പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ ഡെമോക്രാറ്റ് പാർട്ടി കടക്കെണിയിൽ. കടം വളരെയുയർന്നതിനാൽ തങ്ങളുടെ ശമ്പളത്തിന്റെ കാര്യം എന്താകുമെന്ന ആശങ്കയിലാണ് പ്രചാരണ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാർ.
യുഎസ് മാധ്യമമായ പൊളിറ്റിക്കോയുടെ കലിഫോർണിയ ബ്യൂറോ ചീഫ് ക്രിസ്റ്റഫർ കാഡെലാഗോയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ കമല ഹാരിസിന്റെ പ്രചാരണം അവസാനിച്ചത് കുറഞ്ഞത് രണ്ടു കോടി യുഎസ് ഡോളറിന്റെ (20 ദശലക്ഷം – 168.79 കോടി ഇന്ത്യൻ രൂപ) കടത്തിലാണെന്ന വിവരം പുറത്തുവിട്ടത്. ഒക്ടോബർ 16 വരെയുള്ള കണക്ക് പ്രകാരം കമലയുടെ പ്രചാരണ വിഭാഗത്തിന് ഒരു ബില്യൻ (100 കോടി) യുഎസ് ഡോളർ ഫണ്ട് കണ്ടെത്താൻ സാധിച്ചിരുന്നു. ബാങ്ക് അക്കൗണ്ടിൽ 11.8 കോടി യുഎസ് ഡോളർ ഉണ്ടായിരുന്നുവെന്നുമാണ് കാഡെലാഗോ പുറത്തുവിട്ട വിവരം.
മാത്രമല്ല, പരസ്യങ്ങൾക്കും മറ്റുമായി ചെലവഴിച്ച തുക എപ്പോൾ ലഭിക്കുമെന്ന് അറിയാത്ത അവസ്ഥയിലാണ് വെണ്ടർമാരും. അതിനിടെ, കമലയുടെ പ്രചാരണ വിഭാഗത്തെ സഹായിക്കണമെന്ന് അഭ്യർഥിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും രംഗത്തെത്തി. ഇത്രയും പണം കുറഞ്ഞുപോയതിൽ അദ്ദേഹം ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തു. ‘‘ഈ പ്രതിസന്ധി കാലഘട്ടത്തിൽ നമുക്ക് ചെയ്യാനാകുന്നത് അവർക്കു ചെയ്തുകൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമുക്ക് ഐക്യം വേണ്ടതിനാൽ പാർട്ടിയായി അവരെ സഹായിക്കണം’’ – ട്രംപ് പറഞ്ഞു.