ന്യൂഡല്‍ഹി : വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് ആദായനികുതി പിടിക്കാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്ന് വിധിയില്‍ കോടതി വ്യക്തമാക്കി. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായ വൈദികരുടെയും കന്യാസ്ത്രീകളുടെയും ശമ്പളത്തില്‍നിന്ന് നികുതി ഈടാക്കുന്നതിനെതിരായ അപ്പീലുകള്‍ തള്ളിയാണ് വിധി.
വൈദികരും കന്യാസ്ത്രീകളും ശമ്പളം സഭയ്ക്ക് നല്‍കുകയാണെന്നും അതിനാല്‍ അവരുടെ ശമ്പളത്തെ വ്യക്തിഗതമായി കാണാനാകില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം. എന്നാല്‍, ഈ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. ശമ്പളം കൈമാറുന്നതിന്റെ പേരില്‍ അതിന് നികുതി നല്കാതിരിക്കാനാവില്ല. ജോലിയുണ്ടായിരിക്കുകയും അതിന് ശമ്പളം കിട്ടുകയും ചെയ്യുന്നുണ്ടെങ്കില്‍ നികുതിനല്കാന് ബാധ്യതയുണ്ട്.