നമ്പർ പ്ലേറ്റുകള്‍ മറച്ച് ദേശീയപാതയിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് പതിവ് കാഴ്ച. ഈ നിയമ ലംഘനത്തിനു നേരെ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പും പൊലീസും.കണ്ണൂരില്‍നിന്നും കാസർകോട് ഭാഗത്തേക്കും കാസർകോട് നിന്നും കണ്ണൂർ ഭാഗത്തേക്കും നിരവധി ലോറികളാണ് നിയമവിരുദ്ധമായി നമ്ബർ പ്ലേറ്റ് മറച്ചുവെച്ച് ഓടുന്നത്.
ഒരു വാഹനം പോലും പിടിക്കപ്പെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കുലോറികളാണ് ഈ രീതിയില്‍ നിയമലംഘനം നടത്തുന്നത്. നിയമ ലംഘനം തൃക്കരിപ്പൂർ അഗ്നിരക്ഷാനിലയത്തിലെ സിവില്‍ ഡിഫൻസ് സർവിസ് കാഡറ്റും സാമൂഹിക പ്രവർത്തകനുമായ എം.വി. ശില്പരാജ് പൊലീസിലും മോട്ടോർ വാഹന വകുപ്പിലും ഫോട്ടോ സഹിതം റിപ്പോർട്ട് ചെയ്തുവെങ്കിലും നടപടി ഉണ്ടായില്ല. വാഹനങ്ങളുടെ ഫോട്ടോകളും പരാതിയോടൊപ്പം ഉള്ളടക്കം ചെയ്തതായി ശില്പരാജ് പറയുന്നു.
ഇങ്ങനെ ഓടുന്ന വാഹനങ്ങള്‍ ഏതെങ്കിലും രീതിയില്‍ അപകടത്തിന് കാരണമായാല്‍ കണ്ടുപിടിക്കുക പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു. എളുപ്പത്തില്‍ രേഖപ്പെടുത്താൻ കഴിയുന്ന പിറകുവശത്തെ നമ്ബർ പ്ലേറ്റുകളാണ് കാണാത്തത്. ചെറിയ വാഹനങ്ങളില്‍ തട്ടിയിട്ടാല്‍ പിടിക്കപ്പെടാതെ എളുപ്പത്തില്‍ രക്ഷപ്പെടാൻ ഇതിലൂടെ സാധിക്കുന്നു. ദേശീയപാത നിർമാണം പുരോഗമിക്കവെ പാതയില്‍ അപകടങ്ങള്‍ വ്യാപകമാണ്. ഇതും നമ്ബർ മറക്കാൻ കാരണമാവുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല, കള്ളക്കടത്തും മറ്റും പിടികൂടുന്നതിനും ഇത് തടസ്സമാവും.
നമ്ബർ പ്ലേറ്റ് ഇല്ലാതെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ ഗതാഗത, പൊലീസ് വകുപ്പുകള്‍ കണ്ടെത്തി നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പിഴയിനത്തില്‍ സർക്കാറിന് ലഭിക്കേണ്ട പണവും നഷ്ടപ്പെടുകയാണ്. നിയമലംഘനം തടയുന്നതിന് ദേശീയ പാതയില്‍ കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായിമുക്കിലും കാസർകോട് കാലിക്കടവിലും അത്യാധുനിക സൗകര്യമുള്ള നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് നിവേദനം നല്‍കിയതായി ശില്പരാജ് ‘മാധ്യമ’ത്തോട് പറഞ്ഞു.