നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ… ഇങ്ങനെയൊരു പാട്ടു കേട്ടിട്ടുണ്ടല്ലോ അല്ലേ? ഇല്ലെങ്കിൽ ഇനിയെങ്കിലും കേൾക്കണം. അല്ലെങ്കിൽ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി എന്നു പറഞ്ഞതുപോലെ നിങ്ങളുടെ അപ്പനപ്പൂപ്പന്മാർ കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിക്കൊണ്ടുപോകും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ ഇപ്പോൾ പാർലമെൻ്റിൻ്റെ പരിഗണനയിലുള്ള വഖഫ് ഭേദഗതി ബിൽ പാസായിക്കിട്ടണം. അതുകൊണ്ട് ആദ്യമേ പറയട്ടെ, നിങ്ങൾ വോട്ടു ചെയ്തയച്ച എം പി മാരോടു പറയുക, കക്ഷിഭേദമെന്യേ ഈ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തില്ലെങ്കിൽ നിങ്ങൾക്കു ഞങ്ങൾ വോട്ടു തരില്ല എന്ന്. അതു പറയാൻ നട്ടെല്ലില്ലാത്തവർ തുടർന്നു വായിക്കേണ്ടതില്ല. കാരണം ഈ വിഷയം അത്രമേൽ ഗൗരവതരമാണ്.
എന്താണ് വഖഫ്?
ഇസ്ലാമികനിയമപ്രകാരം മതപരമോ ധർമ്മപരമോ ആയ ആവശ്യങ്ങൾക്കായി മാറ്റിവച്ചിരിക്കുന്ന സ്വത്തുക്കളാണു വഖഫ്. ഇതു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. വഖഫിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. അതുകൊണ്ട് ഒരിക്കൽ ഒരു സ്വത്ത് വഖഫ് ആയി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതു പിന്നെ തിരിച്ചുകിട്ടുന്ന പ്രശ്നമേയില്ല.
എങ്ങനെയാണ് വഖഫ് എന്ന പ്രസ്ഥാനം തുടങ്ങിയത്?
മദീനയിലെ ഒരു യഹൂദൻ്റെ കൈയിലിരുന്ന ഫലഭൂയിഷ്ഠമായ തോട്ടം പിടിച്ചെടുത്ത ഉമർ അതു മുഹമ്മദിനു സമർപ്പിച്ചതാണു വഖഫിൻ്റെ ആദ്യ രൂപം. മുഹമ്മദ് അത് യാത്രക്കാർക്ക് ഉപകരിക്കുന്ന വിധത്തിൽ ഉപയോഗിക്കാൻ അനുവാദം കൊടുത്തു. യാത്രക്കാർ എന്നു പറഞ്ഞാൽ മുസ്ലിങ്ങൾ എന്നു മനസിലാക്കണം. കാരണം അവിടെയുള്ള യഹൂദരെയും ക്രിസ്ത്യാനികളെയും വെട്ടിക്കൊന്നും അടിച്ചോടിക്കുകയും ചെയ്തിട്ടായിരുന്നുവല്ലോ മുഹമ്മദ് തൻ്റെ സാമ്രാജ്യം സ്ഥാപിച്ചത്.
