കൽപ്പറ്റ: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്. ഇന്ന് നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ ഉള്ളത്. പ്രിയങ്ക ഗാന്ധിയുടെ കൈവശം 52,000 രൂപയാണ് ഉള്ളത്. 4.24 കോടി രൂപയുടെ നിക്ഷേപത്തിൽ 3.67 ലക്ഷം രൂപ മൂന്ന് ബാങ്കുകളിലായുള്ളത്. ബാക്കി തുക നിക്ഷേപിച്ചിരിക്കുന്നത് മ്യൂച്ചൽ ഫണ്ടുകളിലും ഓഹരികളിലുമാണ്.
2.1 കോടിയുടെ ഭൂസ്വത്തുക്കൾ ഉണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രണ്ടിടങ്ങളിലായി നാലേക്കറോളം ഭൂമിയുണ്ട്. 15,75,000 രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വാധ്രയ്ക്ക് 37.91 കോടിയുടെ ജംഗമവസ്തുക്കളും 27.64 കോടിയുടെ സ്ഥാപരവസ്തുക്കളുമുണ്ട്. ഭർത്താവ് സമ്മാനമായി നൽകിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം കൈവശമുണ്ട്. കൂടാതെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ സ്വന്തമായി വീടുണ്ടെന്നും അതിന് 5.63 കോടിയിലധികം രൂപയുണ്ടെന്നും സത്യവാങ് മൂലത്തിൽ പറയുന്നു. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി,എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. 2004 മോഡൽ ഹോണ്ട സിആർവി കാറും സ്വന്തമായുണ്ട്. 15.75 ലക്ഷം രൂപയാണ് കടബാധ്യത. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ടെന്നും നാമനിർദേശ പത്രികയിൽ പറയുന്നു.മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി മൂന്നു കേസുകളും പ്രിയങ്കയ്ക്കെതിരെയുണ്ട്.റോബർട്ട് വാദ്രയ്ക്ക് 10 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്.
യുകെയിലെ സണ്ടർലാൻഡ് സർവകലാശാലയിൽ നിന്ന് വിദൂര പഠനത്തിലൂടെ ബുദ്ധിസ്റ്റ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദം നേടി. ഡൽഹി സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ബിഎ നേടി.