തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടി കട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണമെന്നും തന്ത്രി. ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന് കത്തയച്ചു.
പിൻകെട്ടിൽ അരി മാത്രം കരുതിയാൽ മതിയെന്നും മുൻകെട്ടിൽ ചന്ദനത്തിരി, കര്‍പ്പൂരം, പനിനീര് തുടങ്ങിയ ആവശ്യമില്ലാത്ത സാധനങ്ങള്‍ ഒഴിവാക്കണമെന്നും തന്ത്രി കത്തിൽ അറിയിച്ചു. മുൻകെട്ടിൽ ഉണക്കലരി, നെയ്യ് തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം കരുതിയാൽ മതിയെന്നും തന്ത്രി അറിയിച്ചു. തന്ത്രിയുടെ നിര്‍ദേശ പ്രകാരം ദേവസ്വം ബോര്‍ഡ് എല്ലാ സബ് ഗ്രൂപ്പ് ഓഫീസര്‍മാരെയും ഇക്കാര്യം അറിയിച്ചു. ക്ഷേത്രങ്ങളിൽ കെട്ടുനിറയ്ക്കുന്നവര്‍ അനാവശ്യമായ സാധനങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.