കോഴിക്കോട്: വെങ്ങളം – രാമനാട്ടുകര ദേശീയപാത 6 വരിയിൽ നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംക്ഷനിൽ 40 മീറ്റർ വെഹിക്കിൾ ഓവർ പാസ് നിർമിക്കാൻ അടുത്തയാഴ്ച ഗതാഗത ക്രമീകരണം നടപ്പാക്കും. ഇപ്പോൾ നടന്നുവരുന്ന പൈപ്പ് മാറ്റൽ പ്രവൃത്തി പൂർത്തിയാകുന്നതോടെ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി ഓവർപാസ് നിർമാണത്തിലേക്കു കടക്കാനാണ് കരാറുകാരുടെ തീരുമാനം. മലാപ്പറമ്പ് ജംക്ഷനിൽ കോഴിക്കോട്–വയനാട് റോഡിലാണ് ഓവർ പാസ് നിർമിക്കുന്നത്. വെങ്ങളം–രാമനാട്ടുകര ബൈപാസ് ഓവർ പാസിന്റെ 22 അടി താഴ്ചയിലൂടെ കടന്നുപോകും.
ജംക്ഷനിൽ വേണ്ടത്ര സ്ഥലസൗകര്യം ഉള്ളതിനാൽ മിക്ക ക്രമീകരണങ്ങളും വാഹനങ്ങൾ മലാപ്പറമ്പ് ജംക്ഷനിൽ എത്തി തിരിച്ചുവിടുന്ന രീതിയിലാണ്. ഓവർ പാസിന്റെ നിർമാണം നടക്കുന്ന സ്ഥലം മാത്രം അടച്ചിട്ട് ബാക്കി സ്ഥലം ഗതാഗതത്തിനു വിനിയോഗിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. മലാപ്പറമ്പിലെ പ്രവൃത്തിയുടെ മുന്നോടിയായി വേദവ്യാസ സ്കൂളിന് അടുത്ത അടിപ്പാത കഴിഞ്ഞദിവസം തുറന്നു. ഇതോടെ കരിക്കാംകുളം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്കു കടക്കാതെ മലാപ്പറമ്പിലേക്കു പോകാൻ സാധിക്കും. 600 എംഎം വരുന്ന പൈപ്പ് 350 മീറ്ററിലാണ് മാറ്റിക്കൊണ്ടിരിക്കുന്നത്.
വെങ്ങളം–രാമനാട്ടുകര പ്രവൃത്തി79% പൂർത്തിയായി. അവശേഷിച്ചിരുന്ന പാലങ്ങളിൽ അറപ്പുഴ പാലം നിർമാണത്തിന്റെ ഭാഗമായ ഗർഡർ സ്ഥാപിക്കൽ പൂർത്തിയായി. ഇവിടെനിന്ന് യന്ത്രോപകരണങ്ങൾ കോരപ്പുഴ പാലത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. കോരപ്പുഴ പാലം പ്രവൃത്തിയും അവസാനഘട്ടത്തിലാണ്. ഗർഡർ എടുത്തുവയ്ക്കൽ മാത്രമാണ് അവശേഷിക്കുന്നത്. കോരപ്പുഴ പാലത്തിൽ ഒന്നര മാസത്തെ പ്രവൃത്തിയാണ് കണക്കാക്കുന്നത്. ഹൈലൈറ്റ് മാളിന് അടുത്ത മേൽപാലം അതിവേഗം പൂർത്തിയായി വരികയാണ്. നവംബർ 10ന് അകം തുറക്കാനാകുമെന്നാണ് പ്രതീക്ഷ