എഡിഎം നവീൻ ബാബുവിന്റെ മരണവും അതിനെത്തുടർന്നു മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജയില്‍വാസവും ഉപതെരഞ്ഞെടുപ്പു ഫലത്തില്‍ ദോഷകരമായി പ്രതിഫലിക്കുമോയെന്ന ഭയത്തില്‍ സിപിഎം.
നവീൻ ബാബുവിന്റെ മരണം വോട്ടർമാർക്കിടയില്‍ സജീവ ചർച്ചയാണെന്ന റിപ്പോർട്ടാണു പാലക്കാട്, ചേലക്കര പാർട്ടി മണ്ഡലം കമ്മിറ്റികള്‍ സിപിഎം ജില്ലാ നേതൃത്വങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഈ റിപ്പോർട്ട് പരിശോധിച്ചു. ആരോപണം വന്നയുടൻ ദിവ്യയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയ പാർട്ടി നടപടി വോട്ടർമാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കണമെന്ന നിർദേശമാണു സിപിഎം നേതൃത്വം ഇതുമായി ബന്ധപ്പെട്ടു നല്‍കിയത്.
പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാതെ സിപിഎം സംരക്ഷിച്ചുവെന്ന പ്രചാരണമാണു പ്രതിപക്ഷവും ബിജെപിയും ഉപതെരഞ്ഞെടുപ്പില്‍ മുഖ്യായുധമാക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ ത്തന്നെയാണു പ്രതിപക്ഷം പ്രതിക്കൂട്ടില്‍ നിർത്തുന്നത്. ദിവ്യക്ക് ഒളിത്താവളമൊരുക്കിയതുപോലും സംസ്ഥാന പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനാണെന്നു പേരു പറഞ്ഞു വിമർശിക്കുകയാണു കോണ്‍ഗ്രസും ബിജെപിയും.
ഒരർഥത്തില്‍ വലിയ പ്രതിരോധത്തിലാണു സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാലക്കാട്ടും ചേലക്കരയിലും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങള്‍ക്കു നേരിട്ടു നേതൃത്വം നല്‍കിവരികയാണ്. ആരോപണങ്ങള്‍ക്കെല്ലാം ശക്തമായ മറുപടിയും അദ്ദേഹം നല്‍കുന്നുണ്ട്.
എന്നാല്‍ ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പാർട്ടി തലത്തില്‍ നടപടിയൊന്നും സ്വീകരിക്കാത്തതാണ് ഇപ്പോള്‍ ചോദ്യമായി ഉയരുന്നത്.
ദിവ്യക്കെതിരേ പാർട്ടി നടപടിയെടുക്കാത്തതില്‍ കണ്ണൂരിലെതന്നെ ഒരുവിഭാഗം നേതാക്കള്‍ക്ക് അമർഷമുണ്ട്. ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍നിന്നു തരംതാഴ്ത്തി പ്രശ്നത്തിന്റെ ഗൗരവം കുറയ്ക്കാമായിരുന്നുവെന്ന അഭിപ്രായം പ്രകടിപ്പിക്കുന്നവരാണ് ഈ നേതാക്കള്‍. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റു ചേർന്നപ്പോള്‍ ഇങ്ങനെയൊരു വികാരം യോഗത്തിലുണ്ടായി. എന്നാല്‍ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ദിവ്യക്കെതിരേ പാർട്ടി നടപടി സ്വീകരിച്ചാല്‍ അവർ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുമെന്ന നിലപാടാണു സിപിഎം സംസ്ഥാന നേതൃത്വം സ്വീകരിച്ചത്.
പാർട്ടി സമ്മേളനങ്ങള്‍ ചേരുന്ന സാഹചര്യത്തില്‍ മതിയായ കാരണമില്ലാതെ അച്ചടക്കനടപടി സിപിഎം സ്വീകരിക്കാറില്ല. കൂടാതെ പി.പി. ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് ആദ്യഘട്ടം മുതല്‍ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സ്വീകരിച്ചത്.
ജില്ലാ സെക്രട്ടറിയുടെ അഭിപ്രായം മറികടന്നു ദിവ്യക്കെതിരേ നടപടി സ്വീകരിച്ചാല്‍ കണ്ണൂരിലെ സിപിഎമ്മില്‍ വലിയ പ്രത്യാഘാതം തുടർദിവസങ്ങളില്‍ ഉണ്ടാകുമെന്ന തിരിച്ചറിവു എം.വി. ഗോവിന്ദനുണ്ട്. കൂടാതെ ഇപ്പോള്‍ പാർട്ടിയുമായി പിണങ്ങിനില്ക്കുന്ന ഇ.പി. ജയരാജനും ദിവ്യക്കെതിരേ നടപടി വേണ്ടെന്ന പക്ഷക്കാരനാണ്. ഇതുകൂടി മനസിലാക്കിയാണു ഗോവിന്ദൻ കടുത്ത നിലപാടിലേക്കു പോകാത്തത്.
പാലക്കാട്ടും ചേലക്കരയിലും മികച്ച വിജയമാണു സിപിഎം പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധവികാരമില്ലെന്നു ഇടതുനേതാക്കള്‍ പറയുന്നുണ്ടെങ്കിലും സർക്കാരുമായി ബന്ധപ്പെട്ടുയർന്ന ആക്ഷേപങ്ങള്‍ വോട്ടർമാരെ സ്വാധീനിക്കുമെന്നുതന്നെയാണു സിപിഎം വിലയിരുത്തല്‍.
പാലക്കാട്ട് കോണ്‍ഗ്രസ് വിട്ടുവന്ന പി. സരിനെ സ്ഥാനാർഥിയാക്കിയതിലെ നീരസം സാധാരണ പാർട്ടി പ്രവർത്തകർക്കിടയിലുണ്ട്. എന്നാല്‍, ഇപ്പോള്‍ അതുമാറിയെന്ന വിലയിരുത്തലാണു സിപിഎമ്മിനുള്ളത്. ചേലക്കരയില്‍ വലിയ വിജയപ്രതീക്ഷയിലാണു പാർട്ടി.
നേരത്തേ എംഎല്‍എയായിരുന്നതിന്റെ ഗുണം ഈ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി യു.ആർ. പ്രദീപിനു ലഭിക്കുമെന്ന പ്രതീക്ഷയാണു പാർട്ടിക്കുള്ളത്. കൂടാതെ ദീർഘനാള്‍ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന കെ. രാധാകൃഷ്ണൻ എംപി തെരഞ്ഞെടുപ്പു പ്രചരണത്തില്‍ സജീവമായുള്ളതും പ്രതീക്ഷ കൂട്ടുന്നു.
രണ്ടു മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു ഫലം വിപരീതമായാല്‍ അതു സിപിഎമ്മില്‍ വലിയ ചർച്ചകള്‍ക്കു കാരണമാകുമെന്നത് ഉറപ്പാണ്. പ്രത്യേകിച്ചു പാർട്ടി സമ്മേളനങ്ങള്‍ ചേരുന്ന കാലഘട്ടത്തില്‍. മറ്റു വിവാദങ്ങള്‍ക്കൊപ്പം എഡിഎം നവീൻ ബാബുവിന്റെ മരണവും പി.പി. ദിവ്യയുടെ ജയില്‍വാസവും ചർച്ചകളില്‍ ഇടംപിടിക്കും.