കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന പി പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയില്‍ എത്തിയതെന്നും ക്ഷണിച്ചതായി അറിയില്ലെന്നും നവീന്‍ ബാബുവിന്റെ യാത്രയയപ്പില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്കി.
ദിവ്യയുടെ പ്രസംഗത്തിന് ശേഷം നവീന്‍ മാനസിക പ്രയാസം ഉള്ളതായി തോന്നിയിരുന്നു. നവീന്‍ ബാബുവിന്റെ മറുപടി പ്രസംഗം ചുരുക്കം വാക്കുകളിലായിരുന്നു. രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് എഡിഎം സംസാരിച്ചത്. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. യാത്രയയപ്പില്‍ ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചതെന്നും ജീവനക്കാരുടെ മൊഴിയിലുണ്ട്.
യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ടി.വി പ്രശാന്തന്റെ മൊഴിയെടുത്തു. കണ്ണൂർ ടൗൺ പൊലീസാണ് പ്രശാന്തന്റെ മൊഴിയെടുത്തത്. .പെട്രോൾ പമ്പിന് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു 91,500 രൂപ കൈക്കൂലി വാങ്ങിയെന്ന് നേരത്തെ ടി.വി പ്രശാന്തൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്തത്.ശ്രീകണ്ഠപുരം നെടുവാലൂരിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പെട്രോൾപമ്പ് തുടങ്ങാനാണ് പ്രശാന്തൻ അപേക്ഷ സമർപ്പിച്ചത്.
എൻഒസി ലഭിക്കാണമെങ്കിൽ കൈക്കൂലി നൽകണമെന്ന് നവീൻ ബാബു ആവശ്യപ്പെട്ടതായാണ് ആരോപണം. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജീവനക്കാരനാണ് പ്രശാന്തൻ. ഒരു ലക്ഷം രൂപ നവീൻ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താൻ കൊടുത്തെന്നാണ് പ്രശാന്തൻ പറഞ്ഞത്.. പണം തന്നില്ലെങ്കിൽ പമ്പിന് അനുമതി ലഭിക്കാത്ത തരത്തിൽ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംരംഭകൻ ആരോപിച്ചിരുന്നു. ക്വാട്ടേഴ്സിൽ വെച്ചാണ് പണം നൽകിയത്. ഇക്കാര്യം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയോട് പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു.