ഭരണഘടനയുടെ 75-ാം വാർഷികാഘോഷത്തിനായി 26ന് ലോക്സഭയുടെയും രാജ്യസഭയുടെയും പ്രത്യേക സംയുക്ത സമ്മേളനവും ചേരും.
മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കുന്നതിന്റെ തൊട്ടുപിന്നാലെ ചേരുന്ന പാർലമെന്റ് സമ്മേളനം വഖഫ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നിവ മുതല്‍ രാഷ്ട്രീയ, ജനകീയ, ദേശീയ പ്രശ്നങ്ങളില്‍ പ്രക്ഷുബ്ധമാകും.
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു. പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ സമന്വയിപ്പിക്കുന്നതിന് അനുകൂലമായി രാംനാഥ് കോവിന്ദ് സമിതി നല്കിയ റിപ്പോർട്ട് കേന്ദ്രമന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
അതിനാല്‍ ബില്്് അടുത്ത് സമ്മേളനത്തില്‍ അവതരിപ്പിച്ചേക്കും. ഇതിനായുള്ള ഭരണഘടനാ ഭേദഗതിക്ക് രാജ്യസഭയില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം കിട്ടിയേക്കില്ലെന്നതിനാല്‍ ബില്‍ പാസാക്കുക ദുഷ്കരമാകും.
ടിഡിപി അടക്കമുള്ള ബിജെപിയുടെ ചില സഖ്യകക്ഷികള്‍ക്കും നീക്കത്തോടു യോജിപ്പില്ല. കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളും ബില്ലിനെതിരേ നിലപാട് സ്വീകരിക്കും. വിവാദ ബില്‍ പാസായാലും ഇല്ലെങ്കിലും അതിലേക്കുള്ള രാഷ്ട്രീയനീക്കം ശക്തമാക്കാനാണു പ്രധാനമന്ത്രി മോദിയുടെ പദ്ധതി.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കു പിന്നാലെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി വദ്രയുടെ ആദ്യ പാർലമെന്റ് പ്രവേശനത്തിനും സമ്മേളനം സാക്ഷിയായേക്കും.
പാർലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ വഖഫ് പ്രശ്നം പരിഹരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. വഖഫ് ബില്‍ പരിശോധിക്കാനായി രൂപീകരിച്ച ബിജെപി നേതാവ് ജഗദാംബിക പാല് അധ്യക്ഷനായ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) റിപ്പോർട്ട് പാർലമെന്റ് സമ്മേളനത്തിനു മുന്‍പായി സമർപ്പിക്കും.