ഇന്ത്യയിൽ ഡൽഹി സുൽത്താനേറ്റിൻ്റെ കാലത്താണ് വഖഫ് പ്രസ്ഥാനം പെട്ടെന്നു വളർന്നത്. തികച്ചും അന്യായവും സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുന്നതും ആയതിനാൽ വഖഫ് എന്ന പരിപാടി തന്നെ റദ്ദാക്കാൻ ബ്രിട്ടീഷുകാർ ആലോചിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ വഖഫുമായി ബന്ധപ്പെട്ട ഒരു കേസിൽ ലണ്ടനിലെ പ്രിവി കൗൺസിൽ [അതായത് അന്നത്തെ സുപ്രീം കോടതിയുടെ അധികാരമുള്ള സ്ഥാപനം] പറഞ്ഞത് ഇങ്ങനെയാണ്. “Wakf is a perpetuity of the worst and the most pernicious kind”. മലയാളത്തിൽ പറഞ്ഞാൽ വഖഫ് എന്നത് അവസാനമില്ലാതെ തുടരുന്നതും അങ്ങേയറ്റം മോശവും ദോഷകരവുമായ ഒരു പ്രസ്ഥാനമാണ് എന്നും അതുകൊണ്ട് വഖഫ് എന്ന പരിപാടിയേ ഇല്ലാതാക്കണം എന്നുമായിരുന്നു.! എന്നാൽ പ്രിവി കൗൺസിലിലെ നാല് ജഡ്ജിമാർ ചേർന്നെഴുതിയ ഈ വിധി ഇന്ത്യയിൽ നടപ്പിലായില്ല. പകരം ഇന്ത്യയിൽ പ്രത്യേകം നിയമനിർമാണത്തിലൂടെ വഖഫിനെ സംരക്ഷിക്കുകയാണ് ചെയ്തത്.
സ്വാതന്ത്ര്യത്തിനു ശേഷം 1954 ലും 1995 ലും വഖഫ് നിയമം നടപ്പിലാക്കി. 2013 ൽ അത് ഭേദഗതി ചെയ്തു. ആ നിയമമാണ് ഇപ്പോൾ വീണ്ടും ഭേദഗതി ചെയ്യാൻ പോകുന്നത്. അതിനെതിരെയാണ് മുസ്ലിം മതമൗലികവാദികളും അവരുടെ വോട്ടുബാങ്കിനെ ഭയപ്പെടുന്ന ചില രാഷ്ട്രീയപാർട്ടികളും മതേതരപുരോഗമനവാദികൾ എന്നു സ്വയം അവകാശപ്പെടുന്ന ചില വ്യക്തികളും സംഘടനകളും ഒക്കെ രംഗത്തുവന്നിരിക്കുന്നത്. എന്നാൽ ഭാരതത്തിലെ ജനങ്ങളുടെ മഹാഭൂരിപക്ഷവും ഈ ഭേദഗതിയെ അനുകൂലിക്കുന്നു എന്നതുകൊണ്ടാണു കേന്ദ്ര സർക്കാർ ഈ ബില്ല് കൊണ്ടുവരാൻ താല്പര്യമെടുത്തത്.
എല്ലാ മുസ്ലിം രാജ്യങ്ങളിലും വഖഫ് ഇല്ലേ?
ഇല്ല. Turkey, Libya, Egypt, Sudan, Lebanon, Syria, Jordan, Tunisia, Iraq ഇവിടെയൊന്നും ഇന്ത്യയിലുള്ളതുപോലെയുള്ള വഖഫ് നിയമങ്ങൾ ഇല്ല.
വഖഫ് നമ്മുടെ നാട്ടിലെ ചെറിയൊരു ഭാഗം സ്ഥലം മാത്രമല്ലേ അവകാശപ്പെടുന്നുള്ളൂ. അതിനെക്കുറിച്ച് നാം എന്തിന് ആശങ്കപ്പെടണം?
തീർച്ചയായും ആശങ്കപ്പെടണം. അതിൻ്റെ കാരണം പറയുന്നതിനു മുൻപായി ഒരു ചോദ്യം. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഭൂവുടമ ആരാണ്? ഇതു വായിക്കുന്നവരിൽ നല്ലൊരുഭാഗം പറയാൻ പോകുന്നത് അതു ക്രൈസ്തവസഭകൾ ആണെന്നായിരിക്കും. ഇതു പച്ചക്കള്ളമാണ്. ഇത്ര ഭീകരമായ ഒരു നുണ പ്രചരിപ്പിച്ചവരുടെ ലക്ഷ്യം ഇപ്പോഴെങ്കിലും മനസിലാക്കുക.
