത്താല്‍ അനുകൂലികള്‍ സ്വകാര്യ ബസുകള്‍ തടയുകയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കുകയും ചെയ്തു. ബസ് ജീവനക്കാരും കടയുടമകളും സമരാനുകൂലികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരെഞ്ഞടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ ഹര്‍ത്താല്‍ നടത്തിയത്.
◾ ശബരിമല റോപ്വേക്ക് വനഭൂമിക്ക് പകരം റവന്യു ഭൂമി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ്. 4.5336 ഹെക്ടര്‍ വനഭൂമിക്ക് പകരം കൊല്ലം കുളത്തൂപുഴയില് അത്ര തന്നെ ഭൂമി അനുവദിച്ചു. ആറ് മാസത്തിനകം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് റോപ്പ് വേ ഓപ്പറേഷന്‍സ് മേധാവി ഉമാ നായര്‍ പറഞ്ഞു. .
◾ വയനാട് മുട്ടില്‍ ഡബ്ല്യുഒ യുപി സ്കൂളിലെ 17 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സംശയം. കുട്ടികളെ കൈനാട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി, ഛര്‍ദി, വയറിളക്കം എന്നിവയെ തുടര്‍ന്നാണ് എല്‍പി സ്കൂള്‍ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം സ്കൂളില്‍ പരിശോധന നടത്തി.
◾ ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. എറണാകുളം കുണ്ടന്നൂര്‍ പാലത്തിന് താഴെ നിന്നും പിടിയിലായ സന്തോഷ് സെല്വന് കുറുവാ സംഘാംഗമാണെന്നും ഇയാളാണ് മണ്ണഞ്ചേരിയിലെത്തിയതെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു വ്യക്തമാക്കി.
◾ കുറുവാ സംഘത്തില്‍പ്പെട്ട 14 പേരാണ് കേരളത്തിലെത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എറണാകുളം കുണ്ടന്നൂരില്‍ നിന്നും കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളില്‍ നിന്നും ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. രാത്രികാല പെട്രോളിംങിന് പുറമെ ഡ്രോണ്‍ ഉപയോഗിച്ചുളള പരിശോധനയും ഇനി നടത്തും.
◾ തലശ്ശേരി സ്വദേശികളായ സഹോദരങ്ങള്‍ കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ബീച്ചില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യാപക പരിശോധന നടത്തി. മരിച്ചവര്‍ക്ക് മഞ്ഞപ്പിത്തം ബാധിക്കാനിടയായത് കോഴിക്കോട് നിന്ന് ഭക്ഷണം കഴിച്ചതിനാലാണെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കോര്പ്പറേഷന് ഹെല്‍ത്ത് ഓഫീസര്‍ ഡോ മുനവര്‍ റഹ്മാന്റെ നേതൃത്വത്തില്‍ നാല് സ്ക്വാഡുകളായാണ് പരിശോധന നടത്തിയത്.
◾ സ്കൂളില്‍ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂുകളില്‍ നിന്ന് വിനോദയാത്ര പോയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. പറവൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്.
◾ നേമത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അനന്തകൃഷ്ണന്( 15) ആണ് മരിച്ചത്. എന്താണ് കുട്ടിയുടെ മരണ കാരണമെന്ന് വ്യക്തമല്ല. നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
◾ സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന കേസില്‍ ഇന്നലേയും മോചന ഉത്തരവ് ഉണ്ടായില്ല. സിറ്റിങ് പൂര്‍ത്തിയായായെങ്കിലും വിധി പറയല്‍ രണ്ടാഴ്ചക്ക് ശേഷമെന്ന് കോടതി അറിയിച്ചു. കഴിഞ്ഞ മാസം 21ന് നടന്ന സിറ്റിങിലാണ് കേസ് ഇന്നലെ പരിഗണിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. അതേസമയം അബ്ദുള്‍ റഹീമിന്റെ മോചന ഉത്തരവ് നീളാനിടയാക്കിയത് കേസില്‍ പ്രോസിക്യൂഷന് സമര്‍പ്പിച്ച സത്യവാങ്മൂലമാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്ക് കോടതി തീരുമാനിക്കുകയായിരുന്നു.
