തൃശൂർ പൂരം വെടിക്കെട്ടിൻ്റെ നിയന്ത്രണങ്ങളിൽ ഇളവ് വേണമെന്ന് തിരുവമ്പാടി ദേവസ്വം. ഇളവില്ലെങ്കിൽ പൂരം വെടിക്കെട്ട് ഓർമയാകുമെന്നും ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ഉത്തരവിലെ നിർദേശങ്ങൾ അപ്രായോഗികമാണ്. ഉത്തരവിൽ തിരുത്ത് വേണം, പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്നും ഗിരീഷ്കുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ വെടിക്കെട്ടിനേർപ്പെടുത്തിയ നിയന്ത്രണങ്ങൾ അപ്രായോഗികമാണെന്ന് പൂരപ്രേമി സംഘവും അറിയിച്ചു. വിഷയത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഗൗരവമായി ഇടപെടണം. കൂടുതൽ ഇളവുകൾ അനുവദിച്ചില്ലെങ്കിൽ തൃശൂർ പൂരം വെടിക്കെട്ട് മുടങ്ങുമെന്നും പൂരപ്രേമി സംഘം പറയുന്നു.
വെടിക്കെട്ടിനെതിരായ കേന്ദ്ര ഏജൻസി പെസോ പുറത്തിറക്കിയ ഉത്തരവിൽ തിരുവമ്പാടിയിലും അമർഷം പുകയുകയാണ്. 35 നിയന്ത്രണങ്ങളാണ് ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. 200 മീറ്ററാണ് വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഫയര്‍ലൈനും തമ്മിലുള്ള അകലമായി ഉത്തരവിൽ പറയുന്നത്. തേക്കിൻകാടിൽ ഈ കണക്ക് പാലിക്കാനാകില്ല. ഫയല്‍ലൈനും ആളുകളും തമ്മിലെ അകലം 100 മീറ്റര്‍ വേണമെന്നും ഉത്തരവിലുണ്ട്. തേക്കിൻകാട് മൈതാനത്തിൽ ഇതിന് വേണ്ട സൗകര്യങ്ങളില്ല. പുതിയ നിയന്ത്രണം പ്രകാരം സ്വരാജ് റൗണ്ടിന്‍റെ പരിസരത്തുപോലും ആളെ നിർത്താൻ കഴിയില്ല.താല്‍ക്കാലികമായി ഉപയോഗിക്കുന്ന ഷെഡ്ഡും ഫയര്‍ലൈനും തമ്മിലെ അകലം 100 മീറ്ററാക്കി.ആശുപത്രി, സ്കൂൾ, നഴ്സിംഗ് ഹോം എന്നിവയിൽ നിന്നും 250 മീറ്റർ അകലെ ആയിരിക്കണം വെടിക്കെട്ടുകൾ നടക്കേണ്ടതെന്ന നിബന്ധനയും ഉണ്ട്.