ആറാട്ടുപുഴയിലും തൃക്കുന്നപ്പുഴയിലും കടലാക്രമണം രൂക്ഷം. അപ്രതീക്ഷിതമായി ഉണ്ടായ കള്ളക്കടൽ പ്രതിഭാസമാണ് വലിയ നാശം വിതച്ചത്. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് മണ്ണിനടിയിലായി. വലിയഴീക്കൽ – തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ റോഡ് ഉപരോധിച്ചു.
പാനൂർ വാട്ടർ ടാങ്ക് ജംഗ്ഷനിലാണ് റോഡ് ഉപരോധിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ കാർത്തികപ്പള്ളി തഹസിൽദാർ പി. സജീവ് കുമാർ സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു.തുടർന്ന് കടലാക്രമണ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ എം.എൽ.എയുടെ നേതൃത്വത്തിൽ രണ്ടാഴ്ചക്കുള്ളിൽ പാനൂർ വരവുകാട് മദ്രസ ഹാളിൽ വെച്ച് യോഗം ചേരുന്നതിന് ക്രമീകരണം ഏർപ്പെടുത്തുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.