◾ മകനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും അബ്ദുല്‍ റഹീമിന്റെ മാതാവ് ഫാത്തിമ. വലിയ പ്രതീക്ഷയില്‍ ആയിരുന്നെന്ന് സഹോദരന് നസീറും പ്രതികരിച്ചു. മോചനം നീണ്ടു പോകുന്നത് എന്തു കൊണ്ടാണെന്നറിയില്ല. കോടതിയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും സഹോദരന് പറഞ്ഞു.
◾ സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ കേസ് കേള്‍ക്കാന്‍ കോടതി ഡിസംബര്‍ എട്ടിന് ഞായറാഴ്ച രാവിലെ 9:30 ന് സമയം നല്‍കിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു. കേസ് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതോടെ റഹീമിന്റെ ജയില്‍ മോചനം ഇനിയും വൈകും. ഇന്നലെ അനുകൂല വിധി ഉണ്ടാകുമെന്ന് പ്രത്യക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. കേസുമായി ബന്ധപ്പെട്ട് ലഭിച്ച കോടതി പരാമര്‍ശങ്ങള്‍ എല്ലാം പഠിച്ച ശേഷമായിരിക്കും ഡിസംബര്‍ എട്ടിന് കോടതിയിലെത്തുകയെന്ന് റഹീമിന്റെ അഭിഭാഷകര്‍ അറിയിച്ചു.
◾ മംഗളൂരുവിലെ സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു. മൈസൂര്‍ സ്വദേശികളായ എംഡി നിഷിത (21), എസ് പാര്‍വതി (20), എന്‍ കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നീന്തല്‍ കുളത്തിലിറങ്ങിയപ്പോള്‍ യുവതികള്‍ അപകടത്തില്‍ പെടുകയായിരുന്നു.
◾ മന്ത്രി കൈലാഷ് ഗെലോട്ട് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. അരവിന്ദ് കെജ്രിവാളിനാണ് ഗതാഗത മന്ത്രിയായ ഗെലോട്ട് രാജിക്കത്ത് നല്‍കിയത്. എഎപിക്കും കെജ്രിവാളിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് രാജിക്കത്ത്. കെജ്രിവാളിന്റെ വസതി കോടികള്‍ മുടക്കി നവീകരിച്ചതിന് എതിരായ പരാതികള്‍ ആംആദ്മി പാര്‍ട്ടി ജനങ്ങള്‍ക്ക് ഒപ്പം തന്നെയാണോ എന്ന സംശയം ഉണ്ടാക്കിയെന്നും യമുന നദി ശുചിയാക്കാത്തത് നല്കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ല എന്നതിന് തെളിവാണെന്നും സ്വന്തം അജണ്ടകളാണ് എഎപിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നതെന്നും ഗെലോട്ട് വ്യക്തമാക്കി.
◾ തെലുങ്കര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ അറസ്റ്റിലായ നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു. നടിയെ ജയിലിലേക്ക് മാറ്റും. രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെയെന്നായിരുന്നു കോടതിയില്‍ എത്തിച്ചപ്പോള്‍ കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.
◾ ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച് 174 തടവുകാര്‍ക്ക് മോചനം നല്‍കിയതായി പ്രഖ്യാപിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. ഇന്നലെയാണ് റോയല്‍ ഒമാന്‍ പൊലീസ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചത്. മോചനം ലഭിക്കുന്നവരില്‍ ഒമാന്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടുന്നു. വിവിധ കേസുകളില്‍ തടവുശിക്ഷ അനുഭവിക്കുന്നവരാണ് ഇവര്‍.
