ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിൻ്റെ നിർണ്ണായക യുദ്ധതയ്യാറെടുപ്പുകൾ സംബന്ധിച്ച അമേരിക്കയുടെ രഹസ്യസ്വഭാവമുള്ള ഇൻ്റലിജൻസ് രേഖകൾ ചോർന്നതായി റിപ്പോർട്ട്. നാഷണൽ ജിയോപാസ്റ്റൈൽ ഏജൻസിയിൽ നിന്നാണ് റിപ്പോർട്ടുകൾ ചോർന്നത്.അമേരിക്കൻ ചാര ഉപഗ്രഹങ്ങൾക്ക് ലഭിച്ച ചിത്രങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ വിശകലനങ്ങളിൽ ഇസ്രയേലിൻ്റെ സൈനിക ഒരുക്കങ്ങളും ഇറാനെ ആക്രമിക്കാനുള്ള തയ്യാറെടുപ്പും വ്യക്തമാക്കുന്നതാണ് ഇൻ്റലിജൻസ് രേഖകളിലെ ഉള്ളടക്കം എന്നാണ് റിപ്പോർട്ട്.
ഇറാൻ അനുകൂല വികാരം പങ്കുവെയ്ക്കുന്ന ടെലഗ്രാം അക്കൗണ്ടുകൾ വഴിയാണ് ഒക്ടോബർ 15, 16 തീയതികളിലുള്ള രണ്ട് രേഖകൾ വ്യാപകമായി പ്രചരിക്കപ്പെടുന്നത്. ഇറാനെ ആക്രമിക്കുന്നതിനായുള്ള ഇസ്രയേലിൻ്റെ സൈനിക തയ്യാറെടുപ്പ് സൂചിപ്പിക്കുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങളുടെ വിശദമായ വിശകലനമാണ് അതിലുള്ളത്. ഒക്ടോബർ 1ന് ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നെന്ന വിവരങ്ങളാണ് യുഎസ് രഹസ്യരേഖയിലുള്ളത്.
എയർ-ടു-എയർ റീഫ്യൂവലിങ്ങ് ഓപ്പറേഷനുകൾ, തിരയൽ-രക്ഷാ ദൗത്യങ്ങൾ, ഇറാൻ്റെ ആക്രമണ സാധ്യത പ്രതീക്ഷിച്ച് മിസൈൽ സിസ്റ്റം പുന:സ്ഥാപിക്കൽ തുടങ്ങിയ വിവരങ്ങളും ഈ രേഖയിലുണ്ടെന്നാണ് റിപ്പോർട്ട്. രഹസ്യസ്വഭാവമുള്ള ഇൻ്റലിജൻസ് രേഖ ചോർന്നതിൽ അമേരിക്കൻ ഭരണകൂടം ആശങ്കപ്പെടുന്നുവെന്നും റിപ്പോർട്ടുണ്ട്. ചോർച്ചയുടെ തീവ്രതയെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥർക്കിടയിൽ അഭിപ്രായ ഭീന്നതയുണ്ടെന്നാണ് റിപ്പോർട്ട്. ചോർച്ചയുടെ കൃത്യമായ ഉറവിടം സംബന്ധിച്ച് വിവരം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.രേഖകൾ ഒരു താഴെക്കിടയിലുള്ള യുഎസ് ജീവനക്കാരൻ വഴി ചേർന്നതാകാമെന്നാണ് പ്രാഥമിക വിവരമെന്നാണ് സൂചനയെന്നും റിപ്പോർട്ടുണ്ട്