ഇറാഖിലെ യസീദി ബന്ദിയായ ഫൗസിയ അമിൻ സിഡോയെ ഗാസയിലെ തടവിൽനിന്ന് ഇസ്രായേൽ സൈന്യവും യു. എസ്. എംബസിയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രക്ഷിച്ചിട്ട് ഇപ്പോൾ രണ്ടാഴ്ച പിന്നിട്ടു. വടക്കൻ ഇറാഖിലെ സിൻജാർ പ്രദേശത്തെ വീട്ടിലേക്ക് ഫൗസിയയെ സൈന്യം സുരക്ഷിതമായി എത്തിച്ചു. ഐ. എസ്. ഐ. എസിന്റെ തടവിൽനിന്നുള്ള വിമോചനത്തിനുശേഷമുള്ള ഒരു അഭിമുഖത്തിൽ ഫൗസിയ നടത്തിയ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നതായിരുന്നു.
2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് അടിമകളാക്കിയ ഫൗസിയ അടക്കമുള്ള യസീദി കുട്ടികളുടെ ദുരവസ്ഥയും കിരാതമായ അനുഭവങ്ങളുമാണ് അവൾ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒമ്പതു വയസ്സുള്ള ഫൗസിയയെ അവളുടെ രണ്ട് സഹോദരന്മാർക്കൊപ്പം 2014-ലെ വേനൽക്കാലത്താണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ പിടികൂടുന്നത്. പിടികൂടിയതിനുശേഷം, ഭീകരർ അവളെയും അവളുടെ ഒരു സഹോദരൻ ഫവാസിനെയും സിൻജാറിൽനിന്ന് താൽ അഫറിലേക്കു കൊണ്ടുപോയി. അക്കാലത്ത് അവിടം ഇസ്ലാമിക് സ്റ്റേറ്റിന്റെ നിയന്ത്രണത്തിലായിരുന്നു. യാത്രയ്ക്ക് മൂന്നോ, നാലോ ദിവസമെടുത്തു. ഈ സമയത്ത് യസീദികൾക്ക് ഭക്ഷണമൊന്നും നൽകിയിരുന്നില്ല.
താൽ അഫറിൽ എത്തിയപ്പോൾ അവർ ചോറും കൂടെ ഇറച്ചിയും കഴിക്കാൻ കൊടുത്തു. വിചിത്രമായ രുചി ഉണ്ടായിരുന്ന ഇറച്ചി കഴിച്ച പലർക്കും വയറുവേദന അനുഭവപ്പെട്ടു. എല്ലാവരും കഴിച്ചുകഴിഞ്ഞപ്പോഴാണ്, ഇത് യസീദിക്കുട്ടികളുടെ മാംസമാണെന്ന് അവർ വെളിപ്പെടുത്തിയത്. കൂടെ തലയറുത്ത നിലയിലുള്ള കുട്ടികളുടെ ചിത്രങ്ങളും കാണിച്ചു.
ചിത്രങ്ങൾ കാണിച്ച്, ഇതാണ് നിങ്ങളിപ്പോൾ കഴിച്ചതെന്നു പറഞ്ഞപ്പോൾ ഒരു സ്ത്രീക്ക് ഹൃദയസ്തംഭനം അനുഭവപ്പെടുകയും അധികം വൈകാതെ അവർ മരണപ്പെടുകയും ചെയ്തു. ഈ കുഞ്ഞുങ്ങളുടെ അമ്മമാരും അവിടെ ഉണ്ടായിരുന്നു. ഒരു അമ്മ സ്വന്തം കുഞ്ഞിനെ അതിന്റെ കൈകൾ കണ്ട് തിരിച്ചറിഞ്ഞത് ഹൃദയഭേദകമായ അനുഭവമായിരുന്നുവെന്ന് ഫൗസിയ ഓർക്കുന്നു.
ഇരുനൂറോളം യസീദി സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം അവളെ ഒമ്പതു മാസത്തോളം ഒരു ഭൂഗർഭജയിലിലാണ് പാർപ്പിച്ചിരുന്നത്. അവിടെയുണ്ടായിരുന്ന കുട്ടികളിൽ ചിലർ മലിനമായ വെള്ളം കുടിച്ചാണ് മരിച്ചത്. ഇടയ്ക്കിടെ ജിഹാദികൾ വന്ന് ജയിലിൽനിന്ന് പ്രായമായ പെൺകുട്ടികളെ കൊണ്ടുപോകുമായിരുന്നുവെന്നും അവൾ ഓർക്കുന്നു.
ഫൗസിയയുടെ അനുഭവം ഐ. എസ്. ഐ. എസ് തട്ടിക്കൊണ്ടുപോയ യസീദി പെൺകുട്ടികളുടെ അനുഭവമാണ്. 2017-ൽ ഇറാഖി പാർലമെൻ്റിലെ യസീദി അംഗമായ വിയാൻ ദഖിലാണ് ഐ. എസ്. ഐ. എസ്. നടത്തിയ കിരാതപ്രവൃത്തികളുടെ വിശദാംശങ്ങൾ ആദ്യമായി വെളിപ്പെടുത്തിയത്.