◾ യു പിയിലെ ത്സാന്‍സി മെഡിക്കല്‍ കോളേജില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തില്‍ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തല്‍. പത്ത് കുട്ടികളെ കിടത്താവുന്ന ഐ സി യുവില്‍ കിടത്തിയത് അമ്പതിലധികം കുട്ടികളെയായിരുന്നു. യു പി സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് വിവരം.
◾ ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ 10 നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവത്തിന് കാരണമായ തീപ്പിടിത്തത്തിന് വഴിവെച്ചത് സ്വിച്ച്ബോര്ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ കണ്ടെത്തല്‍.സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയോ അശ്രദ്ധയോ ഒന്നും തന്നെയില്ലെന്നും അതിനാല്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
◾ ഇസ്രയേല്‍ ആക്രമണത്തില്‍ ഹിസ്ബുള്ള വക്താവ് മുഹമ്മദ് അഫീഫ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. മധ്യ ബയ്റുത്തില്‍ ഇന്നലെയുണ്ടായ ആക്രമണത്തിലാണ് അഫീഫ് കൊല്ലപ്പെട്ടത്. സിറിയന്‍ ബാത്ത് പാര്‍ട്ടിയുടെ ലെബനനിലെ റാസ് അല്‍ നാബയിലുള്ള ഓഫീസ് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഹിസ്ബുള്ളയുടെ മീഡിയ ഓഫീസ് അഫീഫിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
◾ റഷ്യക്കെതിരെ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈനു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്. വരുന്ന ദിവസങ്ങളില്‍ റഷ്യയ്ക്കെതിരെ ആദ്യമായി ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്താന്‍ യുക്രെയ്ന് പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് യുഎസിന്റെ നിലപാടുമാറ്റം. പശ്ചിമ റഷ്യയിലെ കസ്ക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന റഷ്യന്‍-ഉത്തരകൊറിയന്‍ സംയുക്ത സേനയെയാകും യുക്രൈന് ആദ്യഘട്ടത്തില്‍ ലക്ഷ്യംവെക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ട്.
◾ ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ല. രോഹിതിന്റെ ഭാര്യ റിതിക വെള്ളിയാഴ്ചയാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കയിത്. ഇതിനെ തുടര്‍ന്നാണ് രോഹിത് നാട്ടില്‍ തന്നെ നില്ക്കാന് തീരുമാനിച്ചത്. ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം മുതലാണ് രോഹിത് ടീമിനൊപ്പം ചേരുക. രോഹിതിന് പകരം പെര്‍ത്ത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും. നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ നാല് മുതല്‍ അഡ്ലെയ്ഡില് ആരംഭിക്കും.
◾ ഓഹരി വിപണിയിലെ പത്ത് മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,65,180.04 കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സിക്ക് മാത്രം കഴിഞ്ഞയാഴ്ച 46,729 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇതോടെ എച്ച്ഡിഎഫ്സിയുടെ വിപണി മൂല്യം 12,94,025 കോടിയായി കുറഞ്ഞു. എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 34,984 കോടിയുടെ കുറവാണ് ഉണ്ടായത്. 7,17,584 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം താഴ്ന്നത്. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 27,830 കോടി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് 22,057 കോടി, ഐടിസി 15,449 കോടി, ഭാരതി എയര്‍ടെല്‍ 11,215 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധനവുമായി ഇന്‍ഫോസിസ് 13,681 കോടി, ടിസിഎസ് 416.08 കോടി കമ്പനികളുണ്ട്. നവംബറില്‍ ഇതുവരെ ഓഹരി വിപണിയില്‍ നിന്ന് 22,420 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പുറത്തേയ്ക്ക് ഒഴുക്കിയത്.
