കൊച്ചി: മുനമ്ബത്തെ ഭൂമിയില്‍നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ലെന്ന് വഖഫ് ബോർഡ് ചെയർമാൻ എം.കെ. സക്കീർ. വഖഫ് ഭൂമി സംരക്ഷിക്കുക എന്നത് ബോർഡിന്റെ ഉത്തരവാദിത്തമാണെന്നും ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുനമ്ബത്തെ വിഷയം 1962ല്‍ തുടങ്ങിയതാണ്. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്രനിയമം നിലവിലുണ്ട്. അതനുസരിച്ചേ മുന്നോട്ട് പോകൂ. അവിടുത്തെ താമസക്കാരുടെ രേഖകളും പരിശോധിക്കാൻ തയാറാണ്. എന്നാല്‍, ബോർഡിനെ ഭീകരജീവിയായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമം. ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു തരത്തിലും ആശങ്ക വളർത്താൻ ബോർഡ് ശ്രമിച്ചിട്ടില്ല. സ്ഥാപനത്തിന് വ്യക്തി നല്കിയ ഭൂമിയാണ് മുനമ്ബത്തേത്. എന്തെങ്കിലും ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ എന്നറിയില്ല. പ്രശ്നത്തിന് നിയമപരമായ പരിഹാരം കാണുമെന്നും ചെയർമാൻ പറഞ്ഞു.