ഒൻപത് മാസത്തിന് ശേഷം, ഒരു സ്കൂളിനോട് സാമ്യമുള്ള ഒരു കെട്ടിടത്തിലേക്ക് അവളെ കൊണ്ടുപോയി. അവിടെ നിന്ന് അവളെയും മറ്റ് നാല് യസീദി പെൺകുട്ടികളെയും അബു അമർ അൽ-മഗ്ഡിസി എന്നയാൾ വാങ്ങി. തുടർന്ന് പെൺകുട്ടികളെ ബലമായി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തു. അനുസരിക്കാൻ വിസമ്മതിച്ച എല്ലാവർക്കും മർദ്ദനമേറ്റു.
അവൾക്ക് 10 വയസ്സുള്ളപ്പോൾ അവളെ ആദ്യമായി ഒരു ജിഹാദി ബലാത്സംഗം ചെയ്തു. പല തവണ അവൾ വിൽക്കപ്പെട്ടു. ഒരു സിറിയൻ, ഒരു സൌദി, പിന്നെ മറ്റൊരു സിറിയൻ. ഒടുവിൽ അവളെ ‘വിവാഹം കഴിച്ച’ ഗാസക്കാരനായ ജിഹാദിക്ക്.
ഗാസക്കാരനായ ജിഹാദിയെ ‘വിവാഹം’ കഴിക്കുമ്പോൾ ഫൗസിയയ്ക്ക് 15 – 16 വയസായിരുന്നു പ്രായം. ആവർത്തിച്ചുള്ള ബലാത്സംഗങ്ങളുടെ ഫലമായി അവൾ ഒരു ആൺകുട്ടിയെയും ഒരു പെൺകുട്ടിയെയും പ്രസവിച്ചു.
ഫൗസിയയെയും മക്കളെയും അൽ-ഹാളിലെ ഐസിസ് കുടുംബങ്ങൾക്കായുള്ള എസ്. ഡി. എഫ് നിയന്ത്രിത ജയിൽ ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ജിഹാദികൾ അവരെ ഇസ്ലാമിസ്റ്റ് നിയന്ത്രണത്തിലുള്ളതും തുർക്കി പിന്തുണയുള്ളതുമായ ഇഡ്ലിബ് പ്രവിശ്യയിലേക്ക് മാറ്റി. തുടർന്ന് അവളെയും കുട്ടികളെയും ഇഡ്ലിബിൽ നിന്ന് തുർക്കിയിലേക്ക് ഒരു തുരങ്കത്തിലൂടെ കൊണ്ടുപോയി. അവിടെ, ഇസ്ലാമിക്സ്റ്റേറ്റ് പിന്തുണയുള്ളവർ അവൾക്ക് ഒരു വ്യാജ ജോർദാനിയൻ പാസ്പോർട്ട് നൽകി, അവളെയും കുട്ടികളെയും അവളുടെ ‘ഭർത്താവിന്റെ’ കുടുംബം കെയ്റോയിലേക്കും തുടർന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലേക്കും കൊണ്ടുപോയി.
ഗാസയിൽ, ഫൗസിയയെ അവളുടെ ‘ഭർത്താവിന്റെ’ കുടുംബം ഒരുതരം ഗാർഹിക അടിമയായി സൂക്ഷിച്ചു.
കുറച്ചുകാലം ആയുധധാരികളായ ഹമാസ് പുരുഷന്മാരുടെ നിയന്ത്രണത്തിലുള്ള സെൻട്രൽ ഗാസയിലെ ഷുഹാദ അൽ-അക്സാ ആശുപത്രിയിൽ അവൾ മറ്റ് യുവതികൾക്കൊപ്പം താമസിച്ചു.
ഒടുവിൽ, വർഷങ്ങൾ നീണ്ട ക്രൂരവും കഠിനവുമായ തടവിന് ശേഷം, ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് ഗാസയിൽ നിന്നും അവളെ രക്ഷപ്പെടുത്തി. തുടർന്ന് അമേരിക്കൻ എംബസിയുടെ സഹായത്തോടെ ഇറാഖിലെ അവളുടെ കുടുംബത്തിലേക്ക് അവൾ മടങ്ങിയെത്തി.
എന്നിരുന്നാലും, അവരുടെ കുട്ടികൾ ഗാസയിൽ അവളെ തട്ടിക്കൊണ്ടുപോയയാളുടെ കുടുംബത്തോടൊപ്പം താമസിക്കുന്നു, അവിടെ ആ കുട്ടികൾ അറബ് മുസ്ലീങ്ങളായി വളർത്തപ്പെടുന്നു.
ഈ വാക്കുകളോടെ ഫൗസിയ തന്റെ അനുഭവം പങ്കുവയ്ക്കൽ അവസാനിപ്പിച്ചു. “ഞാൻ ഇറാഖിലേക്ക് മടങ്ങുന്നതുവരെ, ഒരു ‘സബായ’ ആയിരുന്നു.”
തടവിലാക്കപ്പെടുകയും ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു യുവതിയെ സൂചിപ്പിക്കുന്ന അറബി പദമാണ് സബായ.
കടപ്പാട്: ജറുസലേം പോസ്റ്റ്, എൻഡി ടിവി.