തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ തള്ളി മന്ത്രിസഭ. സാമ്പത്തിക ബാധ്യത വര്‍ധിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ശിപാര്‍ശ മന്ത്രിസഭ തള്ളിയത്. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ചെയര്‍മാന് 3.81 ലക്ഷം രൂപയും അംഗങ്ങളുടേത് 3.73 ലക്ഷം രൂപയുമായി കൂട്ടാനാണ് ശിപാര്‍ശ ചെയ്തത്.
നിലവില്‍ ചെയര്‍മാന് 2,24,100 രൂപയും അംഗങ്ങള്‍ക്ക് 2,19,090 രൂപയുമാണ് ശമ്പളം. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പള സ്‌കെയിലാണ് പിഎസ്‌സി അംഗങ്ങള്‍ക്കമുള്ളത്. ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ ശമ്പളം കൂട്ടിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പിഎസ്‌സി ചെയര്‍മാന്‍ ശമ്പളവര്‍ധനവ് ആവശ്യപ്പെട്ടത്.
2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യവും ആവശ്യപ്പെട്ടിരുന്നു. ശമ്പള വര്‍ധനവിനെ മന്ത്രിസഭാ യോഗത്തില്‍ കെ രാജന്‍, പി പ്രസാദ്, പി രാജീവ്, മുഹമ്മദ് റിയാസ് എന്നിവര്‍ സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി എതിര്‍ത്തിരുന്നു. ഇതോടെ മുഖ്യമന്ത്രി തന്നെയാണ് കാബിനറ്റ് ശിപാര്‍ശ പിന്‍വലിച്ചത്. ശമ്പളം കൂട്ടിയാല്‍ കുടിശിക കൊടുക്കാന്‍ തന്നെ 35 കോടി രൂപ കണ്ടെത്തണമെന്നും മന്ത്രിമാര്‍ പറഞ്ഞു. ചെയര്‍മാന്‍ അടക്കം 21 അംഗങ്ങളാണ് സംസ്ഥാനത്ത് പിഎസ്‌സിയിലുള്ളത്.