ഇന്ത്യയിൽ സായുധസേനയും റെയിൽവേയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂസ്വത്ത് ഉള്ളതു വഖഫിനാണ്. ഏതാണ്ട് ഒമ്പതരലക്ഷം ഏക്കർ! ഇത് ഡൽഹി സംസ്ഥാനവും ഇന്ത്യയിലെ എല്ലാ കേന്ദ്രഭരണപ്രദേശങ്ങളും ചേരുന്ന ആകെ വിസ്തീർണത്തേക്കാൾ കൂടുതലാണ്. ഗോവ സംസ്ഥാനത്തിൻ്റെ വിസ്തീർണത്തേക്കാൾ കൂടുതൽ സ്ഥലം ഇന്ത്യയിൽ വഖഫ് അധീനതയിൽ ഉണ്ട് എന്നറിയുക. ആ വസ്തുക്കളുടെ ഭരണത്തിലും കാര്യസ്ഥതയിലും കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതാണ് പുതിയ ഭേദഗഗതി ബിൽ.
ഇപ്പോഴുള്ള നിയമത്തിലെ പോരായ്മകൾ എന്തൊക്കെയാണ്?
- വഖഫിൻ്റെ കാര്യത്തിലുള്ള ഏതു തർക്കത്തിലും അന്തിമവിധി വഖഫ് ബോർഡിൻ്റേതായിരിക്കും. അതിനെതിരെ ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ അപ്പീൽ പോകാൻ സാധ്യമല്ല.
- കുറച്ചുകാലം ഇസ്ലാം മതാചാരങ്ങൾക്കുവേണ്ടിയൊ ഇസ്ലാമിക നിയമനനുസരിച്ചുള്ള ധർമപ്രവൃത്തികൾക്കു വേണ്ടിയോ ഉപയോഗിച്ചുപോന്ന സ്ഥലം അതിനാൽ തന്നെ വഖഫിന് അവകാശപ്പെടാവുന്നതാണ്. അതിൻ്റെ നിയമപ്രകാരമുള്ള ഉടമസ്ഥൻ്റെ എല്ലാ രേഖകളും കൃത്യമാണെങ്കിലും ആ സ്ഥലം തങ്ങളുടേതാണെന്നു വഖഫ് ബോർഡ് അവകാശപ്പെട്ടാൽ അത് അവർക്കു ലഭിക്കും. അതിനെതിരെയുള്ള പരാതി കൊടുക്കേണ്ടതാകട്ടെ ഇതേ വഖഫ് ബോർഡിൻ്റെ ട്രിബുണലിലാണ്. അതായതു പ്രതിയും ജഡ്ജിയും ഒരാൾ തന്നെ! അതിനെതിരെ അപ്പീൽ പോകാൻ വകുപ്പുമില്ല.
- ഒരിക്കൽ വഖഫ് ആണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അതു തിരിച്ചുകിട്ടില്ല. കാരണം അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്!
- മറ്റൊരു മതങ്ങളുടെയും സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ ഇതുപോലുള്ള ഏകപക്ഷീയ നിയമങ്ങൾ ഇല്ല. മറ്റു മതങ്ങളിലെ വസ്തു സംബന്ധമായ തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ അവർക്കു സിവിൽ കോടതികളെ സമീപിക്കാൻ അവകാശമുണ്ട്.
- വഖഫ് ബോർഡിൻ്റെയും സെൻട്രൽ വഖഫ് കൗൺസിലിൻ്റെയും ഘടനയിൽ പല പോരായ്മകളും ഉണ്ട്.
- നിലവിലുള്ള വഖഫ് നിയമമനുസരിച്ചു മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈവശം നിയമാനുസൃതമായ രേഖകളോടെ ഇരിക്കുന്ന സ്ഥലങ്ങൾക്കുമേൽ പോലും അവകാശവാദം ഉന്നയിക്കാൻ വഖഫ് ബോർഡിനു കഴിയും ഇതു സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കും. അവകാശികൾ ഇല്ലാതെ മരിക്കുന്നവരുടെ സ്വത്തും വഖഫിനു കിട്ടും.
- നിലവിലുള്ള നിയമത്തിൻ്റെ അപര്യാപ്തതകൾ കൊണ്ടാണു പ്രധാനപ്പെട്ട പല പൊതുസ്ഥലങ്ങളും വഖഫ് ബോർഡ് കൈയടക്കിയതോ അതിനുവേണ്ടി ശ്രമിക്കുന്നതോ. ഉദാഹരണത്തിന് ബാംഗ്ലൂരിലെ ഈദ് ഗാഹ് മൈതാനവും സൂറത്തിലെ മുനിസിപ്പൽ കോർപറേഷൻ കെട്ടിടവും മാത്രം എടുത്താൽ മതി. കുറേക്കാലമായി അവിടെ നിസ്കരിച്ചുപോന്നു എന്നതാണ് ബാംഗ്ലൂരിലെ ന്യായം. സൂറത്തിലാകട്ടെ മുഗൾ ഭരണകാലത്ത് ഹജ്ജ് തീർത്ഥാടകർ ഈ കെട്ടിടം ഒരു സത്രമായി ഉപയോഗിച്ചിരുന്നുവത്രേ!
ഗുജറാത്തിലെ തന്നെ ദ്വാരകയിൽ രണ്ടു ചെറുദ്വീപുകളും ഇത്തരത്തിൽ നിയമപരമായ ഒരാവകാശവും ഇല്ലാതിരിക്കെ തന്നെ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന ആയ സ്ഥലമാണ്. തമിഴ്നാട്ടിലെ തിരുച്ചെന്തുറയിൽ അനേകം അമുസ്ലിംകൾ തലമുറകളായി ജീവിച്ചുപോരുന്ന ഒരു ഗ്രാമം മുഴുവൻ തങ്ങളുടേതാണെന്നു വഖഫ് അവകാശപ്പെടുന്നു. സൂറത്തിലെ തന്നെ ശിവശക്തി സൊസൈറ്റിയിൽ സ്ഥലം വാങ്ങിയ ഒരു മുസ്ലിം തൻ്റെ അപ്പാർട്മെൻറ് വഖഫ് ആയി ദാനം ചെയ്തു. ഇപ്പോൾ അവിടെ അനേകർ നിസ്കാരത്തിനു വന്നുകൊണ്ടിരിക്കുന്നു. അയൽക്കാരുടെയോ സൊസൈറ്റിയിലെ മറ്റ് അംഗങ്ങളുടെയോ അറിവോ അനുമതിയോ ഇല്ലാതെ വളഞ്ഞവഴിയിലൂടെ എവിടെയും ഒരു മസ്ജിദ് സ്ഥാപിക്കാൻ കഴിയും എന്നർത്ഥം. നമുക്കു ദൂരെയെങ്ങും പോകേണ്ടതില്ല. ചെറായി കടപ്പുറത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാമല്ലോ. കൂടുതൽ ഉദാഹരണങ്ങൾ പറഞ്ഞത് ഇതു കേരളത്തെ മാത്രം ബാധിക്കുന്ന പ്രശ്നം അല്ല എന്നു മനസ്സിലാക്കാനാണ്.
