വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത മദ്രസകള്‍ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. കമ്മീഷന് ഉത്തരവ് അനുസരിച്ച് നടപടിയെടുക്കാനൊരുങ്ങിയ ഉത്തര്‍പ്രദേശ്, ത്രിപുര സര്‍ക്കാരുകളുടെ പ്രവര്‍ത്തികളെയും കോടതി തടഞ്ഞു. ആര്‍ടിഇ നിയമത്തിന് അനുസൃതമല്ലാത്ത മദ്രസകളുടെ അംഗീകാരം പിന്‍വലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമാണ് ദേശീയ ബാലാവകാശ കമ്മീഷന് ചെയര്മാന് കത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നത്.എന്‍സിപിസിആറിന്റെ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
എന്‍സിപിസിആറിന്റെ ഉത്തരവിനെതിരെ ജാമിയത്ത് ഉലമ-ഐ-ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയുമടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. മദ്രസകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ രേഖപ്പെടുത്തുന്ന റിപ്പോര്‍ട്ട് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് പുറത്ത് വിട്ടിരുന്നു. റിപ്പോര്‍ട്ടിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമായിരുന്നു രാജ്യമൊട്ടാകെ നിന്നും ഉയര്‍ന്നത്.