കോഴിക്കോട് ബാലുശ്ശേരി കോക്കല്ലൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്കും ബന്ധുവായ ആണ്‍കുട്ടിക്കും നേരെ സദാചാര ഗുണ്ടായിസം നടത്തിയ സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്ത് പൊലീസ്. ബാലുശ്ശേരി പൊലീസ് ആണ് പ്രതികൾക്കെതിരെ കേസെടുത്തത്. രതീഷ്, വിപിന്‍ലാല്‍ കണ്ടാലറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് സംഘം ചേര്‍ന്ന് മര്‍ദിച്ചതിന് പൊലീസ് കേസെടുത്തത്. രതീഷ് സ്കൂളിന്‍റെ പിടിഎ മുന്‍ പ്രസിഡന്‍റ് കൂടിയാണ്.
ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷം ബസ് സ്റ്റോപ്പിന് സമീപം സംസാരിച്ചു നില്‍ക്കുകയായിരുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിക്കും അടുത്ത ബന്ധുകൂടിയായ ഇരുപതുകാരനും നേരെയായിരുന്നു സദാചാര ഗുണ്ടായിസം. ഇവര്‍ സംസാരിച്ചു നില്‍ക്കുന്നത് ചോദ്യം ചെയ്ത സംഘം ആദ്യം അസഭ്യം പറയുകയും പിന്നീട് ആണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. പെണ്‍കുട്ടിയെ നിലത്ത് തള്ളിയിട്ടു എന്നും പരാതിയുണ്ട്. ക്രൂരമായ മര്‍ദനമാണ് നടന്നെതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിരുന്നു.