◾ 2002ലെ ഗോധ്ര സംഭവവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ‘ദ സബര്‍മതി റിപ്പോര്ട്ടി’ന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ സത്യങ്ങള്‍ പുറത്തുവരുന്നത് നല്ലതാണ് എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്. പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാവ് ഏക്ത കപൂര്‍ രംഗത്തെത്തി. ചിത്രത്തെക്കുറിച്ചുള്ള അലോക് ഭട്ട് എന്ന അക്കൗണ്ടില്‍ നിന്നു വന്ന പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു മോദിയുടെ കുറിപ്പ്. സാധാരണക്കാര്‍ക്ക് കാണാനാകുന്ന വിധത്തില്‍ ഈ സത്യം പുറത്തുവരുന്നത് നല്ലതാണ്. വ്യാജ ആഖ്യാനങ്ങള്‍ക്ക് പരിമിത കാലത്തേക്ക് മാത്രമേ നിലനില്‍പ്പുണ്ടാകൂ. ഒടുവില്‍, വസ്തുതകള്‍ പുറത്തുവരും.- മോദി കുറിച്ചു. ധീരജ് സര്‍ണ സംവിധാനം ചെയ്ത ചിത്രത്തില്‍ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ വേഷത്തിലാണ് വിക്രാന്ത് എത്തുന്നത്. റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
◾ ശിവ – സൂര്യ കൂട്ടുകെട്ടിലെത്തിയ ‘കങ്കുവ’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. വന്‍ ഹൈപ്പോടെയെത്തിയ ചിത്രം തിയറ്ററുകളില്‍ വന്‍ പരാജയമായി മാറിയിരുന്നു. ബോളിവുഡ് നടി ദിഷ പഠാനിയായിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. ചിത്രത്തിലെ യോലോ എന്ന ഗാനരംഗത്തില്‍ താരം ഗ്ലാമറസ് ആയി എത്തുകയും ചെയ്തു. എന്നാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് വന്‍ തുകയാണ് ദിഷ പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ചിത്രത്തിനായി ദിഷ വാങ്ങിയത്. അഞ്ച് കോടി രൂപയാണ് കങ്കുവയ്ക്കായി ദിഷ കൈപ്പറ്റിയിരിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായെത്തിയത്. ഇന്ത്യയില്‍ ഇതുവരെ 42 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ് പുറത്തുവരുന്ന വിവരം. 350 കോടി ബജറ്റിലായിരുന്നു കങ്കുവ ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ ചെലവേറിയ ചിത്രങ്ങളില്‍ ഒന്നു കൂടിയായിരുന്നു കങ്കുവ.
◾ സാങ്കേതിക തകരാര്‍ മൂലം സ്കോഡ-ഫോക്സ്വാഗണ് ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ നിര്‍മ്മിച്ച വാഹനങ്ങളുടെ തിരഞ്ഞെടുത്ത യൂണിറ്റുകളെ തിരിച്ചുവിളിച്ച് സ്കോഡയും ഫോക്സ്വാഗണും. കുഷാക്ക്, ടൈഗണ്‍ എസ്യുവികളും സ്ലാവിയ, വിര്‍ട്ടസ് സെഡാനുകളും ഈ മോഡലുകളില്‍ ഉള്‍പ്പെടുന്നു. ആകെയുള്ള 52 യൂണിറ്റുകളില്‍ 14 എണ്ണം സ്കോഡ കുഷാക്ക്, സ്ലാവിയ മോഡലുകളും 38 എണ്ണം ഫോക്സ്വാഗണ് ടൈഗണ്‍, വിര്‍ടസ് മോഡലുകളുമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചില പാര്‍ട്സുകളുടെ ഉല്‍പ്പാദന പ്രക്രിയയിലെ തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായത്. ട്രാക്ക് കണ്ട്രോള് ആമിലെ തെറ്റായ വെല്ഡിങ്ങുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. ഇത് മുന്നറിയിപ്പില്ലാതെ വാഹന നിയന്ത്രണവും സ്ഥിരതയും പെട്ടെന്ന് നഷ്ടപ്പെടാന്‍ ഇടയാക്കും. 