ജില്ലയിലെ ആദ്യത്തെ നഗരവനമായി വികസിപ്പിക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനം പൂർത്തിയായി.വനം വകുപ്പ് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അധീനതയില്‍ ഇരിട്ടി എടക്കാനം റോഡരികില്‍ വള്ള്യാട്ടെ 10 ഹെക്ടർ സ്ഥലത്തില്‍ മൂന്ന് ഹെക്ടർ പ്രദേശമാണ് ആദ്യ ഘട്ടത്തില്‍ നഗരവനമായി വികസിപ്പിച്ചിരിക്കുന്നത്. അടുത്ത ഘട്ടങ്ങളില്‍ 10 ഹെക്ടറും പദ്ധതിയുടെ ഭാഗമാക്കും.
ഒന്നാം ഘട്ടത്തില്‍ 40 ലക്ഷം രൂപ ചെലവില്‍ നടപ്പാത, ചുറ്റുമതില്‍, ഇരിപ്പിടം, കംഫർട്ട് സ്റ്റേഷൻ, ഇൻഫർമെഷൻ സെന്റർ തുടങ്ങിയവയാണ് പൂർത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം 20ന് രാവിലെ 10ന് സണ്ണി ജോസഫ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. പഴശ്ശി ജലസേചന പദ്ധതിയുടെ അധീനതയിലുള്ള 10 ഏക്കർ പ്രദേശം സാമൂഹിക വനവത്കേരണ വിഭാഗം വർഷങ്ങള്‍ക്ക് മുമ്ബ് 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത് നിറയെ ഔഷധസസ്യങ്ങള്‍ വളർത്തിയിരുന്നു.
പിന്നീട്, സഞ്ജീവിനി പാർക്ക് എന്ന നിലയില്‍ വികസിപ്പിക്കുകയും കൂടുതല്‍ ഔഷധസസ്യങ്ങളും തണല്‍ മരങ്ങളും വെച്ചുപിടിപ്പിച്ച് ഹരിതാഭമാക്കി സഞ്ചാരികള്‍ക്കുള്ള സൗകര്യമൊരുക്കി. വർഷങ്ങളായി കാര്യമായ പരിചരണമൊന്നും ഇല്ലാതിരുന്നതിനാല്‍ ഇടതൂർന്ന് മരങ്ങളും അടിക്കാടുകളും വളർന്ന് ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി. പാർക്കിനെ സംരക്ഷിക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയർന്നിട്ടും അനാഥമായി കിടക്കുകയായിരുന്നു.
രണ്ടാം ഘട്ടം ഉടൻ തുടങ്ങും
രണ്ടാം ഘട്ടത്തില്‍ 30 ലക്ഷം രൂപയുടെ പദ്ധതിക്കാണ് സാമൂഹിക വനവത്കരണ വിഭാഗം രൂപരേഖ തയാറാക്കിയിരിക്കുന്നതെന്ന് സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സർവെറ്റർ ഓഫ് ഫോറസ്റ്റർ ജോസ് മാത്യു പറഞ്ഞു. നടപ്പാതയില്‍ കല്ലുപാകല്‍, ഊഞ്ഞാല്, എറുമാടം, കുളം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നുണ്ട്. പഴശ്ശി പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴയോരത്ത് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പാർക്ക്. പദ്ധതിയില്‍ വേനല്‍ക്കാലത്ത് കുടിവെള്ളത്തിനായി വെള്ളം കെട്ടിനിർത്തുമ്ബോള് പാർക്കിന്റെ മൂന്നു ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെടും.
പുഴയുടെ മറുകരയില്‍ വികസിച്ചു കൊണ്ടിരിക്കുന്ന പെരുമ്ബറമ്ബ് ഇക്കോ പാർക്കുമായി ഇരിട്ടി നഗരവനത്തെ കൂട്ടിയിണക്കാനും സാധിക്കും. സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന പ്രദേശമാണിത്. എ.സി.എഫ് ജോസ് മാത്യു, റേഞ്ചർ പി. സുരേഷ്, ഫോറസ്റ്റർമാരായ എം.ഡി. സുമതി, പി. പ്രസന്ന, പി.കെ. സുധീഷ്, ബീറ്റ് ഫോറസ്റ്റർ ടിന്റു, എൻ.സി.പി നേതാവ് അജയൻ പായം എന്നിവർ പാർക്കിലെ നിർമാണ പ്രവൃത്തികള്‍ വിലയിരുത്തി.
നഗർ വനം പദ്ധതി
നഗരങ്ങളില്‍ അന്തരീക്ഷ മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കേന്ദ്രസർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് നഗർ വനം പദ്ധതി. നഗരങ്ങളില്‍ 10 ഹെക്ടറില്‍ കൂടുതല്‍ വനമുള്ള മേഖലയെ ശാസ്ത്രീയമായി വികസിപ്പിച്ച് അന്തരീക്ഷത്തിലെ ശുദ്ധ വായു ക്രമീകരിക്കുകയായിരുന്നു ലക്ഷ്യം. ഇരിട്ടി നഗരവനത്തില്‍ നിലവിലുള്ള മരങ്ങള്‍ക്കും ഔഷധ സസ്യങ്ങള്‍ക്കും പുറമെ 6000ത്തോളം പുതിയ സസ്യങ്ങളും വെച്ചുപിടിപ്പിച്ചു. നഗരവനത്തിന്റെ പരിപാലനം ഇരിട്ടി നഗരസഭയിലെ അഞ്ച്, ആറ്, ഏഴ് വാർഡുകളിലെ ജനങ്ങളുടെ കൂട്ടായ്മ്മയില്‍ രൂപംകൊണ്ട ഗ്രാമഹരിത സമിതിയാണ്. ഇരിട്ടി നഗരസഭ മുൻ ചെയർമാൻ പി.പി. അശോകൻ പ്രസിഡന്റായുള്ള സമിതിയാണ് നഗരവനത്തിന്റെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുക. പ്രവേശന പാസിലൂടെ പാർക്കില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 45 ശതമാനം പാർക്കിന്റെ വികസനത്തിനും ചെലവുകള്‍ക്കുമായി വിനിയോഗിക്കാം.