ന്യൂഡൽഹി : കോഴിക്കോട് – മൈസൂർ ദേശിയ പാത കടന്ന് പോകുന്ന ബന്ദിപ്പൂർ വന മേഖലയിൽ രാത്രി സർവീസ് നടത്തുന്ന ബസുകളുടെ എണ്ണം വർധിപ്പിക്കണം എന്ന ആവശ്യത്തിൽ സുപ്രീംകോടതി നോട്ടീസ്. കേന്ദ്രസർക്കാരിനും കേരള, കർണാടക സർക്കാരുകൾ ഉൾപ്പടെയുള്ള എതിർ കക്ഷികൾക്കുമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നോട്ടീസ് അയച്ചത്.
സംസ്ഥാന സർക്കാരുകളുടെ ട്രാൻസ്പോർട്ട് കോർപറേഷനുകൾക്ക് രാത്രി സർവീസ് നടത്തുന്നതിന് ആവശ്യമായ അനുമതി നൽകിയിട്ടുണ്ട് എന്ന് കർണാടക സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആവശ്യമായ ബസുകൾ സർവീസ് നടത്തുന്നുണ്ട് എന്നും കർണാടക സർക്കാർ കോടതിയിൽ വ്യക്തമാക്കി. എന്നാൽ ഈ വാദം കേരളത്തിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും എതിർത്തു. ഇരു സംസ്ഥാനങ്ങളിലെയും ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കുമായി പത്ത് സർവ്വീസുകളാണ് ഇപ്പോൾ ബന്ദിപ്പൂർ വനമേഖലയിൽ രാത്രി നടത്തുന്നത് എന്നും ഇരുവരും ചൂണ്ടിക്കാട്ടി.
രാത്രി യാത്ര നിരോധനം പൂർണമായും എടുത്ത് കളയണം എന്നതാണ് കേരളത്തിന്റെ നിലപാട് എന്നും കേരളം സുപ്രീംകോടതിയെ അറിയിച്ചു. ബസ് സർവീസുകളുടെ എണ്ണം കൂട്ടണം എന്ന വാദത്തെ ട്രക്ക് ഉടമകളുടെ സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അൽജോ കെ ജോസഫും പിന്തുണച്ചു