Skip to content

  • Home
  • About
  • About Trivandrum
  • Contact

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട റോഡുകൾ നവംബർ 5 ന് മുമ്പ് പൂർണ സഞ്ചാരയോഗ്യമാക്കും

Editor, October 19, 2024October 19, 2024

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും ശബരിമല തീർത്ഥാടന പ്രാധാന്യം ഉള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കറ്റ് ഹോട്ടലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

allianz-education-kottarakkara

സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്പെഷ്യൽ കോർ ടീമിന് രൂപം നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള കോർ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കുകയും ഈ സീസൺ കാലയളവ് മുഴുവൻ പരാതികൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ റസ്റ്റ് ഹൗസുകളിലും പൊതുമരാമത്ത് വകുപ്പിന് ചുമതലയുള്ള ആശുപത്രി സംവിധാനങ്ങളിലും ഏർപ്പെടുത്തും. സിവിൽ, ഇലക്ട്രിക്കൽ ക്രമീകരണങ്ങൾ സമയബന്ധിതമായി പരിശോധിച്ച് പ്രവർത്തന സജ്ജമാക്കും.

ചീഫ് എൻജിനീയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി നവംബർ 1 ന് റിപ്പോർട്ട് സമർപ്പിക്കണം. റോഡ് ഗതാഗത യോഗ്യമാക്കൽ, റോഡ് സുരക്ഷ ഏർപ്പെടുത്തൽ, അപകടകരമായ മരങ്ങളും മരച്ചില്ലകളും നീക്കം ചെയ്യൽ, ഡ്രൈനേജ് സ്ലാബുകൾ ക്രമീകരിക്കൽ, സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം എന്നിവ കോർ ടീമിന്റെ പരിശോധനയിൽ ഉറപ്പു വരുത്തും.വ്യക്തമാകുന്ന രീതിയിലുള്ള ബോർഡുകൾ ആവശ്യമായ ഇടങ്ങളിൽ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി.

എറണാകുളം, തൃശൂർ ജില്ലകളിൽ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ സംബന്ധിച്ച് റോഡുകൾ പൂർണ സഞ്ചാര യോഗ്യമാണെന്നും വെള്ളക്കെട്ടില്ല എന്നും ഉറപ്പു വരുത്തും. റോഡുകളിൽ ആവശ്യമായ ബോർഡുകളും ക്രമീകരണങ്ങളും മുൻകൂട്ടി സജ്ജീകരിക്കും. ഇത് വ്യക്തമായി കാണിച്ചുകൊണ്ട് ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകണം. പൊതുവിൽ റണ്ണിങ് കോൺട്രാക്ട് പദ്ധതികൾ കൊണ്ട് വന്നതിന്റെ മാറ്റം റോഡുകളിൽ പ്രതിഫലിക്കത്തക്കവിധം പ്രവൃത്തികൾ നടത്തും. നിലവിലെ ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നൽകുന്ന പ്രത്യേക ചുമതലകൾ നിർവ്വഹിക്കേണ്ടത്. സുഗമമായതും അപകട രഹിതവുമായ ശബരിമല ഉത്സവകാലമാണ് പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായി വകുപ്പ് ഏകോപിതമായ പ്രവർത്തനങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ തുടങ്ങയവർ യോഗത്തിൽ ഓൺലൈനായി സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഷിബു എ, പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ എസ്, കോട്ടയം ജില്ലാ കളക്ടർ ജോൺ വി സാമുവൽ, പൊതുമരാമത്ത് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Latest News

Post navigation

Previous post
Next post

Latest News

  • പ്രഭാത വാർത്തകൾ2025 | ഏപ്രിൽ 4 | വെള്ളി1200 | മീനം 21 | തിരുവാതിര
  • പ്രഭാത വാർത്തകൾ
  • സാങ്കേതിക വിദ്യാഭ്യസരം​ഗത്ത് പുതിയൊരു വിപ്ലവുമായി എയ്സ് കോളേജ് ഓഫ് എഞ്ചിനിയറിം​ഗ്
  • വാർത്തകൾ
  • പ്രഭാത വാർത്തകൾ
©2025 | WordPress Theme by SuperbThemes