കെ സുരേന്ദ്രന് പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. സുരേന്ദ്രനോട് മത്സരിക്കാന്‍ ദേശീയ നേതൃത്വം ആവശ്യപ്പെട്ടുവെന്നാണ് വിവരം.
വിജയ സാധ്യതയുള്ള മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ മത്സരിക്കട്ടെ എന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട് മണ്ഡലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിര്‍ദ്ദേശം. നിലവിലെ സാഹചര്യം പ്രയോജനപ്പെടുത്താനാണ് നീക്കം. പ്രഖ്യാപനം വൈകാതെയുണ്ടാകും.
അതേസമയം, പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണം ആരംഭിച്ചു. രാഹുല്‍ മാങ്കൂട്ടത്തിന്റെ റോഡ് ഷോ പാലക്കാട് നഗരത്തെ ഇളക്കി മറിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുത്തത്. വിവാദങ്ങള്‍ക്ക് മറുപടിയായി യുഡിഎഫിന്റെ ശക്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്
ഇനി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുമെന്ന് പി സരിനും വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാര്‍ത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണെന്നും സരിന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെറുതെയിരിക്കാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല, ചേര്ന്നുനില്ക്കേണ്ടത് എവിടെയാണെന്ന കൃത്യമായ ബോധ്യം രൂപപ്പെട്ടുവരുന്നത് ഇടതുപക്ഷമെന്ന് പറയുന്നിടത്തേക്കാണെന്നാണ് മനസാക്ഷി പറയുന്നത്. കോണ്‍ഗ്രസിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും സരിന് വ്യക്തമാക്കി.