തേങ്കുറിശ്ശി ദുരഭിമാനക്കൊലയിലെ കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിതയും മാതാപിതാക്കളും. ഇപ്പോള്‍ കുറച്ച് സമാധാനം ഉണ്ട്. എന്നാല്‍ വിധിയില്‍ തൃപ്തരല്ല. മേല്‍കോടതിയില്‍ അപ്പീല്‍ പോകുമെന്നും കുടുംബം അറിയിച്ചു.’ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഈ ശിക്ഷ കൊടുത്തതില്‍ തൃപ്തിയില്ല. വധശിക്ഷ നല്‍കണം. വധശിക്ഷയോ ഇരട്ട ജീവപര്യന്തമോ വേണമായിരുന്നു. അപ്പീല്‍ പോകും’ എന്നാണ് ഹരിത പ്രതികരിച്ചത്.തന്നെ പല തവണ കുടുംബം ഭീഷണിപ്പെടുത്തി. കൊല്ലും എന്ന് പറഞ്ഞാണ് ഭീഷണി. തന്റെ കുടുംബവുമായി ബന്ധമുള്ളയാളുകളാണ് ഭീഷണിപ്പെടുത്തിയതെന്നും ഹരിത പറഞ്ഞു. വൈകാരികമായായിരുന്നു ഹരിതയുടെ പ്രതികരണം. പ്രതികള്‍ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങിയാല്‍ തന്നെയും കൊല്ലുമെന്നും ഹരിത പ്രതികരിച്ചു.
ഈ ക്രൂരതയ്ക്ക് ഈ വിധി പോരെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു. മകനെ കൊന്നവര്‍ക്ക് വധശിക്ഷ വിധിക്കണം എന്നാണ് അനീഷിന്റെ പിതാവ് പ്രതികരിച്ചത്.സ്നേഹിച്ചതിന്റെ പേരിലല്ലേ തന്റെ മകനെ കൊന്നത്. ഈ ശിക്ഷയില്‍ തൃപ്തരല്ല ഞങ്ങള്‍. വേറെ തെറ്റൊന്നും അവന് ചെയ്തിട്ടില്ലെന്ന് അനീഷിന്റെ മാതാവും പ്രതികരിച്ചു.പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ഒന്നാം പ്രതി സുരേഷ് കുമാര്‍, രണ്ടാം പ്രതി പ്രഭുകുമാര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ. അരലക്ഷം രൂപ പിഴയും ചുമത്തി. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്