2023 നവംബര്‍ 29 നും 2024 ജനുവരി 20 നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകളെയാണ് തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
◾ ഭിന്നശേഷിക്കാരനായ 28 വയസ്സുള്ള മകന്റെ ആകസ്മിക മരണത്തിനു ശേഷം അയാളുടെ മയ്യത്തടക്കുന്നതു വരെയുള്ള സമയദൂരത്തിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വാപ്പയുടെ സ്മരണയിലൂടെ മുന്നേറുന്ന ഈ നോവല്‍ അതിസൂക്ഷ്മമായ ചില ജീവിത സന്ദര്‍ഭങ്ങളെയും മാനസിക വ്യാപാരങ്ങളെയും ബന്ധങ്ങളുടെ മാറി മറിയുന്ന സമവാക്യങ്ങളെയും സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട്. പ്രമേയത്തിന്റെ പ്രത്യേകതയും കഥാഘടന രൂപപ്പെടുത്തുന്നതിലും കഥാസന്ദര്‍ഭങ്ങള്‍ മെനഞ്ഞെടുക്കുന്നതിലും പുലര്‍ത്തുന്ന ശ്രദ്ധേയമായ രീതിയും നോവലിനെ വ്യത്യസ്തമാക്കുന്നു. ‘അനുയാത്ര’. അബു അബിനു. ഡിസി ബുക്സ്. വില 342 രൂപ.
◾ ഇന്ത്യയില്‍ നിയമപരമായി കഞ്ചാവ് ഉപയോഗം നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആഗോളതലത്തില്‍ ഇപ്പോഴും കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. ഔഷധമായും സാംസ്കാരത്തിന്റെ ഭാഗമായുമൊക്കെ കഞ്ചാവിനെ ഒരു കാലത്ത് കണ്ടിരുന്നു. എന്നാല്‍ കഞ്ചാവ് ഉപയോഗം കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ജെനോടോക്സിക് വസ്തു (ഡിഎന്‍എ നശിപ്പിക്കാന്‍ കഴിയുന്ന വസ്തു) എന്നാണ് കഞ്ചാവിനെ ഗവേഷകര്‍ വിശേഷപ്പെടുത്തിയത്. കഞ്ചാവിന് കോശത്തിന്റെ ജനിതക വിവരങ്ങള്‍ നശിപ്പിക്കാനാകും ഡിഎന്‍എ മ്യൂട്ടേഷന്, ത്വരിതഗതിയിലുള്ള വാര്‍ധക്യം, അര്‍ബുദം എന്നിവയിലേക്ക് നയിക്കാനും സാധിക്കും. ഇത്തരത്തില്‍ മ്യൂട്ടേഷന് സംഭവിക്കുന്ന കോശങ്ങള്‍ ബീജത്തിലൂടെ അല്ലെങ്കില്‍ അണ്ഡത്തിലൂടെ അടുത്ത തലമുറയിലേക്കും വ്യാപിക്കാമെന്നതാണ് ഇതിന്റെ അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ഇത് കഞ്ചാവിന്റെ ട്രാന്‍സ്- ജനറേഷന് സ്വാധീനം എത്രമാത്രമുണ്ടെന്നതിന്റെ തെളിവാണ്. മൈറ്റോകോണ്ഡ്രിയല് പ്രവര്‍ത്തനരഹിതമാകുന്നതും ക്രോമസോം തകരാറും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് അടുത്തിടെ പുറത്തുവന്ന മറ്റൊരു പഠനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം തടസപ്പെടുത്തി കൊണ്ട് സെല്ലുലാര്‍ എനര്‍ജി ഉല്പാദനത്തെ നശിപ്പിക്കുന്ന കഞ്ചാവിന്റെ പ്രഭാവത്തെ കുറിച്ച് ഈ പഠനം വ്യക്തമാക്കുന്നുണ്ട്. അഡിക്ഷന് ബയോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.