മുഖ്യമന്ത്രി പിണറായി വിജയന് നവകേരളയാത്രക്ക് ഉപയോഗിച്ച ബസ് ഇനി സാധാരണ സൂപ്പര്‍ ഡീലക്സ് എസി ബസാവും. പതിനാറു കോടി രൂപക്ക് വാങ്ങിയ ബസിനെ സാധാരണ ബസ്സാക്കാന്‍ പത്ത് ലക്ഷം രൂപ കൂടി ചെലവാവും. നവകേരള ബസില്‍ 26 സീറ്റാണ് ഉളളത്. ഇതിലെ ടോയ്ലറ്റുകള് കൂടി പൊളിച്ച് യാത്രക്കാര്‍ക്ക് വേണ്ട സീറ്റുകള്‍ ഒരുക്കും. ഇതോടെ സീറ്റുകളുടെ എണ്ണം 38 ആവും.
നേരത്തേ നവകേരള ബസിനെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസ്സാക്കി കോഴിക്കോട്ടുനിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയിരുന്നു. അത് നഷ്ടത്തിലാണ് കലാശിച്ചത്. അന്ന് 1171 രൂപയായിരുന്നു കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. വിഐപി പദവി ഇല്ലാതാവുന്നതോടെ യാത്രാനിരക്കും കുറയും. ഇനി സ്വിഫ്റ്റ് സൂപ്പര്‍ ഡീലക്സ് എസി ബസിന്റെ ടിക്കറ്റ് എടുത്ത് യാത്രചെയ്യാം.
മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും കയറാന്‍വേണ്ടി സജ്ജീകരിച്ച വാഹനമായതിനാല്‍ മുന്‍ഭാഗത്ത് ഹൈഡ്രാളിക് ലിഫ്റ്റും പുറകില്‍ ഓട്ടോമാറ്റിക് വാതിലുമുണ്ടായിരുന്നു. ഹൈഡ്രാളിക് ലിഫ്റ്റും ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ഭാരത് ബെന്‍സിന്റെ ബസ് ബോഡി ബില്‍ഡിങ് നടത്തുന്ന ബെംഗളൂരുവിലെ വര്‍ക്ക് ഷോപ്പിലാണ് ഇപ്പോള്‍ ബസുള്ളതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.