കൊച്ചി: അവയവദാനത്തിന് അനുമതി നൽകാൻ ആശുപത്രിതലത്തിൽ ഉടൻ ഓതറൈസേഷൻ കമ്മിറ്റികൾ രൂപവത്കരിക്കണമെന്ന് ഹൈക്കോടതി. നിലവിൽ അവയവമാറ്റ ശസ്ത്രക്രിയക്കുള്ള അപേക്ഷകൾ ജില്ലതല ഓതറൈസേഷൻ കമ്മിറ്റിയുടെ പരിഗണനക്ക് പോകേണ്ടിവരുന്നത് കാലതാമസത്തിനിടയാക്കുന്നത് വിലയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. വർഷത്തിൽ 25ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടക്കുന്ന ആശുപത്രികളിൽ ഓതറൈസേഷൻ കമ്മിറ്റി രൂപവത്കരിക്കാമെന്ന് അവയവദാനവുമായി ബന്ധപ്പെട്ട ചട്ടത്തിൽ വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിർദേശം.
രോഗിയും ദാതാവും തമ്മിൽ അടുത്ത ബന്ധമില്ലെന്ന കാരണത്താൽ ജില്ല, സംസ്ഥാനതല ഓതറൈസേഷൻ സമിതികൾ വൃക്കദാനത്തിനുള്ള അപേക്ഷ തള്ളിയതിനെതിരെ എറണാകുളം ഗോതുരുത്ത് സ്വദേശി നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹർരജിക്കാരന് വൃക്കദാനം ചെയ്യാൻ തയാറായത് തൃശൂർ ശാന്തിപുരം സ്വദേശിയായിരുന്നു. ഇരുവരും അപരിചിതരാണെന്നും അവയവദാനത്തിന് പിന്നിൽ സാമ്പത്തിക ഇടപാട് സംശയിക്കുന്നുണ്ടെന്നുമുള്ള പൊലീസ് റിപ്പോർട്ടടക്കം പരിഗണിച്ചാണ് ഓതറൈസേഷൻ കമ്മിറ്റികൾ അപേക്ഷ തള്ളിയത്.