എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായി റിപ്പോർട്ട്.എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുൺ കെ വിജയൻ്റെ നീക്കം.എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കിയതായാണ് സൂചന.
അതേസമയം പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല. കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച വിവാദ യോഗത്തിൽ ദിവ്യ പങ്കെടുത്തതിന് പിന്നിൽ ജില്ലാ കളക്ടർക്കും പങ്കുണ്ടെന്നാണ് ആരോപണം.
സ്വകാര്യമായിരുന്ന യാത്രയയപ്പ് യോഗത്തിൽ ജില്ലാ കളക്ടറായിരുന്നു അധ്യക്ഷൻ. യോഗത്തിൽ ജനപ്രതിനിധികളെ ആരെയും ക്ഷണിച്ചിരുന്നില്ല. വൈകിട്ട് മൂന്ന് മണിക്ക് ഈ യോഗം നിശ്ചയിച്ചത് കളക്ടറുടെ കൂടി സൗകര്യം പരിഗണിച്ചാണ്. എന്നാൽ ഈ യോഗത്തെ കുറിച്ച് പിപി ദിവ്യയെ അറിയിച്ചതും ദിവ്യയ്ക്ക് യോഗത്തിൽ പങ്കെടുത്ത് എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കിയതും കളക്ടറാണെന്നാണ് ആരോപണം.
യാത്രയയപ്പ് യോഗം നടന്ന ദിവസം രാവിലെ 10 മണിക്ക് ദിവ്യയും എഡിഎമ്മും പങ്കെടുത്ത മറ്റൊരു യോഗം സിവിൽ സ്റ്റേഷനിലെ ആസൂത്രണ ഹാളിൽ നടന്നിരുന്നു. എന്നാൽ അവിടെ വച്ച് പിപി ദിവ്യ ആരോപണം ഉന്നയിച്ചിരുന്നില്ല. ശേഷം വൈകിട്ട് മൂന്ന് മണിക്കാണ് റവന്യൂ വകുപ്പ് സ്റ്റാഫ് കൗൺസിലിൻ്റെ യോഗം നടന്നത്. കളക്ട്രേറ്റിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയൊന്നും ഇതിലേക്ക് വിളിച്ചിരുന്നില്ല. ജില്ലാ പഞ്ചായത്ത് അധ്യക്ഷ ക്ഷണിക്കാതെ കയറിയപ്പോൾ യോഗാധ്യക്ഷനായിരുന്ന കളക്ടർ അരുൺ തടയുകയോ ഇത് ജീവനക്കാരുടെ പരിപാടിയാണെന്ന് പറയുകയോ ചെയ്തില്ല. ദിവ്യ ഹാളിലെത്തി എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കുമെന്നും ജില്ലാ കളക്ടർക്ക് നേരത്തെ അറിയാമായിരുന്നുവെന്ന സംശയം ബലപ്പെട്ടതും ഇതോടെയാണ്.