- നിലവിലുള്ള വഖഫ് നിയമത്തിൻ്റെ ഏറ്റവും വലിയ പോരായ്മ സാധാരണ വസ്തുതർക്കങ്ങൾക്കു ബാധകമായ ലിമിറ്റേഷൻ നിബന്ധന അതിനു ബാധകമല്ല എന്നതാണ്. ഉദാഹരണത്തിന് എൻ്റെ വസ്തു മറ്റൊരാൾ അന്യായമായി കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുകിട്ടാനായി ഞാൻ പന്ത്രണ്ടു വർഷത്തിനകം കോടതിയെ സമീപിക്കണം. പന്ത്രണ്ടുവർഷത്തിലധികം ഒരാളുടെ കൈവശം ഒരു ഭൂമി ഇരുന്നാൽ അതിൽ അയാൾക്കു സ്വാഭാവികമായ ഒരു അവകാശം വന്നുചേരും. അതിനുശേഷം അയാളെ ഒഴിപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്. സർക്കാർ വക സ്ഥലമാണെങ്കിൽ ഈ കാലപരിധി മുപ്പതുവർഷമാണ്. അതായതു സർക്കാരിൻ്റെ സ്ഥലം ഒരാൾ കൈയേറിയിട്ടുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനുള്ള നടപടികൾ മുപ്പതുവർഷത്തിനുള്ളിൽ തുടങ്ങണം. എന്നാൽ വഖഫിന് ഈ നിബന്ധനകൾ ഒന്നും ബാധകമല്ല. ടിപ്പുവിൻ്റെ കാലത്ത് നിസ്കാരപ്പള്ളി ആയിരുന്നു എന്നോ ഔറംഗസേബിൻ്റെ കാലത്തു മദ്രസ ആയിരുന്നു എന്നോ ഒക്കെ പറഞ്ഞ് അവർക്ക് ഇപ്പോഴും മറ്റൊരാളുടെ സ്വത്തിൽ കൈവയ്ക്കാം. അതിനെതിരെ കോടതിയിൽ പോയിട്ടു കാര്യവുമില്ല!
പുതിയ നിയമഭേദഗഗതി കൊണ്ടുവരുന്നത് വേണ്ടത്ര കൂടിയാലോചന നടത്താതെയാണെന്നു പറയുന്നുണ്ടല്ലോ?
ഒരിക്കലുമല്ല. ന്യൂനപക്ഷങ്ങളുടെ നില മെച്ചപ്പെടുത്താൻ വേണ്ടി രൂപീകരിച്ച സച്ചാർ കമ്മീഷൻ ശുപാർശകൾ മുതൽ അനേകം രേഖകൾ പരിശോധിച്ചും വഖഫ് സ്വത്തുമായി ബന്ധപ്പെട്ടു നാൽപതിനായിരത്തിലധികം കേസുകൾ [അതിൽ പതിനായിരത്തോളം എണ്ണം മുസ്ലിങ്ങൾ തന്നെ കൊടുത്തതാണ്] ട്രിബുണലിൽ കെട്ടിക്കിടക്കുന്നതു പരിഗണിച്ചും പാർലമെൻറ് അംഗങ്ങളും രാഷ്ട്രീയ കക്ഷികളുമായും കൂടാതെ വഖഫുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളുമായും നടത്തിയ ആശയവിനിമയത്തിനും ശേഷമാണ് ഈ ബില്ല് പാർലമെൻ്റിൽ അവതരിപ്പിച്ചത്.
ഇപ്പോഴത്തെ ബില്ലിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
നിലവിൽ ആർക്കും വഖഫ് കൊടുക്കാം. എന്നാൽ പുതിയ ഭേദഗഗതിയിൽ അഞ്ചുവർഷമായി മുസ്ലിം ആയി ജീവിക്കുന്ന ഒരാൾക്കു മാത്രമേ വഖഫിനു ദാനം ചെയ്യാൻ അനുവാദമുള്ളൂ. അതും അയാളുടെ ഉടമസ്ഥതയിലുള്ള വസ്തു മാത്രമേ ദാനം ചെയ്യാൻ പാടുള്ളൂ. പ്രണയക്കെണിയിൽ വീണും നിർബന്ധമോ ഭീഷണിയോ കൊണ്ടും ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നവരുടെ സ്വത്തുക്കൾ അഞ്ചുവർഷത്തേക്കെങ്കിലും സുരക്ഷിതമായിരിക്കും എന്നർത്ഥം.
നിലവിൽ ദീർഘകാലത്തെ ഉപയോഗം എന്ന ഒറ്റകാരണത്തിൽ വഖഫിന് ഒരു സ്ഥലത്തിൻറെ മേൽ അവകാശം കിട്ടും. എന്നാൽ പുതിയ ഭേദഗതി ഈ വകുപ്പ് എടുത്തുകളയുന്നു. ഇതു വഖഫിൻ്റെ അന്യായമായ കടന്നുകയറ്റത്തിൽ വിഷമിക്കുന്ന അനേകായിരങ്ങൾക്കു പ്രത്യാശ നൽകുന്ന നീക്കമാണ്.
