അന്തിമഫലം പുറത്തുവന്നപ്പോൾ ട്രംപിന് മൊത്തം 312 ഇലക്ടറൽ വോട്ടുകളും കമല ഹാരിസിന് മൊത്തം
226 ഇലക്ട്രൽ വോട്ടുകളുമാണ് ലഭിച്ചത് അരിസോണ: അമേരിക്കൻ തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്ത്. അരിസോണയിലെ ഫല പ്രഖ്യാപനം കൂടി പൂർത്തിയായതോടെയാണ് അന്തിമ ചിത്രം തെളിഞ്ഞത്. അരിസോണയും ട്രംപിന് തകർപ്പൻ ജയമാണ് കരുതിവച്ചിരുന്നത്. അരിസോണയിലെ അന്തിമ ഫലം കൂടി വന്നതോടെ, ട്രംപിന് മൊത്തം 312 ഇലക്ടറൽ വോട്ടുകളായി. കമല ഹാരിസനാകട്ടെ
226 ഇലക്ട്രൽ വോട്ടുകൾ മാത്രമാണ് മൊത്തത്തിൽ നേടാനായത്. വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണമാണ് നടന്നതെങ്കിലും അവസാന ചിത്രം തെളിയുമ്പോൾ കമലക്ക് കടുത്ത നിരാശയാണ് ഫലം. ആദ്യഘട്ടത്തിൽ വിജയം പ്രതീക്ഷിച്ച കമലയെ സംബന്ധിച്ചടുത്തോളം 86 വോട്ടുകളുടെ തോൽവി വലിയ തിരിച്ചടിയാണ്.അതേസമയം സർക്കാർ രൂപീകരണത്തിലെ നിർണായക തീരുമാനങ്ങളുമായി ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. തന്‍റെ വൈറ്റ് ഹൗസ് ടീമിൽ മുൻ യു എൻ അംബാസഡര്‍ നിക്കി ഹേലിയുണ്ടാകില്ലെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. താത്പര്യം ഇല്ലെന്ന് നേരത്തെ പറഞ്ഞതെന്നാണ് ഹേലിയുടെ പ്രതികരണം. ഇന്ത്യൻ വംശജയായ ഹേലി റിപ്പബ്ലിക്കൻ സ്ഥാനാർഥിയാകാൻ മത്സരിച്ചിരുന്നു. മുൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയെയും തഴഞ്ഞിട്ടുണ്ട്. മുമ്പ് ഇവരുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്തിനായുള്ള അവരുടെ സേവനങ്ങൾക്ക് നന്ദിയെന്നും ട്രംപ് എക്സില്‍ കുറിച്ചു. ഇരുവരും ആദ്യ ട്രംപ് സര്‍ക്കാരില്‍ സുപ്രധാന ചുമതല വഹിച്ചവരാണ്.അതിനിടെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി സൂസി വൈല്‍സിനെ നിയോഗിക്കുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. നിയുക്ത പ്രസിഡന്‍റ് ആയ ശേഷമുളള ട്രംപിന്‍റെ ആദ്യ തീരുമാനമായിരുന്നു സൂസിയുടെ നിയമനം സംബന്ധിച്ച പ്രഖ്യാപനം. അമേരിക്കയുടെ ചരിത്രത്തില്‍ ഈ പദവിയില്‍ എത്തുന്ന ആദ്യ വനിതയാണ് സൂസി. ട്രംപിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകിയവരിൽ ഒരാളായിരുന്നു സൂസി വൈല്‍സ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയങ്ങളിലൊന്ന് നേടാൻ സൂസി വൈൽസ് തന്നെ സഹായിച്ചെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.