ജിഗാവ: നൈജീരിയയിലെ ജിഗാവ സംസ്ഥാനത്ത് പെട്രോൾ ടാങ്കർ മറിഞ്ഞതിനെ തുടർന്ന് ഇന്ധനം ശേഖരിക്കാൻ ജനങ്ങൾ തടിച്ചു കൂടിയതിനിടെ ടാങ്കർ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ കുട്ടികളടക്കം 140ലധികം പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി നാഷനൽ എമർജൻസി മാനേജ്‌മെന്റ് മേധാവി നൂറ അബ്ദുല്ലാഹി പറഞ്ഞു. 97 പേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. തിരിച്ചറിയാനാവാത്ത വിധം ഭൂരിപക്ഷം മൃതദേഹങ്ങളും സ്ഫോടനത്തിൽ ഛിന്നഭിന്നമായി. ജിഗാവ സംസ്ഥാനത്തെ മാജിയ ടൗണിൽ ബുധനാഴ്ച അർധരാത്രിയാണ് സംഭവം. ഡ്രൈവർക്ക് ടാങ്കറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് പൊലീസ് വക്താവ് ലവൻ ആദം പറഞ്ഞു. സ്ഫോടനത്തെ തുടർന്ന് തെരുവിൽ മൺകൂന രൂപപ്പെട്ടു.
മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോഴാണ് ടാങ്കർ മറിഞ്ഞത്. താമസക്കാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തി ഇന്ധനം ശേഖരിക്കാൻ തിടുക്കം കാട്ടിയതായും മുന്നറിയിപ്പുകൾ അവഗണിച്ചതായും അദ്ദേഹം പറഞ്ഞു. തലകീഴായി മറിഞ്ഞ വാഹനത്തിൽനിന്ന് പെട്രോൾ ശേഖരിക്കാനായി നിരവധി പേരാണ് എത്തിയത്. പൊലീസ് അപകട സാധ്യതയെകുറിച്ച് വിളിച്ചു പറഞ്ഞെങ്കിലും ജനങ്ങൾ ചെവികൊണ്ടില്ല. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.