മലയിൻകീഴ് : മൂക്കുന്നിമലയിലെ ഫയറിംഗ് പരിശീലന കേന്ദ്രത്തിൽ നിന്നുള്ളതെന്ന് കരുതുന്ന വെടിയുണ്ട വീണ്ടും കണ്ടെത്തി. വിളവൂർക്കൽ പഞ്ചായത്തിലെ കൊച്ചുപൊറ്റ ലക്ഷം വീട്ടിൽ കലയുടെ വീടിന്റെ വരാന്തയിൽ നിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. വിളവൂർക്കലിൽ നന്ദുവിന്റെ വീട്ടിൽ നിന്നും വെടിയുണ്ട കണ്ടെത്തിയ അതേ ദിവസമാണ് കലയുടെ വീട്ടിലും വെടിയുണ്ട ലഭിച്ചത്.
എന്നാൽ ഇവർ വിവരം ഇന്നലെയാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി.കെ.അനിൽകുമാറിനെ അറിയിക്കുന്നത്. സംഭവ സമയത്ത് വീട്ടിൽ കലയും ഭർത്താവ് സുരേഷും രണ്ട് മക്കളുമുണ്ടായിരുന്നു. ശബ്ദം കേട്ട് കല പുറത്തിറങ്ങിയപ്പോൾ വെടിയുണ്ട ശ്രദ്ധയിൽപ്പെട്ടത്. മലയിൻകീഴ് പൊലീസെത്തി വെടിയുണ്ട സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അന്നേദിവസം തന്നെ നന്ദുവിന്റെ വീടിന് സമീപത്തെ ഇടറോഡിലും ശനിയാഴ്ച ചെറുപൊറ്റ സുദേവന്റെ വീടിന് സമീപത്തുനിന്നും വെടിയുണ്ട കണ്ടെത്തി. നിലവിൽ നാല് വെടിയുണ്ടകളാണ് ഇതുവരെ ലഭിച്ചത്. നേരത്തെ കണ്ടെത്തിയ മൂന്ന് വെടിയുണ്ടകളും ഫോറൻസിക് പരിശോധനയ്ക്കും ബാലൻസ്റ്റിക് എക്സ്പേർട്ടിന്റെ പരിശോധനയ്ക്കും അയച്ചിരിക്കുകയാണ്.