ഈരാറ്റുപേട്ട-വാഗമൺ റോഡിൽ കൂറ്റൻ പാറക്കല്ല് റോഡിലേയ്ക്ക് പതിച്ചു. ഈ സമയം യാത്രികരാരും എത്താതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വേലത്തുശ്ശേരിക്ക് സമീപമാണ് റോഡിലേക്ക് വലിയ പാറക്കല്ല് ഉരുണ്ട് വീണത്. പാറക്കല്ലിന് എട്ടടിയോളം ഉയരമുണ്ട്. റോഡിന്റെ മുകൾ വശത്തെ തോടിൽക്കൂടി ഉരുണ്ടെത്തിയ കല്ല് റോഡിന്റെ മധ്യഭാഗത്തേക്ക് വീഴുകയായിരുന്നു. സംഭവസമയത്ത് റോഡിൽ തിരക്ക് കുറവായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.
റോഡിലേക്ക് കൂറ്റൻ പാറ വീണതിനെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കഴിഞ്ഞ രണ്ട് ദിവസമായി ഈ പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതേതുടർന്നുണ്ടായ വെള്ളമൊഴുക്കിൽ അടിയിലെ മണ്ണ് ഇളകി കല്ല് ഉരുണ്ടെത്തിയതാകാമെന്നാണ് നിഗമനം. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജെയിംസിന്റെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 11 മണിയോടെ പാറക്കല്ല് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.