തിരുവനന്തപുരം: സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല-മെഡിക്കൽ കോളജ് സ്വിഫ്റ്റ് സർവിസിലാണ് ബസിന്റെ സാരഥി മകനും കണ്ടക്ടർ അമ്മയും. ആര്യനാട് ഡിപ്പോയിൽ 2009 മുതൽ താൽക്കാലിക കണ്ടക്ടറായ യമുനക്ക് 2022 മുതൽ സ്വിഫ്റ്റിലാണ് ജോലി. ആര്യനാട് സ്വദേശിയായ ഇവർ സ്വിഫ്റ്റ് സർവിസിലെ ആദ്യ വനിത ജീവനക്കാരിയുമാണ്.
മകന് കഴിഞ്ഞ ആഴ്ചയാണ് കെ-സ്വിഫ്റ്റിൽ ഡ്രൈവർ-കം കണ്ടക്ടറായി നിയമനം ലഭിച്ചത്. തന്റെ ബസിൽ തന്നെ മകനെയും നിയോഗിക്കണമെന്നായിരുന്നു യമുനയുടെ ആഗ്രഹം. ഇക്കാര്യം പറഞ്ഞപ്പോൾ അധികൃതർക്കും സമ്മതം. അങ്ങനെ ഞായറാഴ്ച ഇരുവരും കണ്ണമ്മൂല-മെഡിക്കൽ കോളജ് റൂട്ടിലേക്ക്. രാവിലെ കിഴക്കേകോട്ടയിൽനിന്നാണ് സർവിസ് തുടങ്ങിയത്. തിരിച്ചറിഞ്ഞവർ മുന്നിലെത്തി ആശംസകൾ അറിയിച്ചു. മകനൊപ്പം ജോലി ചെയ്യാനായത് പ്രത്യേകം അനുഭവമായെന്നും വലിയ സന്തോഷം തോന്നുന്നെന്നും യമുന പറഞ്ഞു. ഇന്നും ഈ റൂട്ടിൽതന്നെയാണ് ഡ്യൂട്ടി. 27കാരനായ ശ്രീരാഗ് വനം വകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്നു.