ഗുരുവായൂർ ക്ഷേത്രത്തിൽ 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചത്.
പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തി. 200.53 ഗ്രാം തൂക്കമുള്ള കിരീടം പൂർണമായും ദുബായിലാണ് നിർമ്മിച്ചത്. രതീഷ് മോഹന് ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. ഇദ്ദേഹം കഴിഞ്ഞ ഒക്ടോബറിൽ ഗുരുവായൂരപ്പന് പൊന്നോടക്കുഴൽ സമർപ്പിച്ചിരുന്നു.