വഖഫ് ഏതെങ്കിലും സർക്കാർ സ്ഥലം കൈവശപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുപിടിക്കും. അതിൻ്റെ ഉത്തരവാദിത്വം ജില്ലാ കളക്ടറെ ഏല്പിക്കും.
നിലവിൽ ഒരു വസ്തു വഖഫ് ആണോ എന്നു തീരുമാനിക്കുന്നതു വഖഫ് ബോർഡ് ആണ്. അവരുടെ ഈ അധികാരം എടുത്തുകളയാൻ ഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നു.
നിലവിലെ നിയമമനുസരിച്ചു വഖഫ് കൗൺസിലിലെ എല്ലാ അംഗങ്ങളും മുസ്ലിങ്ങളായിരിക്കണം. രണ്ടുപേരെങ്കിലും സ്ത്രീകളും ആയിരിക്കണം. ഭേദഗതി അനുസരിച്ച് രണ്ടുപേരെങ്കിലും അമുസ്ലിംകൾ ആയിരിക്കണം. കൂടാതെ കൗൺസിലിലേക്കു നോമിനേറ്റ് ചെയ്യപ്പെടുന്ന എം പി മാർ, പ്രഗത്ഭവ്യക്തികൾ, നിയമവിദഗ്ദ്ധർ എന്നിവർ മുസ്ലിങ്ങൾ ആയിക്കൊള്ളണമെന്നില്ല. ചെയർമാനും മുസ്ലിം നിയമ പണ്ഡിതരും മുസ്ലിം സംഘടനകളുടെ പ്രതിനിധികളും മുസ്ലിങ്ങൾ ആയിരിക്കണം. മുസ്ലിം അംഗങ്ങളിൽ രണ്ടുപേർ സ്ത്രീകൾ ആയിരിക്കുകയും വേണം.
വഖഫ് ബോർഡിലേക്കുള്ള അംഗങ്ങളെ ഇപ്പോൾ മുസ്ലിം എംപിമാരും എം എൽ എ മാരും തെരഞ്ഞെടുക്കുകയാണു ചെയ്യുന്നത്. എന്നാൽ സംസ്ഥാനസർക്കാർ അവരെ നോമിനേറ്റ് ചെയ്താൽ മതി എന്ന് ഭേദഗതി നിർദേശിക്കുന്നു. ഷിയാ, സുന്നി, പിന്നോക്കവിഭാഗത്തിൽ പെട്ട മുസ്ലിങ്ങൾ എന്നിവരുടെ ഓരോ പ്രതിനിധിയും ബോർഡിൽ ഉണ്ടായിരിക്കണം. നേരത്തെ ട്രിബുണലിൽ ഒരു മുസ്ലിം നിയമപണ്ഡിതൻ ആവശ്യമായിരുന്നു. ഇപ്പോൾ അതു മാറ്റി മതപരിഗണനയില്ലാതെ ഒരു ജുഡീഷ്യൽ ഓഫീസറെ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു.
അതിപ്രധാനമായ ഒരു മാറ്റം നിലവിൽ വഖഫ് ട്രിബുണലിൻ്റെ ഉത്തരവുകൾ അന്തിമമാണ്, അതിനെതിരെ അപ്പീൽ കൊടുക്കാൻ വകുപ്പില്ല എന്നിരിക്കെ ഈ ഉത്തരവുകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ ഭേദഗഗതി ബിൽ അനുവദിക്കുന്നു എന്നതാണ്. അനേകായിരം പേർക്ക് ആശ്വാസമേകുന്ന കാര്യമാണിത്.
ഇനി ചിന്തിക്കുക.
