മലബാർ മേഖലയിലെ ട്രെയിൻ യാത്രാക്കാർക്ക് ആശ്വാസമായി കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി.ഇത് കൂടാതെ ആഴ്ചയില്‍ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കി.
ജൂലൈയില്‍ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടിനല്‍കി ഇപ്പോള്‍ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നവംബർ ഒന്ന് മുതല്‍ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും. നിലവില്‍ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. ഇതോടെ യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമാണ് പ്രാവർത്തികമാകുന്നത്.
കോഴിക്കോട് നിന്നും വടക്കോട്ട് വൈകുന്നേരം ആറിന് ശേഷം ട്രെയിനുകളില്ലാത്ത സ്ഥിതിയായിരുന്നു. വരുമാനക്കണക്കുകളില്‍ മലബാർ മുന്നില്‍ നില്‍ക്കുമ്ബോഴായിരുന്നു റെയില്‍വേയുടെ ഈ അവഗണന. അഞ്ച് മണിക്കുള്ള പരശുറാമില്‍ കാലുകുത്താൻ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. പിന്നാലെയെത്തുന്ന നേത്രാവതിയില്‍ ഉള്ളത് രണ്ട് ജനറല്‍ കോച്ച് മാത്രമാണ്. 6.15 ന് കണ്ണൂർ എക്സ്പ്രസ് പോയാല്‍ മൂന്ന് മണിക്കൂറിന് ശേഷം 9.30 ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് എത്തേണ്ടതാണ്. എന്നാല്‍ വന്ദേഭാരതിനായി ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് വഴിയില്‍ ഒരു മണിക്കൂറോളം പിടിച്ചിടും. സ്പെഷ്യല്‍ ട്രെയിൻ ഓടിത്തുടങ്ങിയപ്പോള്‍ ഈ ബുദ്ധിമുട്ടുകളെല്ലാം ഒരു പരിധി വരെ മാറിയിരുന്നു.