നെടുമങ്ങാട് : വഴയില-പഴകുറ്റി നാലുവരിപ്പാതയും കരകുളം മേല്പാലവും നിർമിക്കുന്നതിന്റെ ഭാഗമായി നെടുമങ്ങാട് റോഡിൽ നവംബർ അഞ്ചുമുതൽ ഗതാഗതനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. മേല്പാലം നിർമാണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട്ട് നിന്ന് തിരുവനന്തപുരം ഭാഗത്തേക്കും, തിരുവനന്തപുരത്ത് നിന്ന് നെടുമങ്ങാട് ഭാഗത്തേക്കുമാണ് ആദ്യഘട്ടത്തിൽ ഗതാഗതനിയന്ത്രണമുള്ളത്. ഇതിന്റെ ഭാഗമായി നവംബർ രണ്ടിനും നാലിനും ഈ റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി. ട്രയൽ റൺ നടത്തും.
നെടുമങ്ങാട് ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്
നെടുമങ്ങാടു ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കെൽട്രോൺ ജങ്ഷനിൽനിന്ന് കെൽട്രോൺ അരുവിക്കര റോഡിലേക്കു തിരിഞ്ഞ് ഇരുമ്പ കാച്ചാണി ജങ്ഷനുകൾവഴി മുക്കോലയിൽ എത്തി, വലത്തേക്കു തിരിഞ്ഞ് മുക്കോല വഴയില റോഡിലൂടെ വഴയിലയെത്തിയശേഷം, തിരുവനന്തപുരം ഭാഗത്തേക്കു പോകണം.വഴയിലനിന്ന് മുക്കോല ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
നെടുമങ്ങാട്ട് നിന്നും തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന ചെറുവാഹനങ്ങൾക്ക് കല്ലമ്പാറ, വാളിക്കോട്, പത്താംകല്ല് എന്നിവിടങ്ങളിൽ നിന്നു വലത്തേക്കു തിരിഞ്ഞ് വട്ടപ്പാറയിൽ എത്തി, എം.സി. റോഡ് വഴിയും പോകാം.
തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്ക്*
റൂട്ട് 1 : തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് പേരൂർക്കട ജങ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് കുടപ്പനക്കുന്ന് മുക്കോല ശീമമുളമുക്ക് വാളിക്കോട് വഴി നെടുമങ്ങാട് ഭാഗത്തേക്കു പോകാവുന്നതാണ്.
റൂട്ട് 2 : തിരുവനന്തപുരം ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് വഴയില ജങ്ഷനിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് കല്ലയം ശീമമുളമുക്ക് വാളിക്കോടു വഴി നെടുമങ്ങാട് ഭാഗത്തേക്കും പോകാവുന്നതാണ്. കെ.എസ്.ആർ.ടി.സി. ലോ ഫ്ളോർ (ജന്റം) ബസുകൾ ഇതുവഴി സർവീസ് നടത്തും.
റൂട്ട് 3 : തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾക്ക് ഏണിക്കര ജങ്ഷൻ കഴിഞ്ഞ് ഡി.പി.എം.എസ്. ജങ്ഷനിൽ നിന്ന് ഇടത്തേക്കു തിരിഞ്ഞ് മുല്ലശ്ശേരി കായ്പാടി മുളമുക്കുവഴി നെടുമങ്ങാട് ഭാഗത്തേക്ക് പോകാവുന്നതാണ്. ഈ റൂട്ടിൽ ഹെവി വാഹനങ്ങൾക്ക് നിയന്ത്രണം ഉണ്ടായിരിക്കും.
കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തും.
റൂട്ട് 4 :തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാടുഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ വഴയിലനിന്ന് കരകുളം പാലം ജങ്ഷൻ ചെന്ന് വലതു തിരിഞ്ഞ്, കാച്ചാണി ജങ്ഷനിൽ എത്തിയശേഷം ഇടത്തേക്കു തിരിഞ്ഞ് കെൽട്രോൺ അരുവിക്കര റോഡിൽ പ്രവേശിച്ച്, കെൽട്രോൺ ജങ്ഷനിൽ എത്തി വലത്തേക്കു തിരിഞ്ഞ് നെടുമങ്ങാട് ഭാഗത്തേക്കു പോകണം.
നിലവിൽ നെടുമങ്ങാട് ഭാഗത്തേക്കു പോകുന്ന കെ.എസ്.ആർ.ടി.സി. ബസുകൾ ഈ റൂട്ടിലൂടെയും സർവീസ് നടത്തുന്നതാണ്. കാച്ചാണി ജങ്ഷൻ മുതൽ കരകുളം പാലം ജങ്ഷൻ വരെ പ്രദേശവാസികളുടെ വാഹനങ്ങളൊഴികെ മറ്റ് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല. കാച്ചാണി ജങ്ഷൻ കരകുളം പാലം വഴയില പേരൂർക്കട റൂട്ടിലും തിരിച്ചും കെ.എസ്.ആർ.ടി.സി. സർക്കിൾ സർവീസ് നടത്തുന്നതാണ്.
ഭാരവാഹനങ്ങൾക്ക് നിയന്ത്രണം
ഈ റൂട്ടുകളിൽ ഹെവി ഭാരവാഹനങ്ങൾക്ക് രാവിലെ 7.30 മുതൽ 10.30 വരെയും വൈകീട്ട് 3 മുതൽ 6 വരെയും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇരുമ്പ കാച്ചാണി റോഡിൽ തിരുവനന്തപുരം ഭാഗത്തേക്ക് ക്വാറി ഉത്പന്നങ്ങളുമായി പോകുന്ന ടിപ്പർ വാഹനങ്ങളും ചരക്കുവാഹനങ്ങളും ചെറിയകൊണ്ണി കാപ്പിവിള മൂന്നാംമൂട് വട്ടിയൂർക്കാവ് വഴിയും നെടുമങ്ങാട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ചെറിയകൊണ്ണി കുതിരകുളം അരുവിക്കര അഴിക്കോട് വഴിയും പോകേണ്ടതാണ്.