കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്. പാലക്കാട് ജില്ല രണ്ടാം സ്ഥാനവും കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ട്രോഫികൾ സമ്മാനിച്ചു. സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളുടെ മിന്നുന്ന നേട്ടം നമുക്കേവർക്കും പ്രചോദനം നൽകുന്നതാണെന്ന് കളക്ടർ പറഞ്ഞു.
ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് കായികമേളയിലെ വിവിധ അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ കുട്ടികൾ മത്സരിച്ചത്. പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ , 4 x 100 മീറ്റർ മിക്സഡ് റിലേ, കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള 1600 ലധികം കായിക താരങ്ങളാണ് മാറ്റുരച്ചത്.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണു സംസ്ഥാന കായിക മേളയിൽ പങ്കെടുത്തത്.