ശിവഗിരി: സൂര്യതേജസ്സായ ശ്രീനാരായണഗുരുദേവൻ്റെ ചൂടും വെളിച്ചവും ഏറ്റുവാങ്ങി നിലാവ് ചൊരിയുന്ന ചന്ദ്രനാണ് മഹാകവി കുമാരനാശാനെന്ന് കവിയും ഐ . ജെ. ടി ഡയറക്ടറുമായ ഡോ: ഇന്ദ്ര ബാബു പറഞ്ഞു. ശിവഗിരിയിൽ മഹാകവികുമാരനാശാൻ ദേഹവിയോഗ ശതാബ്ദി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗുരുവിനെ ഒരു സന്ദർഭത്തിലും വേദനിപ്പിക്കാത്ത ഗൃഹസ്ഥ ശിഷ്യനാണ് കുമാരനാശാൻ. ഭൗതിക ജീവിതം നൈമിഷികവും ദുരന്ത സമ്മിശ്രം ആണെന്ന് ഗുരുവിൻറെ ഗൃഹസ്ഥ ശിഷ്യനായ കുമാരനാശാന് അറിയാമായിരുന്നു. ആത്മീയ ജീവിതം ഇതിനു വിരുദ്ധമാണെന്നും ആശാൻ മനസ്സിലാക്കിയിരുന്നു. ആത്മീയ ലോകത്തെ നിത്യമായ വെളിച്ചത്തെ ഭൗതിക ജീവിതത്തെ കൂടുതൽ സൗന്ദര്യം പ്രകാശപൂരിതവും ആക്കാൻ എങ്ങനെ പ്രയോഗിക്കാം എന്നാണ് ആശാൻ ചിന്തിച്ചത്. ഈ ചിന്തയുടെ പ്രതിഫലനമാണ് ആശാൻ കവിതയുടെ ആത്മാവെന്നും ഇന്ദ്ര ബാബു പറഞ്ഞു. ഏഴാം ഇന്ദ്രിയം കൊണ്ട് മാത്രം ഉൾക്കൊള്ളാൻ കഴിയുന്ന രചനകളാണ് ആശാന്റേത്. ഏകാന്തതയാകുന്ന വിഷത്തെ അമൃതമാ ക്കുകയും വെറും പാഴാകാശങ്ങളെ മലർവാടിയാക്കുകയും ചെയ്യുന്ന കലാ വിദ്യയാണ് കവിത എന്ന് ഏഴാം ഇന്ദ്രിയം എന്ന കവിതയിൽ ആശാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ഇന്ദ്രബാബു
പറഞ്ഞു.
ശതാബ്ദി സമ്മേളനം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ വെട്ടൂർ ശശി ,ഡോ: എം ജയരാജു, ഡോ: സനൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പങ്കെടുത്തവർ കവിതകൾ ആശാൻ കവിതകളും സ്വന്തം കവിതകളും അവതരിപ്പിച്ചു..