മൂവാറ്റുപുഴ നിർമല കോളേജിലും പൈങ്ങോട്ടൂർ സ്കൂളിലും നിസ്കാരമുറി വേണമെന്ന ആവശ്യത്തിൻ്റെ ഗുട്ടൻസ് പിടികിട്ടിയോ? നിലവിലുള്ള നിയമമനുസരിച്ച് അവിടെയൊക്കെ വഖഫിന് അവകാശം കിട്ടും. ആ വകുപ്പാണു ഇപ്പോഴത്തെ ഭേദഗതി ബിൽ റദ്ദാക്കുന്നത്. ചെറായിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതു നിലവിലുള്ള നിയമത്തിൻ്റെ കുഴപ്പമാണ്. ഈ ഭേദഗതി കുറച്ചുകാലം മുൻപു കൊണ്ടുവന്നിരുന്നെങ്കിൽ എന്നു ചിന്തിക്കുകയാണ്. മതസൗഹാർദത്തിൻ്റെ പേരിൽ പെരുന്നാൾ നിസ്കാരത്തിനൊക്കെ സ്വന്തം സ്ഥാപനങ്ങളും മൈതാനങ്ങളും വിട്ടുകൊടുക്കുന്നവർ ഇനിയെങ്കിലും സൂക്ഷിച്ചാൽ അവർക്കു നല്ലത്.
ഇപ്പോൾ പന്തു നാമോരോരുത്തരുടേയും കോർട്ടിലാണ്. ഈ ഭേദഗഗതി ബിൽ പാർലമെൻ്റിൽ വോട്ടിനിടുമ്പോൾ കേരളത്തിൽ നിന്നുള്ള എല്ലാ എം പി മാരും കക്ഷിഭേദമെന്യേ ഒരേ സ്വരത്തിൽ അതിനെ അനുകൂലിക്കത്തക്കവിധത്തിൽ പൊതുജനാഭിപ്രായം രൂപപ്പെടണം. അതു നമ്മുടെ പഞ്ചായത്ത് മെമ്പർ മുതൽ മുകളിലോട്ടു നമ്മൾ വോട്ടു കൊടുത്തു തെരഞ്ഞെടുത്തയച്ച എല്ലാ ജനപ്രതിനിധികളോടും പറയണം. എം പി വോട്ടു ചെയ്തില്ലെങ്കിൽ ഞാൻ എന്തു ചെയ്യാനാണ് എന്ന ഉടക്കുന്യായം പറയാൻ പഞ്ചായത്ത് മെമ്പറെയോ ബ്ലോക്ക് മെമ്പറെയോ കൗൺസിലറെയോ എം എൽ എ യെയോ അനുവദിക്കരുത്. അവർ ഓരോരുത്തരും തങ്ങൾ അംഗമായിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്തട്ടെ. അല്ലെങ്കിൽ അടുത്ത തവണ നിങ്ങൾക്കു വോട്ടു തരില്ല എന്നു പറയാനുള്ള ധൈര്യം എല്ലാവർക്കും കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
പ്രതികരിക്കേണ്ടിടത്തു പ്രതികരിച്ചില്ലെങ്കിൽ ചിലപ്പോൾ ലൂർദ്ദ് പള്ളിയും വല്ലാർപാടം ബസിലിക്കയും ഗുരുവായൂർ ക്ഷേത്രവും ശബരിമലയും ഒരുപക്ഷേ സെക്രട്ടേറിയറ്റും വിമാനത്താവളവും റെയിൽവേ സ്റ്റേഷനും വരെ ആരെങ്കിലുമൊക്കെ കൊത്തിക്കൊണ്ടുപോയെന്നിരിക്കും. അതുകൊണ്ടു ജാഗ്രത!
NB: നിങ്ങൾക്ക് ഇതിൽ കൊടുത്തിരിക്കുന്ന വസ്തുതകളിൽ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കേന്ദ്രസർക്കാരിൻ്റെ Press Information Bureau പുറത്തിറക്കിയ പത്രക്കുറിപ്പ് വായിച്ച് സ്വയം ബോധ്യപ്പെടാവുന്നതാണ്. ലിങ്ക് താഴെക്കൊടുക്കുന്നു.
https://pib.gov.in/PressNoteDetails.aspx?NoteId=152139&ModuleId=3®=3&lang=1